ദില്ലിയിലും കേരളത്തിലും രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും വ്യത്യസ്ത നിലപാടുകളാണെന്ന് ബിജെപി നേതാവ് രാജീവ് ചന്ദ്രശേഖർ ആരോപിച്ചു. കേരളത്തിൽ ജമാഅത്തെ ഇസ്ലാമി, മുസ്ലീം ലീഗ് എന്നിവരുമായി സഖ്യമുണ്ടാക്കുന്ന കോൺഗ്രസ് ഭരണഘടനാ വിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും കോൺഗ്രസ് പാർട്ടിക്കും ദില്ലിയിലും കേരളത്തിലും വ്യത്യസ്ത നിലപാടുകളെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ദില്ലിയിൽ രാഹുൽ ഗാന്ധി ഭരണഘടനയെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും മതേതരത്വത്തെക്കുറിച്ചും സ്ത്രീകളുടെയും യുവാക്കളുടെയും അവകാശങ്ങളെക്കുറിച്ചും വാതോരാതെ സംസാരിക്കുന്നു. അതേസമയം, കേരളത്തിൽ അദ്ദേഹത്തിന്റെ കോൺഗ്രസ് പാർട്ടിയുടെ അവസ്ഥ മറ്റൊന്നാണ്.
കേരളത്തിൽ അദ്ദേഹവും കോൺഗ്രസും ഭരണഘടനയെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും സംസാരിക്കുമ്പോൾ തന്നെ ഭരണഘടനയ്ക്കെതിരായ നിലപാട് പുലർത്തുന്ന, മതേതരത്വത്തിന് തീർത്തും വിരുദ്ധമായതും ബംഗ്ലാദേശിലുണ്ടായ അരാജകത്വത്തിന് പിന്നിൽ പ്രവർത്തിച്ചതുമായ ജമാഅത്തെ ഇസ്ലാമിയുമായി പരസ്യ രാഷ്ട്രീയ സഖ്യത്തിലാണ്. തങ്ങളുടെ ഏക ലക്ഷ്യം 'മതം, മതം, മതം' മാത്രമാണെന്ന് പരസ്യമായി പ്രഖ്യാപിച്ചിട്ടുള്ളവരാണ് രാഹുൽ ഗാന്ധിയുടെ രാഷ്ട്രീയ സഖ്യകക്ഷിയായ ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിലെ മന്ത്രിമാർ എന്നത് മറക്കരുത്.
ദില്ലിയിൽ അദ്ദേഹം ഇന്ത്യയിലെ യുവാക്കളുടെ ഭാവിയെക്കുറിച്ച് സംസാരിക്കുന്നു. എന്നാൽ കേരളത്തിൽ, ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗിന്റെ സമ്മർദ്ദത്തിന് വഴങ്ങി പാവപ്പെട്ട കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകാൻ ലക്ഷ്യമിട്ടുള്ള പിഎം ശ്രീ പദ്ധതി നടപ്പാക്കാൻ കോൺഗ്രസ് വിസമ്മതിക്കുന്നു. മറ്റെല്ലായിടങ്ങളിലും അദ്ദേഹം ഭരണഘടനയെക്കുറിച്ചും മൗലികാവകാശങ്ങളെക്കുറിച്ചും സംസാരിക്കുന്നു. എന്നാൽ കേരളത്തിൽ സ്ത്രീകളുടെ അവകാശങ്ങൾ വെട്ടിക്കുറയ്ക്കാനും അവരെ വീടുകൾക്കുള്ളിൽ ഒതുക്കിനിർത്താനും ആഗ്രഹിക്കുന്നവരുമായാണ് രാഹുലിന്റെ രാഷ്ട്രീയ സഖ്യം. ഇക്കാര്യത്തിൽ രാഹുൽ ഗാന്ധി ഒരക്ഷരം പോലും മിണ്ടുന്നില്ല.
രാഹുൽ ഗാന്ധി ഭരണഘടനയെക്കുറിച്ച് വാചാലമാകുമ്പോൾത്തന്നെ ഭരണഘടനാ വിരുദ്ധമായ മുസ്ലീം സംവരണത്തെ കേരളത്തിലെ കോൺഗ്രസ് പിന്തുണയ്ക്കുന്നു. അതായത് ദില്ലിയിൽ അദ്ദേഹം ഒരു ഭാഷ സംസാരിക്കുന്നു, കേരളത്തിൽ അദ്ദേഹത്തിന്റെ പാർട്ടി പ്രവർത്തിക്കുന്നത് തികച്ചും വ്യത്യസ്തമായ രീതിയിലാണ്. ഇതിനെ വഞ്ചനാപരമായ രാഷ്ട്രീയം എന്നല്ലാതെ പിന്നെ എന്താണ് വിളിക്കുക? രാഹുൽ ഗാന്ധിയുടെയും കോൺഗ്രസിന്റെയും രാഷ്ട്രീയ വഞ്ചനയും അഴിമതി നിറഞ്ഞ കോൺഗ്രസിന്റെ യഥാർത്ഥ മുഖവും ഇതിലൂടെ പുറത്തു വന്നിരിക്കുകയാണെന്നും രാജീവ് ചന്ദ്രശേഖർ പ്രസ്താവനയിൽ പറഞ്ഞു.






