
ആലപ്പുഴ: സംസ്ഥാനത്ത് ഹോട്ടൽ ഭക്ഷണത്തിന് വിലകൂടിയെന്ന് വ്യാജ പ്രചാരണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ അറിയിച്ചു. ചായക്ക്14 രൂപയും കാപ്പി 15 രൂപയും ബ്രൂ കാപ്പിക്ക് 30 രൂപയും പൊറോട്ടക്ക് 15 രൂപയുമെന്നാണ് പ്രചരിക്കുന്നത്. അസോസിയേഷന്റെ പേരും മുദ്രയും വെച്ചാണ് വിലവിവരപ്പട്ടിക പ്രചരിക്കുന്നത്. എന്നാൽ, പ്രചരിക്കുന്ന വ്യാജ പട്ടികയാണെന്നും അസോസിയേഷൻ അറിഞ്ഞിട്ടില്ലെന്നും ഭാരവാഹികൾ അറിയിച്ചു. വില കൂട്ടലും പട്ടിക തയ്യാറാക്കലും അസോസിയേഷന്റെ ചുമതലയല്ലെന്ന് ഭാരവാഹികൾ പറഞ്ഞു.
ഭക്ഷണവില കൂട്ടിയെന്നും പറഞ്ഞ് സാമൂഹികമാധ്യമങ്ങളിൽ അധിക്ഷേപം നിറഞ്ഞതോടെയാണ് അസോസിയേഷൻ മറുപടിയുമായി രംഗത്തെത്തിയത്. വിഭവങ്ങളുടെ വില നിശ്ചയിക്കാനുള്ള അധികാരം അതത് ഹോട്ടലുടമകൾക്കാണെന്ന് കോടതി ഉത്തരവുള്ളതായി അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.
സൗകര്യം, നികുതി, വാടക തുടങ്ങി വിവിധ ഘടകങ്ങൾ കണക്കിലെടുത്താണ് ഹോട്ടലുകൾ വില നിശ്ചയിക്കുന്നത്. ഇക്കാര്യത്തിൽ സംഘടന ഇടപെടാറില്ലെന്നും സംഘടനയുടെ പേരും മുദ്രയുംവെച്ച് വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാൻ പാടില്ലെന്നും ഭാരവാഹികൾ പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam