'55 കുട്ടികൾക്ക് 15 കോടി ഉടൻ നൽകണം', കണ്ണൂര്‍ മെഡി. കോളേജിനോട് കടുപ്പിച്ച് കോടതി

By Web TeamFirst Published Feb 18, 2021, 12:08 PM IST
Highlights

തിരിച്ച് നൽകേണ്ട ഫീസ് സംബന്ധിച്ച് തർക്കം നിലനിൽക്കുന്ന തൊണ്ണൂറോളം വിദ്യാർത്ഥികളുടെ കാര്യത്തിൽ 9 മാസത്തിനുള്ളിൽ ഫീസ് നിർണയ സമിതി തീരുമാനം എടുക്കണം. 

ദില്ലി: പ്രവേശനം റദ്ദാക്കപ്പെട്ട 150 കുട്ടികൾക്ക് ഇരട്ടി ഫീസ് തിരിച്ചുനൽകിയില്ലെങ്കിൽ അടുത്ത അദ്ധ്യയന വര്‍ഷവും കണ്ണൂര്‍ മെഡിക്കൽ കോളേജിന് അംഗീകാരം നൽകില്ലെന്ന് സുപ്രീംകോടതി. 55 കുട്ടികൾക്ക് 15 കോടി രൂപ നൽകാനും 25 കോടി രൂപ സര്‍ക്കാരിൽ കെട്ടിവെക്കാനും കോടതി ഉത്തരവിട്ടു.

അനധികൃതമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2016-2017 വര്‍ഷത്തെ കണ്ണൂര്‍ മെഡിക്കൽ കോളേജിലെ പ്രവേശനം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. വിദ്യാര്‍ത്ഥികൾക്ക് ഇരട്ടി ഫീസ് തിരിച്ചുനൽകാനും ഉത്തരവിട്ടു. ഇത് നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജിയിലാണ് പുതിയ ഉത്തരവ്. 15 കുട്ടികളിൽ 55 കുട്ടികൾക്ക് 15 കോടി 72 ലക്ഷം രൂപ നൽകണം. ബാക്കിയുള്ള 90 കുട്ടികൾക്ക് എത്ര ഫീസ് നൽകണം എന്നത് ഫീസ് നിര്‍ണയ സമിതി തീരുമാനിക്കും. അവര്‍ക്കായാണ് 25 കോടി രൂപ സര്‍ക്കാരിൽ കെട്ടിവെക്കേണ്ടത്. 

ഈ രണ്ട് നിര്‍ദ്ദേശങ്ങളും അംഗീകരിച്ചാൽ മാത്രമെ കണ്ണൂര്‍ മെഡിക്കൽ കോളേജിന് അടുത്ത അദ്ധ്യയന വര്‍ഷം പ്രവേശനത്തിന് അനുമതി നൽകൂവെന്ന് സുപ്രീംകോടതി വ്യക്തമാക്കി. സര്‍ക്കാരും വിദ്യാര്‍ത്ഥികളും നൽകിയ ഹര്‍ജികൾ അംഗീകരിച്ചാണ് സുപ്രീംകോടതി ഉത്തരവ്. കുട്ടികളുടെ ഭാവി കണക്കിലെടുത്ത് പ്രവേശനം റദ്ദാക്കരുതെന്നാണ് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. അതിനായി സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനൻസും കോടതി റദ്ദാക്കിയിരുന്നു.

click me!