മത്സരിക്കാനില്ലെന്ന് ശോഭാ സുരേന്ദ്രൻ, താനൊന്നും അറിഞ്ഞില്ലെന്ന് കെ സുരേന്ദ്രൻ

Published : Feb 18, 2021, 12:32 PM IST
മത്സരിക്കാനില്ലെന്ന് ശോഭാ സുരേന്ദ്രൻ, താനൊന്നും അറിഞ്ഞില്ലെന്ന് കെ സുരേന്ദ്രൻ

Synopsis

''ഞാൻ സീറ്റ് കിട്ടാൻ വേണ്ടിയാണ് പിഎസ്‍സി സമരപ്പന്തലിലേക്ക് വന്നതെന്ന് ചിലർ പറയുന്നത് കേട്ടു. എന്നാൽ ഈ തെരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കാനില്ലെന്ന് മാസങ്ങൾക്ക് മുമ്പേ സംസ്ഥാനനേതൃത്വത്തെ അറിയിച്ചതാണ്'', എന്ന് ശോഭാ സുരേന്ദ്രൻ.

തിരുവനന്തപുരം/ കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാതെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ. താൻ സീറ്റ് കിട്ടാൻ വേണ്ടിയാണ് പിഎസ്‍സി സമരപ്പന്തലിലേക്ക് വന്നതെന്ന് ചിലർ പറയുന്നുണ്ട്. എന്നാൽ താൻ മത്സരിക്കാനില്ലെന്ന് മാസങ്ങൾക്ക് മുമ്പേ കേന്ദ്ര, സംസ്ഥാനനേതൃത്വങ്ങളെ അറിയിച്ചതാണെന്ന് ശോഭാ സുരേന്ദ്രൻ പറഞ്ഞു. എന്നാൽ ശോഭ മത്സരിക്കുന്നില്ലെന്ന കാര്യം താനറിഞ്ഞില്ലെന്നാണ് കെ സുരേന്ദ്രൻ പറയുന്നത്. 

''ഞാൻ സീറ്റ് കിട്ടാൻ വേണ്ടിയാണ് പിഎസ്‍സി സമരപ്പന്തലിലേക്ക് വന്നതെന്ന് ചിലർ പറയുന്നത് കേട്ടു. എന്നാൽ ഈ തെരഞ്ഞെടുപ്പിൽ ഞാൻ മത്സരിക്കാനില്ലെന്ന് മാസങ്ങൾക്ക് മുമ്പേ സംസ്ഥാനനേതൃത്വത്തെ അറിയിച്ചതാണ്. ഇനി ഞാനേത് മണ്ഡലത്തിലാണ് മത്സരിക്കുന്നത്. എവിടെ മത്സരിക്കാനാണ് താത്പര്യം എന്ന തരത്തിലുള്ള അഭ്യൂഹങ്ങളുടെയൊന്നും ആവശ്യമില്ലല്ലോ'', എന്നാണ് ശോഭാ സുരേന്ദ്രൻ പറയുന്നത്. 

എന്നാൽ ശോഭാ സുരേന്ദ്രൻ മത്സരിക്കുന്നില്ലെന്ന വിവരം താനറഞ്ഞില്ലെന്നാണ് ബിജെപി സംസ്ഥാനാധ്യക്ഷൻ കെ സുരേന്ദ്രൻ പറയുന്നത്. എല്ലാ തീരുമാനങ്ങളും എടുക്കേണ്ടത് കേന്ദ്രനേതൃത്വമാണെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കുന്നു. ''അവർ എന്താണ് പറഞ്ഞതെന്ന് നിങ്ങൾ പറഞ്ഞതേ എനിക്കറിയൂ. അതിന്‍റെ അടിസ്ഥാനത്തിൽ ഞ‌ാൻ പ്രതികരിക്കേണ്ടതില്ല. എന്താണ് അവർ പറഞ്ഞതെന്ന് നോക്കാം. തൽക്കാലം പാർട്ടിയ്ക്ക് അകത്തെ കാര്യങ്ങളിൽ ഞാൻ പരസ്യപ്രതികരണങ്ങൾക്കില്ല. മത്സരിക്കുന്ന കാര്യങ്ങളെല്ലാം തീരുമാനിക്കുന്നത് കേന്ദ്രനേതൃത്വമാണ്'', എന്ന് കെ സുരേന്ദ്രൻ പറയുന്നു.

ബിജെപി സംസ്ഥാന നേതൃത്വത്തെ വെട്ടിലാക്കി നിയമനപ്രശ്നത്തിൽ സ്വന്തം നിലക്കുള്ള ഉപവാസ സമരവുമായി ശോഭാ സുരേന്ദ്രൻ പിഎസ്‍സി സമരപ്പന്തലിന് മുന്നിലെത്തിയികുന്നു. സെക്രട്ടറിയേറ്റിന് മുന്നിലെ 48 മണിക്കൂർ ഉപവാസസമരത്തിൽ പാർട്ടി കൊടിയോ ചിഹ്നമോ ഒന്നുമില്ല. ജില്ലയിലെ പാർട്ടി പ്രവർത്തകർ പിന്തുണയുമായെത്തിയപ്പോൾ നേതാക്കളാരും ഐക്യദാർഢ്യവുമായെത്തിയതുമില്ല. 

പ്രകടനങ്ങൾക്കും വാർത്താസമ്മേളനത്തിനും അപ്പുറം നിയമനപ്രശ്നത്തിൽ സംസ്ഥാനനേതാക്കൾ ഉപവാസം അടക്കം നടത്തി നേരിട്ടിറങ്ങണമെന്ന  അഭിപ്രായം പാർട്ടിക്കുള്ളിൽ സജീവമാണ്. കെ സുരേന്ദ്രനാകട്ടെ വിജയ് യാത്രയുടെ ഒരുക്കങ്ങളിലാണ്. അതിനിടെയാണ് സംസ്ഥാന പ്രസിഡണ്ടുമായി ഔദ്യോഗിക ചർച്ച നടത്താതെയുള്ള ശോഭയുടെ ഒറ്റയാൾ സമരം. പക്ഷെ സമരത്തിനിറങ്ങും മുമ്പ് പി കെ കൃഷ്ണദാസ് പക്ഷവുമായി ശോഭ സംസാരിച്ചിരുന്നു. ശോഭയുടെ സമരത്തെ ഔദ്യോഗിക വിഭാഗത്തിന് തള്ളാനുമാകില്ല. കോർകമ്മിറ്റിയിലെ സ്ഥാനം അടക്കം ശോഭ ആവശ്യപ്പെട്ട പദവികളിൽ ഇനിയും തീരുമാനമായിട്ടില്ല. ഒറ്റയാൻ സമരം നടത്തിയ ശോഭ. മത്സരിക്കുന്നില്ലെന്ന് കൂടി വ്യക്തമാക്കുമ്പോൾ ഇനി വിജയ് യാത്രയിൽ പങ്കെടുക്കുമോ എന്നാണ് അറിയേണ്ടത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കേരളത്തിലെ ജനങ്ങള്‍ക്ക് നന്ദി, കൂട്ടായ പ്രവര്‍ത്തനത്തിന്‍റെ വിജയമെന്ന് അടൂര്‍ പ്രകാശ്; സര്‍ക്കാരിനെതിരായ വിധിയെഴുത്തെന്ന് സണ്ണി ജോസഫ്
ഒരേ വാർഡ്; ജയിച്ചതും തോറ്റതും മരുതൂർ വിജയൻ; കരകുളം പഞ്ചായത്തിലെ മരുതൂർ വാർഡ് ഇക്കുറിയും ഇടതിനൊപ്പം