
കോഴിക്കോട്: മണ്ണിനടിയിൽ നിന്ന് ചെളിയും മണലും വെള്ളവും ഒഴുകി വരുന്ന സോയിൽ പൈപ്പിംഗ് പ്രതിഭാസം രൂക്ഷമായ സാഹചര്യത്തിൽ കോഴിക്കോട് കാരശ്ശേരിയിൽ നിന്ന് കൂടുംബങ്ങളെ മാറ്റിപ്പാർപ്പിക്കാൻ തുടങ്ങി. കാരശ്ശേരി- കൊടിയത്തൂർ പഞ്ചായത്തുകളുടെ അതിർത്തി പങ്കിടുന്ന പൈക്കാടൻ മലയുടെ താഴ്‍വരയിൽ താമസിക്കുന്ന 10 കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചത്.
തോട്ടുമുക്കം സെന്റ് തോമസ് ഹൈസ്കൂളിലെ ക്യാമ്പിലേക്കാണ് ഇവരെ മാറ്റിപ്പാർപ്പിച്ചത്. മൈസൂർപറ്റയിലുള്ള രണ്ട് കുടുംബത്തെയും തോട്ടുമുക്കം ചീരാം കുന്ന് ഭാഗത്തുള്ള എട്ട് കുടുംബങ്ങളെയുമാണ് മാറ്റിയത്. കോഴിക്കോട് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതും കനത്ത മഴയ്ക്ക് സാധ്യത ഉണ്ടെന്നുള്ള മുന്നറിയിപ്പും വന്ന സാഹചര്യത്തിലാണ് കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചത്.
നേരത്തെ കാരശ്ശേരി പഞ്ചായത്തിലെ തോട്ടക്കാട് പൈക്കാടൻ മലയിൽ സ്ഥിതി ചെയ്യുന്ന തോട്ടുമുക്കം സ്വദേശി ബാലകൃഷ്ണന്‍റെ കൃഷിസ്ഥലത്ത് സോയിൽ പൈപ്പിംഗ് പ്രതിഭാസം കണ്ടെത്തിയിരുന്നു. കഴിഞ്ഞ പ്രളയത്തിൽ ഉരുൾപൊട്ടലുണ്ടായ സ്ഥലമായതിനാൽ ഭീതിയിലാണ് ഇവിടുത്തെ നാട്ടുകാർ. സോയില്‍ പൈപ്പിംഗ് പ്രതിഭാസം കണ്ടെത്തിയതിനാല്‍ പ്രദേശത്ത് കൂടുതൽ പരിശോധനകൾ ആവശ്യമാണെന്നും വലിയ തോതിൽ മണ്ണിടിച്ചിലിന് സാധ്യത ഉണ്ടാക്കുന്ന പ്രതിഭാസമായതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സെന്‍റർ ഫോർ എർത്ത് സ്റ്റഡീസിലെ ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം, സോയിൽ പൈപ്പിംഗ് പ്രതിഭാസം ഉണ്ടായ മുക്കം കാരശ്ശേരി പഞ്ചായത്തിലെ തോട്ടക്കാട് പൈക്കാടൻ മലയിൽ മൈനർ ഇറിഗേഷൻ ഉദ്യോഗസ്ഥർ പരിശോധന നടത്തി. കളക്ടറുടെ നിർദ്ദേശത്തെ തുടർന്നായിരുന്നു പരിശോധന. മൈനിങ് ആൻഡ് ജിയോളജി ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam