
കൊച്ചി: ഡിബിഎഫ്ഒഒ കരാറുകൾ റദ്ദാക്കിയതിനെത്തുടർന്നുണ്ടായ സാമ്പത്തിക നഷ്ടവും ഉത്തരവാദിത്തവും സംബന്ധിച്ച് സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം നടത്തണമെന്ന് ഡൊമെസ്റ്റിക് ഓൺ ഗ്രീഡ് സോളാർ പവർ പ്രൊസ്യൂമേഴ്സ് ഫോറം കേരള ഘടകം ആവശ്യപ്പെട്ടു. ഹൈക്കോടതിയിൽ പരിഗണനയിലുള്ള ഹർജിയിൽ അസോസിയേഷൻ പ്രസിഡന്‍റ് എം. അബ്‍ദുൽ സത്താർ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഈ ആവശ്യങ്ങൾ ഉന്നയിച്ചിരിക്കുന്നത്. ഉൽപ്പാദനം, പ്രസരണം, വിതരണം എന്നീ മേഖലകളിലെ ഘടനാപരമായ പരിഷ്കാരങ്ങൾക്കും വൈദ്യുതി വാങ്ങൽ കരാറുകളിലെ സുതാര്യതയ്ക്കും ഊന്നൽ നൽകുന്നതാണ് സത്യവാങ്മൂലം.
കരാർ റദ്ദാക്കിയതിനെത്തുടർന്ന് ഉയർന്ന നിരക്കിൽ വൈദ്യുതി വാങ്ങേണ്ടിവന്നത് വഴി സംസ്ഥാനത്തിന് കോടികളുടെ നഷ്ടമുണ്ടായതായി ഹർജിക്കാർ ചൂണ്ടിക്കാട്ടുന്നു. കരാർ പ്രകാരം യൂണിറ്റിന് 3.69 മുതൽ 4.69 രൂപ വരെയായിരുന്ന നിരക്കിനു പകരം ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങേണ്ടി വന്നതും, 25 വർഷത്തേക്ക് കണക്കാക്കിയാൽ ഏകദേശം 5,926.75 കോടിയുടെ രൂപ നഷ്ടം വരാമെന്ന ഹൈക്കോടതി വിധിയിലെ കണക്കുകളും സത്യവാങ്മൂലത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൽക്കരി വിഹിതവുമായി ബന്ധപ്പെട്ട കാര്യങ്ങളും കരാറിനുശേഷമുള്ള ഉൽപ്പാദക കമ്പനികളുടെ വിപണി ഇടപാടുകളും സമഗ്രമായി അന്വേഷിക്കണമെന്നും ആവശ്യപ്പെടുന്നു.
കെഎസ്ഇബി റെഗുലേറ്ററി കമ്മീഷൻ ടെക്നിക്കൽ അംഗത്തിന്‍റെ നിയമനത്തിൽ ഗുരുതരമായ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നും, നിയമനത്തിനെതിരെ മുൻപ് മുന്നറിയിപ്പുകൾ ഉണ്ടായിരുന്നതായും സത്യവാങ്മൂലത്തിൽ ആരോപിക്കുന്നുണ്ട്. മേൽക്കൂര സോളാർ ഉൽപ്പാദനത്തെ നിരുത്സാഹപ്പെടുത്തുന്ന റെഗുലേറ്ററി നടപടികൾ തിരുത്തണമെന്നും, വ്യവസായ-എംഎസ്എംഇ (MSME) മേഖലകളെ ബാധിക്കുന്ന വൈദ്യുതി മുടക്കങ്ങൾ ഒഴിവാക്കാൻ ദീർഘകാല ആസൂത്രണം വേണമെന്നും ഫോറം ആവശ്യപ്പെടുന്നു. വിഷയത്തിൽ സർക്കാരിന്‍റെ ഭാഗത്തുനിന്ന് സമഗ്രമായ അന്വേഷണവും സിബിഐ അന്വേഷണം ഉൾപ്പെടെയുള്ള നടപടികളും ഉണ്ടാകണമെന്നാണ് സംഘടനയുടെ മുഖ്യ ആവശ്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam