ലോക കേരളസഭ: കഴിച്ച ഭക്ഷണം തിരിച്ചെടുക്കാനാവില്ലല്ലോ, പണം തിരികെ നല്‍കാമെന്ന് സോഹന്‍ റോയ്

Published : Feb 18, 2020, 05:43 PM IST
ലോക കേരളസഭ: കഴിച്ച ഭക്ഷണം തിരിച്ചെടുക്കാനാവില്ലല്ലോ, പണം തിരികെ നല്‍കാമെന്ന് സോഹന്‍ റോയ്

Synopsis

 "കഴിച്ചതിനി തിരിച്ചെടുക്കാൻ നിർവ്വാഹമില്ലാത്തതു കൊണ്ട് ജനങ്ങൾക്ക് ഞാൻ വരുത്തിയ നഷ്ടം നികത്തുന്നതിലേക്കായി രണ്ടായിരത്തി അഞ്ഞൂറു രൂപ സർക്കാരിലേക്ക് തിരിച്ചടയ്ക്കാൻ ആഗ്രഹിക്കുന്നു. തിരിച്ചു വാങ്ങാൻ വകുപ്പില്ലെങ്കിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകുന്നതായിരിയ്ക്കും''-

തിരുവനന്തപുരം: രണ്ടാം ലോക കേരള സഭയിലെ പ്രതിനിധികളുടെ ഭക്ഷണ, താമസ ചെലവുകണക്കുകളിലെ ധൂര്‍ത്തിനെക്കുറിച്ച് വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ താന്‍ കഴിച്ച ഭക്ഷണത്തിന്‍റെ പണം തിരികെ നല്‍കാന്‍ തയ്യാറാണെന്ന് ഏരീസ് ഗ്രൂപ്പ് മേധാവി സോഹന്‍ റോയ്. ആരോ സ്പോൺസർ ചെയ്ത ഭക്ഷണമെന്നാണു കരുതിയത്. അഞ്ഞൂറു രൂപയ്ക്കു താഴെ അതു നൽകാൻ കഴിയുന്ന നിരവധി കാറ്ററിംഗ് കമ്പനികൾ കേരളത്തിലുണ്ട്. ആയിരക്കണക്കിനു രൂപ ചിലവു വരുമെന്നറിഞ്ഞിരുന്നെങ്കിൽ തീർച്ചയായും വേണ്ടെന്നു വയ്ക്കുമായിരുന്നുവെന്ന് സോഹന്‍ റോയ് ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.

''ഇത്തവണത്തെ ലോക കേരള സഭയ്ക്ക് പ്രത്യേക ക്ഷണിതാവായി എത്തിയപ്പോൾ സർക്കാരിനു സാമ്പത്തിക ബുദ്ധിമുട്ടുണ്ടാക്കണ്ട എന്നു കരുതി മറ്റു അതിഥികൾക്കു നൽകിയ ഫൈവ് സ്റ്റാർ താമസ സൗകര്യം പോലും സ്നേഹപൂർവ്വം നിരസിച്ചിരുന്നു. ആദ്യ ദിവസം രാത്രിയിൽ നിയമസഭാ മന്ദിരത്തിനകത്തു വച്ചു നടന്ന ഒത്തുചേരൽ വളരെ വൈകിയതു കൊണ്ട് അവിടെ തന്ന ഭക്ഷണം കഴിച്ചു. ആരോ സ്പോൺസർ ചെയ്ത ഭക്ഷണമെന്നാണു കരുതിയത്. 

അല്ലെങ്കിൽ തന്നെ അഞ്ഞൂറു രൂപയ്ക്കു താഴെ അതു നൽകാൻ കഴിയുന്ന നിരവധി കാറ്ററിംഗ് കമ്പനികൾ കേരളത്തിലുണ്ട്. ആയിരക്കണക്കിനു രൂപ ചിലവു വരുമെന്നറിഞ്ഞിരുന്നെങ്കിൽ തീർച്ചയായും വേണ്ടെന്നു വയ്ക്കുമായിരുന്നു. കഴിച്ചതിനി തിരിച്ചെടുക്കാൻ നിർവ്വാഹമില്ലാത്തതു കൊണ്ട് ജനങ്ങൾക്ക് ഞാൻ വരുത്തിയ നഷ്ടം നികത്തുന്നതിലേക്കായി രണ്ടായിരത്തി അഞ്ഞൂറു രൂപ സർക്കാരിലേക്ക് തിരിച്ചടയ്ക്കാൻ ആഗ്രഹിക്കുന്നു. തിരിച്ചു വാങ്ങാൻ വകുപ്പില്ലെങ്കിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയായി നൽകുന്നതായിരിയ്ക്കും''- സോഹന്‍ റോയ് ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

Read More: ലോക കേരള സഭ: ഭക്ഷണ ബില്ല് മാത്രം അരക്കോടി, ഒരാളുടെ ഉച്ചയൂണിന് വില 1900 രൂപയും നികുതിയും 

രണ്ടാം ലോക കേരള സഭയ്ക്കു വേണ്ടി അവസാന നിമിഷം കോവളം റാവിസ് ഗ്രൂപ്പിന് കൈമാറിയ ഭക്ഷണ കരാറിന് മാത്രം അര കോടിയിലേറെ രൂപയാണ് ചെലവായത്. സമ്മേളനത്തിന് ചില പ്രതിനിധികള്‍ നേരത്തെ എത്തിയെന്നും ചിലര്‍ വൈകി മാത്രമേ മടങ്ങിയുള്ളുവെന്നും ഹോട്ടല്‍ ബില്ലുകള്‍ വ്യക്തമാക്കുന്നു. ജനുവരി 1,2,3 തീയതികളിലാണ് രണ്ടാം ലോക കേരള സഭ സമ്മേളനം നടന്നത്. ഭരണപക്ഷത്ത് നിന്നുള്ള നിയമസഭ, ലോകസഭ അംഗങ്ങള്‍ക്ക് പുറമേ 178 പ്രവാസി പ്രതിനിധികളാണ് പങ്കെടുത്തത്. 

ഭക്ഷണം എത്ര പേര്‍ക്ക് കരുതണം, എത്ര അളവ് വേണം എന്നതില്‍ അന്തിമ തീരുമാനം ആകാത്തതിനാല്‍ ഇവന്‍റ് മാനേജ്മെന്‍റ് ഏജന്‍സി തന്നെ ഇക്കാര്യം തീരുമാനിക്കട്ടെ എന്നായിരുന്നു ഡിസംബര്‍ 20ന് ചേര്‍ന്ന് ഉന്നതാധികാര സമിതി തീരുമാനിച്ചത്. 

എന്നാല്‍, അവര്‍ അസൗകര്യം അറിയിച്ചതോടെ അവസാനനിമിഷം കോവളം രാവിസ് ഹോട്ടലിനെ ഭക്ഷ വിതരണ ചുമതല ഏല്‍പിച്ചു. ഭക്ഷണ ബില്ലിലെ തുക കൂടുതലാണെന്ന് സമിതി കഴിഞ്ഞ മാസം 28ന് വിലയിരുത്തിയിരുന്നു. തുടര്‍ന്ന് ഹോട്ടലധികൃതരുമായി ചര്‍ച്ച നടത്തി ഓരോ നേരത്തേയും ഭക്ഷണത്തിനുള്ള തുകയും എണ്ണവും നിജപ്പെടുത്തി അന്തിമ ബില്ല് തയ്യാറാക്കി. ഇതനുസരിച്ച് 59,82,600 രൂപയാണ് ഭക്ഷണ ബില്ലായി അംഗീകരിച്ചത്.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ജോസ് കെ മാണിയെ വേണ്ടെന്ന് കോട്ടയം ഡിസിസി പ്രസിഡന്‍റ്; പരുന്തിന് മുകളിലെ കുരുവി ജോസ് കെ മാണിയും കൂട്ടരുമെന്ന് മോൻസ് ജോസഫ്
'ജമാഅതെ ഇസ്ലാമി തീവ്രവാദ സംഘടന, അവരുടെ ഭീഷണി അധികകാലം നിലനിൽക്കില്ല'; വിമർശനവുമായി എളമരം കരീം