
തൃശൂർ: നേതൃത്വത്തിന് നേരെ വീണ്ടും ഒളിയമ്പുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. തന്നെ ഊര് വിലക്കാന്‍ നട്ടെല്ലുള്ള ഒരു രാഷ്ട്രീയക്കാരന്നും കേരളത്തിലില്ല എന്നായിരുന്നു ശോഭ സുരേന്ദ്രന്‍റെ വാക്കുകള്‍. എഐ ക്യാമറാ പദ്ധതിയിലെ തട്ടിപ്പുകൾ മനസിലാക്കി ആദ്യം തന്നെ പിന്മാറിയ ലൈറ്റ് മാസ്റ്റർ ലൈറ്റിങ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ചെയർമാൻ ജെയിംസ് പാലമുറ്റം അടക്കമുള്ളവർ ഭീഷണി നേരിടുന്നതായും ശോഭാ സുരേന്ദ്രൻ വെളിപ്പെടുത്തി. ജെയിംസ് പാലമുറ്റം തന്നെ വന്നു കണ്ടിരുന്നു. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട മാഫിയ സംഘം പല വ്യവസായികളെയും ഭീഷണിപ്പെടുത്തുകയാണ്. ഇക്കാര്യങ്ങൾ മനസിലാക്കി ദേശീയ ഏജൻസികൾ ഇടപെടണമെന്നും ശോഭ തൃശൂരിൽ പറഞ്ഞു.
എ ഐ ക്യാമറയിൽ വലിയ ഗൂഡാലോചന നടത്തി. പിണറായിയുടെ വീട്ടിലേക്ക് കോടികൾ കൊണ്ടുപോകാനുള്ള ശ്രമമാണ് നടന്നത്. രാജ്യത്തോടുള്ള ഉത്തരവാദിത്തം ഇഡി ഉൾപ്പടെയുള്ളവർ നിറവേറ്റണം. ജനങ്ങൾക്ക് വേണ്ടി ദേശീയ ഏജൻസി പ്രവർത്തിക്കണം. വീണയ്ക്കും വിവേകിനും വിവേകിന്റെ അമ്മായപ്പനും പിണറായിയുടെ ഭാര്യക്കും മാത്രം കേരളത്തിൽ ജീവിച്ചാൽ പോരാ എന്നും ശോഭ സുരേന്ദ്രൻ രൂക്ഷഭാഷയിൽ വിമർശിച്ചു.
'വയസ്സുകാലത്ത് ഉള്ള പരാധീനതകളുമായി വീട്ടിലിരിക്കുന്നതാണ് നല്ലത്. കാലം കുറേ മുന്നോട്ട് പോയി. മോർച്ചറിയിൽ നിങ്ങളൊരുപാട് പേരെ ആക്കിയിട്ടുണ്ട്. എന്നാൽ അതിനുള്ള ആവത് ഇപ്പോൾ ജയരാജനില്ല.' ലീഗിന്റെ കുത്തക പാട്ടം എങ്ങനെയാ ജയരാജൻ ഏറ്റെടുക്കുന്നതെന്നും ശോഭ സുരേന്ദ്രൻ ചോദിച്ചു. പി ജയരാജന്റെ പ്രകോപന പ്രസ്താവനയിലായിരുന്നു ശോഭ സുരേന്ദ്രന്‍റെ പ്രതികരണം.
എന്നെ ഊര് വിലക്കാൻ നട്ടല്ലുള്ള ഒരു രാഷ്ട്രീയക്കാരനും കേരളത്തിലില്ല.
'എന്നെ ഊര് വിലക്കാൻ നട്ടല്ലുള്ള ഒരു രാഷ്ട്രീയക്കാരനും കേരളത്തിലില്ല. ഒരു ഗതിയില്ലാതെ ജീവിതം തുടങ്ങി ഇവിടെ വരെയെത്തിയെങ്കിൽ ഒരു ഊരുവിലക്കും ബാധിക്കില്ല. എനിക്കെതിരെ പരാതി കൊടുക്കാൻ ഫ്ലൈറ്റ് ടിക്കറ്റെടുത്ത് പോകേണ്ട കാര്യമുണ്ടോ സുരേന്ദ്രന്? ഒരു മെയിലയച്ചാൽ പോരേ?' ശോഭ സുരേന്ദ്രൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam