സോളാർ കേസ്: വീരവാദം മുഴക്കി അധികാരത്തിലേറിയ ഇടത് സർക്കാർ ഒന്നും ചെയ്തില്ല

By Web TeamFirst Published Oct 21, 2020, 10:00 AM IST
Highlights

ഉമ്മൻചാണ്ടി ഇടപെട്ടെന്ന് പരാതിക്കാരൻ കോടതിയിൽ രഹസ്യമൊഴി നൽകിയ കേസിൽ പോലും ഈ സർക്കാർ ആത്മാർത്ഥത കാട്ടിയില്ല

തിരുവനന്തപുരം: സോളാർ തട്ടിപ്പ് കേസിലെ തുടർ നടപടികളിൽ വീരവാദം മുഴക്കിയ ഇടത് സർക്കാർ നാലു വർഷമായിട്ടും ഒന്നും ചെയ്തില്ല. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉൾപ്പെട്ട മല്ലേലിൽ ശ്രീധരൻ നായരുടെ കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ വെക്കണമെന്ന ആവശ്യം പോലും പിണറായി സർക്കാർ അംഗീകരിച്ചില്ല. ജുഡീഷ്യൽ കമ്മീഷൻ റിപ്പോ‍ർട്ടിൽ ഉമ്മൻചാണ്ടിക്കെതിരെ വിജിലൻസ് അന്വേഷണം നടത്തുമെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനവും പാഴായി.

ഉമ്മൻചാണ്ടിയുടെ രാജിക്കായി ഇടതുപക്ഷം അന്ന് വളഞ്ഞ സെക്രട്ടറിയേറ്റിലിപ്പോൾ ഭരണത്തിൽ പിണറായി. പക്ഷെ ഉമ്മൻചാണ്ടി ഇടപെട്ടെന്ന് പരാതിക്കാരൻ കോടതിയിൽ രഹസ്യമൊഴി നൽകിയ കേസിൽ പോലും ഈ സർക്കാർ ആത്മാർത്ഥത കാട്ടിയില്ല. സോളാർ തട്ടിപ്പിലെ 33 കേസിൽ ഏറ്റവും വിവാദമായതാണ് ഉമ്മൻചാണ്ടി ഉൾപ്പെട്ട മല്ലേലിൽ ശ്രീധരൻ നായരുടെ കേസ്. ഉമ്മൻചാണ്ടിയുടെ ഉറപ്പിൽ സോളാർ പാടത്തിനായി സരിതക്ക് 40 ലക്ഷം കൊടുത്തുവെന്നായിരുന്നു പത്തനംതിട്ടയിലെ വ്യവസായി ശ്രീധരൻ നായരുടെ പരാതി. സെക്രട്ടറിയേറ്റിൽ സരിതക്കൊപ്പം ഉമ്മൻചാണ്ടിയെ ചെന്ന് കണ്ടെന്ന മൊഴി രാഷ്ട്രീയ കേരളത്തെ ശരിക്കും പിടിച്ചുകുലുക്കി.

ഉമ്മൻചാണ്ടിയുടെ പിഎ ആയിരുന്ന ജോപ്പനെ അറസ്റ്റ് ചെയ്തതും ഈ കേസിലായിരുന്നു. പക്ഷെ എഡിജിപി ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സഘം നൽകിയ കുറ്റപത്രത്തിൽ പ്രതി സ്ഥാനത്ത് ഉമ്മൻചാണ്ടിയില്ലായിരുന്നു. സ്പെഷ്യൽ പ്രോസിക്യൂട്ടറെ വെക്കണമെന്നാവശ്യപ്പെട്ട് ശ്രീധരൻ നായർ കേസിലെ വിചാരണയിൽ സ്റ്റേ നേടി. പ്രത്യേക അന്വേഷണ സംഘത്തെ വിമർശിച്ച് സോളാർ കേസ് അന്വേഷിച്ച ജസ്റ്റിസ് ശിവരാജൻ കമ്മീഷൻ റിപ്പോർട്ട് നൽകിയപ്പോൾ എന്തെങ്കിലും നടക്കുമെന്ന് എല്ലാവരും കരുതി. എന്നാൽ സോളാറിലെ പിണറായിയുടെ ശരിയാക്കൽ പ്രഖ്യാപനത്തിലൊതുങ്ങി. ഉമ്മൻചാണ്ടി സർക്കാറെന്നപോലെ പിണറായി സർക്കാറും സ്പെഷ്യൽ പ്രോസിക്യൂട്ടർ എന്ന ശ്രീധരൻനായരുടെ ആവശ്യത്തോട് മുഖം തിരിച്ചു. ഉമ്മൻചാണ്ടിക്കെതിരായ കേസിൽ പുനരന്വേഷണം വേണമെന്ന് ശ്രീധരൻനായർ പിണറായിയോട് ആവശ്യപ്പെട്ടെങ്കിലും അതും ഉണ്ടായില്ല. സർക്കാർ മാറിയിട്ടും കാര്യമില്ലെന്ന് തിരിച്ചറിഞ്ഞെ ശ്രീധരൻനായർ പക്ഷെ ഇപ്പോൾ പ്രതികരണത്തിനില്ല. സോളാർ ആഞ്ഞ് കത്തിച്ച് ഭരണത്തിലേറിയ ഇടത് സർക്കാർ കേസുകളെല്ലാം മറന്ന മട്ടായി.

click me!