Solar case: സോളാർ പീഡനക്കേസ്; ക്ലിഫ് ഹൗസിൽ അഞ്ചര മണിക്കൂർ തെളിവെടുപ്പ് നടത്തി സിബിഐ

Published : May 03, 2022, 05:58 PM ISTUpdated : May 03, 2022, 10:00 PM IST
Solar case: സോളാർ പീഡനക്കേസ്; ക്ലിഫ് ഹൗസിൽ അഞ്ചര മണിക്കൂർ തെളിവെടുപ്പ് നടത്തി സിബിഐ

Synopsis

 മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ ലൈഗിംക പീഡന കേസിലാണ് സിബിഐ സംഘം ക്ലിഫ് ഹൗസിൽ തെളിവെടുപ്പ് നടത്തിയത്. പരാതിക്കാരിക്കൊപ്പം അഞ്ചര മണിക്കൂ‍ർ ക്ലിഫ് ഹൗസിലും പരിസരത്തും തെളിവെടുപ്പ് നടത്തി. 

തിരുവനന്തപുരം: സോളാർ പീഡനക്കേസുമായി ബന്ധപ്പെട്ട് ക്ലിഫ് ഹൗസിൽ  (Cliff House) 5.30 മണിക്കൂർ തെളിവെടുപ്പ് നടത്തി സിബിഐ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ (Oommen Chandy) ലൈഗിംക പീഡന കേസിലാണ് സിബിഐ സംഘം ക്ലിഫ് ഹൗസിൽ തെളിവെടുപ്പ് നടത്തിയത്. പരാതിക്കാരിക്കൊപ്പം അഞ്ചര മണിക്കൂ‍ർ ക്ലിഫ് ഹൗസിലും പരിസരത്തും തെളിവെടുപ്പ് നടത്തി. 

നാടകീയമായിട്ടായിരുന്നു സിബിഐയുടെ നീക്കം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ തെളിവെടുിപ്പിന് അനുമതി ആവശ്യപ്പെട്ട് സിബിഐ കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിക്ക് കത്ത് നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഇന്ന് രാവിലെ പത്ത് മുതൽ പരിശോധനയ്ക്ക് പൊതുഭരണവകുപ്പ് അനുമതി നല്‍കിയത്. ആദ്യമായാണ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് തെളിവെടുപ്പിനായി ഒരു കേന്ദ്ര ഏജൻസി എത്തുന്നത്. അതും ഒരു പീഡന പരാതിയിൽ. സിബിഐ എത്തിയതിന് പിന്നാലെ ഒരു ഓട്ടോറിക്ഷയിൽ പരാതിക്കാരിയും ക്ലിഫ് ഹൗസിലെത്തി.   2012 ഓഗസ്റ്റ് പത്തൊൻപതിന് ക്ലിഫ് ഹൗസിലെത്തിയപ്പോള്‍ ടൈനിംഗ് ഹാളിന് സമീപത്തെ അതിഥികളെ സ്വീകരിക്കുന്ന മുറിയിൽ വച്ച് ഉമ്മൻചാണ്ടി പീ‍ഢിപ്പിച്ചുവെന്നാണ് പരാതിക്കാരിയുടെ മൊഴി.

സോളാ‍ർ തട്ടിപ്പ് കേസിലെ പ്രതി കൂടിയായ പരാതിക്കാരിയുടെ മുൻ ഭർത്താവ് പറഞ്ഞ ചില കാര്യങ്ങള്‍ അറിയിക്കാനായി വിളിച്ചു വരുത്തിയ ശേഷം മുൻ മുഖ്യമന്ത്രി പീഡിപ്പിച്ചുവെന്നാണ് മൊഴി. വീട്ടിനുള്ളിലും പരിസരത്തും പരിശോധിച്ച് സിബിഐ മഹസ്സർ തയ്യാറാക്കി. പരാതിക്കാരിയുടെയും സാക്ഷികളുടെയും മൊഴി അനുസരിച്ചാണ് സ്ഥല മഹസ്സർ തയ്യാറാക്കിയത്. ഉമ്മൻചാണ്ടി പീഡിപ്പിച്ചുവെന്ന പറയുന്ന മുറി ഇപ്പോള്‍  ജീവനക്കാർ താമസിക്കുന്ന മുറിയാണ്. ഉമ്മൻ ചാണ്ടിക്കെതിരായ പരാതിയിൽ കഴമ്പില്ലെന്നും തെളിവുകള്‍ കണ്ടെത്താനായില്ലെന്നുമായിരുന്നു കേസ് ആദ്യം അന്വേഷിച്ച ക്രൈംബ്രാഞ്ചിന്‍റെ റിപ്പോർട്ട്. എന്നാൽ ഇപ്പോള്‍ കേസ് അന്വേഷിക്കുന്ന സിബിഐ ഈ കേസിൽ മുന്നോട്ടുപോവുകയാണ്. 

നാല് വ‍ർഷം ക്രൈംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസ് കഴിഞ്ഞ നിയമസഭ തെരെഞ്ഞെടുപ്പിന് മുമ്പാണ് ഒന്നാം പിണറായി സർക്കാർ സബിഐക്ക് കൈമാറിയത്. ഉമ്മൻചാണ്ടി, കെ സി വേണുഗോപാൽ, ഉൾപ്പെടെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും ബിജെപി നേതാവ് അബ്ദുള്ള കുട്ടിക്കുമെതിരെ ആറ് പീഡനക്കേസുകളാണ് സിബിഐ അന്വേഷിക്കുന്നത്. 16 പേർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ടാണ് പരാതിക്കാരി സ‍ർക്കാരിന് സമീപിച്ചിരുന്നത്. മറ്റ് പത്ത് പേർക്കെതിരെ കൂടി അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചതായി പരാക്കാരി പറയുന്നു.

മൊഴിയിൽ പറയുന്ന മറ്റ് മന്ത്രി മന്ദിരങ്ങള്‍ അഥിതി മന്ദിരങ്ങള്‍ എന്നിവർക്കെതിരെ തെളിവ് ശേഖരിക്കാനായി സബിഐ അനുമതി ചോദിച്ചിട്ടുണ്ട്. ഹൈബി ഈഡനെതിരായ കേസിൽ എംഎൽഎ ഹോസ്റ്റലിൽ തെളിവെടുപ്പ് നടത്തിയ സിബിഐ സംഘം അബ്ദുള്ള കുട്ടിക്കെതിരായ പരാതിയിൽ മാസ്ക്കറ്റ് ഹോട്ടലിലും തെളിവെടുപ്പ് നടത്തി. ക്ലിഫ് ഹൗസ് തെളിവെടുപ്പിൽ രാഷ്ട്രീയ നേതൃത്വങ്ങള്‍ പ്രതികരിച്ചിട്ടില്ല.

PREV
Read more Articles on
click me!

Recommended Stories

ദിലീപിനെ കുറ്റവിമുക്തനാക്കിയ വിധി; 'അമ്മ', ഓഫീസിൽ അടിയന്തര എക്സിക്യൂട്ടീവ് യോഗം; വിധിയിൽ സന്തോഷമുണ്ടെന്ന് ലക്ഷ്മി പ്രിയ
പ്രചരണം കഴിഞ്ഞ് വീട്ടിലെത്തിയ യുഡിഎഫ് സ്ഥാനാർത്ഥി കുഴഞ്ഞുവീണ് മരിച്ചു