സോളാർ കേസ് സുപ്രീംകോടതിയിൽ; സമയബന്ധിതമായി അന്വേഷണം നടത്തണമെന്നാവശ്യം

By Web TeamFirst Published Mar 15, 2019, 9:09 PM IST
Highlights

സമയബന്ധിതമായി അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കേസിലെ ഇരയാണ് പരാതി നൽകിയിരിക്കുന്നത്. 

ദില്ലി: സോളാർ കേസ് അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി. കേസിലെ പ്രതിയാണ് അന്വേഷണം പെട്ടെന്ന് പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട് ഹർജി നൽകിയിരിക്കുന്നത്. 

ആഭ്യന്തരസെക്രട്ടറിയെ എതിർകക്ഷിയാക്കിയാണ് ഹർജി നൽകിയിരിക്കുന്നത്. മുതിർന്ന അഭിഭാഷകനായ അമർജിത് സിംഗ് ബേദിയാണ് ഹർജിക്കാരിക്ക് വേണ്ടി ഹാജരാകുക. 

സോളാർ കേസിൽ വീണ്ടും മൂന്ന് എംഎൽഎമാർക്കെതിരെ ലൈംഗികപീഡനാരോപണം വന്ന സാഹചര്യത്തിൽക്കൂടിയാണ് പരാതിക്കാരി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. 

സോളാർ കേസിൽ ഉമ്മൻചാണ്ടിക്കും, വേണുഗോപാലിനുമെതിരെ കേസെടുത്തുവെങ്കിലും കാര്യമായി തെളിവുകള്‍ ലഭിക്കാത്തിനാൽ പ്രത്യേക സംഘത്തിന് അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനായിട്ടില്ല. മാത്രമല്ല തെരെഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള സ്ഥലംമാറ്റത്തോടെ സോളാർ പ്രത്യേക സംഘത്തിലെ ഉദ്യോഗസ്ഥർ മറ്റ് പല ചുമതലകളിലേക്ക് മാറി. ഇതോടെ അന്വേഷണ സംഘം തന്നെ ഇല്ലാതായ അവസ്ഥയിലാണ്. 

കോണ്‍ഗ്രസ് എംഎൽഎമാരായ  ഹൈബി ഈഡൻ, അടൂർ പ്രകാശ്, എ.പി.അനിൽകുമാ‍ർ എന്നിവർക്കെതിരെ ലൈംഗികപീഡനത്തിന് ക്രൈംബ്രാഞ്ച് കേസെടുത്തു. സോളാർ വ്യവസായം തുടങ്ങാൻ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്ത് ശാരീരികമായി ഉപദ്രവിച്ചുവെന്ന സ്ത്രീയുടെ പരാതിയിലാണ് കേസ്. 

ഹൈബി ഈഡനെതിരെ ബലാൽസംഗത്തിനാണ് കേസ്. അടൂർ പ്രകാശിനും, എ.പി.അനിൽകുമാറിനുമെതിരെ സ്ത്രീത്വത്തെ അപമാനിക്കൽ, പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഇവർ നൽകിയ പരാതിയിൽ ഉമ്മൻ ചാണ്ടിക്കും, കെ സി വേണുഗോപാലിനുമെതിരെ ബലാൽസംഗത്തിന് നേരത്തെ കേസെടുത്തിരുന്നു.

മറ്റ് നേതാക്കള്‍ക്കെതിരെ കേടെുക്കാൻ കഴിയുമോയെന്ന് ക്രൈം ബ്രാഞ്ച് അന്നുതന്നെ നിയമപദേശം ചോദിച്ചിരുന്നു. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനും മറ്റ് ചില അഭിഭാഷകരും കേസെടുക്കാമെന്ന് നൽകിയ നിയമോപദേശം നൽകിയതിന്‍റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കേസെടുത്തെതന്നാണ് ഉന്നത പൊലീസ് വൃത്തങ്ങള്‍ വ്യക്തമാകുന്നത്. 

എംഎൽഎമാർ‍ക്കെതിരായ എഫ്ഐആർ കൊച്ചിയിലെ ജനപ്രതിനിധികളുടെ കേസ് പരിഗണിക്കുന്ന കോടതിയിൽ ക്രൈം ബ്രാഞ്ച് നൽകി. വിവിധ പാ‍ർലമെൻ് മണ്ഡലങ്ങളിൽ പരിഗണിക്കുന്ന എംഎൽഎമാ‍ർക്കെതിരെ സ്ത്രീ പീഡനത്തിന് കേസെടുത്തത് കോണ്‍ഗ്രസിന് മറ്റൊരു തല വേദനയാകും. തെരഞ്ഞടുപ്പിൽ എതിർപക്ഷം വിഷയം ഉന്നയിക്കും എന്നതിന് പുറമേ സ്ഥാനാർത്ഥികള്‍ സ്വന്തം പേരിലുള്ള കേസുകള്‍ മാധ്യമങ്ങള്‍ വഴി പ്രസിദ്ധപ്പെടുത്തണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദ്ദേശവും തിരിച്ചടിയാകും. ഇതിനിടെയാണ് അന്വേഷണം വേഗം തീർക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി.

click me!