
കൊച്ചി: കൊച്ചിയില്‍ എംഡിഎംഎയുമായി പിടിയിലായ ഇന്‍സ്റ്റഗ്രാം ഇന്‍ഫ്ലുവന്‍സര്‍ റിന്‍സി മുംതാസ്, സിനിമാ മേഖലയിലെ ഡ്രഗ് ലേഡിയെന്ന് പൊലീസ്. സിനിമാ പ്രമോഷന്‍ പരിപാടികളുടെ മറവില്‍, താരങ്ങള്‍ക്കുള്‍പ്പെടെ ലഹരി എത്തിച്ചു നല്‍കലായിരുന്നു റിൻസിയുടെ ജോലി. ഷൂട്ടിംഗ് ലൊക്കേഷനുകളിലും വന്‍തോതില്‍ ലഹരി ഒഴുക്കിയതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ലഹരി ഇടപാടുകാരുമായി റിന്‍സി നടത്തിയ ചാറ്റുകളും പുറത്തുവന്നു.
യൂട്യൂബിലും ഇന്‍സ്റ്റഗ്രാമിലും താരമാണ് കോഴിക്കോട് ഫറൂഖ് സ്വദേശിനി റിന്‍സി മുംതാസ്. മലയാള സിനിമയിലെ യുവ താരങ്ങള്‍ക്കിടയില്‍ സുപരിചിത. അടുത്ത കാലത്തിറങ്ങിയ പല ചിത്രങ്ങളുടെയും പ്രമോഷനും, മറ്റ് പ്രചാരണ പരിപാടികളും ഏറ്റെടുത്ത് നടത്തിയിരുന്നു. ഇതെല്ലാമാണ് റിന്‍സിയെ കുറിച്ച് പുറത്തറിയുന്നത്, എന്നാല്‍ സിനിമക്കുള്ളില്‍ സജീവമായി ലഹരി ഇടപാട് നടത്തുന്ന റിന്‍സി യുവതാരങ്ങള്‍ക്കടക്കം ഡ്രഗ് ലേഡിയാണ്. സെറ്റുകളിലും പ്രമോഷന്‍ പരിപാടികളിലും റിന്‍സിയുണ്ടെങ്കില്‍ അവിടെ രാസലഹരിയൊഴുകമെന്നാണ് പറച്ചില്‍.
എംഡിഎംഎ മാത്രമല്ല വിലകൂടിയ കൊക്കെയിനും റിന്‍സി കൈകാര്യം ചെയ്തിരുന്നു. പത്ത് ലക്ഷം ലഹരി ഇടപാടിനായി റിന്‍സി മുടക്കിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. റിന്‍സിയുടെ സഹായിയായി പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു അറസ്റ്റിലായ യാസര്‍ അറാഫത്ത്. ലഹരി എത്തിച്ചു നല്‍കിയതും വേണ്ടവര്‍ക്ക് കൈമാറുന്നതുമെല്ലാം യാസറായിരുന്നു. സിനിമാ പി.ആര്‍ കമ്പനിയായ ഒബ്സ്ക്യൂറ എന്‍റര്‍ടെയിന്‍മെന്റിന്‍റെ ഭാഗമായിരുന്നു റിന്‍സി. ലഹരിക്കേസില്‍ അറസ്ററ്റിലായതോടെ റിന്‍സിയെ ഒബ്ക്യൂറ തള്ളിപ്പറഞ്ഞു.
പിടിയിലായ റിന്‍സിയെ കുറിച്ചുള്ള വിവരങ്ങള്‍ തേടുന്നതിനിടെയാണ് വയനാട്ടിലെ ഡാന്‍സാഫ് സംഘം വയനാട് സ്വദേശിയുമായി റിന്‍സി നടത്തിയ ചാറ്റുകളുടെ വിവരങ്ങള്‍ പുറത്തുവിട്ടത്. നേരത്തെ അറസ്റ്റിലായ വയനാട് സ്വദേശിയും റിന്‍സിയുടെ അടുത്ത ഇടപാടുകാരനായിരുന്നു.
യാസര്‍ അറാഫത്ത് ബെംഗളൂരുവില്‍ നിന്നാണ് റിന്‍സിക്ക് ലഹരി എത്തിച്ച് നല്‍കിയതെന്നാണ് വിവരം, ഒടുവില്‍ പിടികൂടിയപ്പോളും ലഹരി മരുന്ന് ഉപയോഗിച്ചതിന്‍റെ ആലസ്യത്തിലായിരുന്നു പ്രതികളെന്നും പൊലീസ് വ്യക്തമാക്കുന്നു. റിമാന്‍ഡിലുള്ള പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണത്തിനുള്ള നീക്കത്തിലാണ് പൊലീസ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam