
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രാഫിക് നിയന്ത്രണം സ്വകാര്യവത്കരിക്കാൻ ആഭ്യന്തരവകുപ്പ് നീക്കം നടത്തുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളത്തിലെ റോഡുകളിൽ നടക്കുന്ന ട്രാഫിക് ലംഘനങ്ങൾ കണ്ടുപിടിക്കാനും അതിൽ ജനങ്ങളിൽ നിന്ന് പിഴയീടാക്കാനും ഒരു സ്വകാര്യ കമ്പനിക്ക് അനുവാദം നൽകുന്ന വിചിത്ര പദ്ധതി സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ തയ്യാറാകുന്നതായി ചെന്നിത്തല വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. 180 കോടി രൂപയുടെ ഇൻ്റഗ്രേറ്റഡ് ഡിജിറ്റൽ ട്രാഫിക് എൻഫോഴ്സ്മെന്‍റ് പദ്ധതിയിലാണ് അഴിമതിക്ക് അരങ്ങൊരുങ്ങന്നതെന്നാണ് ചെന്നിത്തലയുടെ ആരോപണം.
സംസ്ഥാനത്തൊട്ടാകെ പൊലീസിന്‍റെ എല്ലാ കേന്ദ്രങ്ങളിലും ആരംഭിക്കാൻ വേണ്ടി പദ്ധതിയിട്ടിരിക്കുന്ന ഈ നടപടി കാരണം ഒരു സ്വകാര്യ കമ്പനിക്ക് വൻ തോതിൽ ലാഭമുണ്ടാകാൻ പോകുകയാണെന്ന് ചെന്നിത്തല പറയുന്നു. പദ്ധതിയനുസരിച്ച് സംസ്ഥാനത്തൊട്ടാകെ സ്വകാര്യ കമ്പനി 350 സ്പീഡ് ലിമിറ്റ് വയലേഷൻ ക്യാമറകളും, 30 റെഡ് ലൈറ്റ് വയലേഷൻ ക്യാമറകളും, 100 ഹെൽമെറ്റ് ആബ്സൻസ് ഡിറ്റെക്ഷൻ ക്യാമറകളും സ്ഥാപിക്കും. ഇവർ തന്നെ ട്രാഫിക് കുറ്റങ്ങൾ കണ്ട് പിടിച്ച് പൊലീസിനെ ഏൽപ്പിക്കും പൊലീസ് പിഴ ചുമത്തുന്നതാണ് പദ്ധതി.
ഇങ്ങനെ ചുമത്തുന്ന പിഴ തുകയുടെ 90 ശതമാനവും മെയിന്‍റൻസ് ചാർജ്ജായും, സർവ്വീസ് ചാർജ്ജായും സ്വകാര്യ കമ്പനിക്ക് നൽകും 10 ശതമാനം മാത്രമാണ് സർക്കാരിന് ലഭിക്കുകയെന്ന് ചെന്നിത്തല പറയുന്നു. ഇതിനുള്ള പദ്ധതി ഡിജിപിയുടെ നേതൃത്വത്തിൽ പൂർത്തിയാക്കി ടെൻഡർ നടപടി ആരംഭിക്കാൻ പോകുകയാണെന്ന് പറഞ്ഞ പ്രതിപക്ഷ നേതാവ് ഡിജിപിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്നത് കാരണം തൽക്കാലം ഇതിൽ ഒപ്പ് വയ്ക്കാതെ മാറ്റി വച്ചിരിക്കുകയാണെന്ന് അവകാശപ്പെട്ടു.
രണ്ട് കമ്പനികളാണ് ടെൻഡർ നടപടികളിൽ പങ്കെടുക്കാനെത്തിയത് സിഡ്കോയും കെൽട്രോണും, സിഡ്കോയെ പൂർണ്ണമായും ഒഴിവാക്കി കെൽട്രോണുമായി ചേർന്ന് സ്വകാര്യ കമ്പനിക്ക് കരാർ നൽകാൻ ശ്രമിക്കുന്നുവെന്നാണ് ചെന്നിത്തല പറയുന്നത്. ഈ മാസം പൊലീസ് ആസ്ഥാനത്ത് കൂടിയ പ്രി ബിഡ് ആൻഡ് ടെക്നിക്കൽ ഇവാല്യവേഷൻ കമ്മിറ്റിയാണ് പദ്ധതിക്ക് അനുമതി നൽകിയതെന്ന് ചെന്നിത്തല ആരോപിച്ചു. പത്ത് വർത്തേക്കാണ് നടത്തിപ്പ് ചുമതല കമ്പനിക്ക് ലഭിക്കുക.
കെൽട്രോൺ വഴി മീഡിയട്രോണിക്സ് എന്ന സ്വകാര്യ കമ്പനിക്ക് പദ്ധതി നൽകാനാണ് നീക്കമെന്ന് ചെന്നിത്തല പറയുന്നു. സിഡ്കോ കിട്ടുന്ന തുകയുടെ 40 ശതമാനം സർക്കാരിന് നൽകാമെന്ന് വ്യവസ്ഥ വച്ചിട്ടും മീഡിയട്രോണിക്സിനായി ഈ നിർദ്ദേശം തള്ളി കെൽട്രോണിനെ തെരഞ്ഞെടുക്കുകയായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് പറയുന്നു.
മീഡിയട്രോണിക്സിന് പിന്നിൽ ഗാലക്സോൺ എന്ന വിവാദ കമ്പനി തന്നെയാണെന്നും ചെന്നിത്തല ആരോപിച്ചു. ഇത്രയും വലിയ പദ്ധതി നടപ്പാക്കാനുള്ള കെൽപ്പ് മീഡിയട്രോണിക്സ് എന്ന സ്ഥാപനത്തിനെല്ലെന്നും ഗാലക്സോണിന് ലാഭമുണ്ടാക്കാൻ മീഡിയട്രോണിക്സിനെ മറയാക്കുന്നുവെന്നുമാണ് ചെന്നിത്തലയുടെ ആരോപണം. പദ്ധതി അനുമതി അന്തിമഘട്ടത്തിലാണെന്നും പ്രതിപക്ഷനേതാവ് കൂട്ടിച്ചേർത്തു.
ഇതുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും പൊലീസ് ആസ്ഥാനത്തുണ്ടെന്നും. ഡിജിപി ഒപ്പ് വയ്ക്കുന്നതൊഴികെയുള്ള എല്ലാ നടപടിക്രമങ്ങളും പൂർത്തിയായി കഴിഞ്ഞുവെന്നും പറഞ്ഞ പ്രതിപക്ഷ നേതാവ് സ്വകാര്യ കമ്പനിക്ക് വേണ്ടി പൊലീസ് ക്വട്ടേഷൻ പണി ചെയ്യുകയാണെന്ന് ആരോപിച്ചു.
കമ്പനിക്ക് പിരിച്ചെടുക്കാൻ കഴിയാത്ത തുക പൊലീസ് സ്റ്റേഷൻ വഴി പിരിച്ചെടുക്കാൻ ആണ് തീരുമാനമെന്ന് കൂടി കൂട്ടിച്ചേർത്ത് രമേശ് ചെന്നിത്തല കേരള പൊലീസിനെ സ്വകാര്യ വത്കരിക്കാനുള്ള ശ്രമങ്ങളാണോ നടക്കുന്നത് എന്ന് സംശയം പ്രകടിപ്പിച്ചു. പദ്ധതി നടപ്പാക്കുകയാണെങ്കിൽ മുഖ്യമന്ത്രി ഭാവിയിൽ ജനങ്ങളോട് ഉത്തരം പറയേണ്ടി വരുമെന്ന് ചെന്നിത്തല കൂട്ടിച്ചേർത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam