സോളാര്‍ പീഡനക്കേസ് വീണ്ടും സജീവമാകുന്നു; പരാതിക്കാരിയുടെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായി

By Web TeamFirst Published Nov 1, 2020, 1:15 AM IST
Highlights

ജോസ് കെ മാണിക്കെതിരെ സര്‍ക്കാര്‍ കേസെടുക്കാത്തതിന്റെ കാരണം തനിക്കറിയില്ലെന്ന് മൊഴി നല്‍കാന്‍ കൊല്ലം കമ്മിഷണര്‍ ഓഫിസില്‍ എത്തിയ പരാതിക്കാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കൊല്ലം: സ്വര്‍ണക്കടത്തു കേസിലും ലഹരിക്കടത്തു കേസിലും സര്‍ക്കാരും സിപിഎമ്മും പ്രതിരോധത്തിലായിരിക്കെ, സോളാര്‍ പീഡന കേസുകള്‍ വീണ്ടും സജീവമാക്കി പൊലീസ്. ഉമ്മന്‍ചാണ്ടിയടക്കം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരായ പീഡന കേസില്‍ പരാതിക്കാരിയുടെ മൊഴിയെടുപ്പ് ശനിയാഴ്ച പൊലീസ് പൂര്‍ത്തിയാക്കി. ജോസ് കെ മാണിക്കെതിരെ സര്‍ക്കാര്‍ കേസെടുക്കാത്തതിന്റെ കാരണം തനിക്കറിയില്ലെന്ന് മൊഴി നല്‍കാന്‍ കൊല്ലം കമ്മിഷണര്‍ ഓഫിസില്‍ എത്തിയ പരാതിക്കാരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

2017ല്‍ ഉമ്മന്‍ചാണ്ടിയടക്കം കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സോളാര്‍ സംരംഭക നല്‍കിയ പീഡന പരാതികള്‍ക്ക് മൂന്നു വര്‍ഷത്തിനു ശേഷം പൊടുന്നനെ ജീവന്‍ വെക്കുകയാണ്. ഉമ്മന്‍ചാണ്ടിക്കു പുറമേ കോണ്‍ഗ്രസ് നേതാക്കളായ കെ.സി. വേണുഗോപാല്‍, ഹൈബിഈഡന്‍, അടൂര്‍ പ്രകാശ്, എ.പി. അനില്‍കുമാര്‍ എന്നിവരും അന്ന് കോണ്‍ഗ്രസിലുണ്ടായിരുന്ന ഇന്നത്തെ ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി.അബ്ദുല്ലക്കുട്ടിയും തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതികളിലാണ് മൂന്നു വര്‍ഷത്തിനു ശേഷം പരാതിക്കാരിയുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയത്. എ.പി.അനില്‍കുമാറിനെതിരായ പരാതിയില്‍ മാത്രമാണ് മൊഴിയെടുപ്പ് ബാക്കിയുണ്ടായിരുന്നത്. കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായ കൊല്ലം എഎസ്പി ജോസി ചെറിയാനു മുന്നില്‍ നേരിട്ടെത്തി ഈ കേസിലും പരാതിക്കാരി ഇന്ന് മൊഴി നല്‍കുകയായിരുന്നു.

ജോസ് കെ മാണിയ്‌ക്കെതിരെ ഉള്‍പ്പെടെ നല്‍കിയ പരാതികളില്‍ താന്‍ ഉറച്ചു നില്‍ക്കുകയാണെന്ന് പരാതിക്കാരി പറയുന്നു. പുതിയ നീക്കത്തിനു പിന്നില്‍ രാഷ്ട്രീയമില്ലെന്ന് പരാതിക്കാരിയും പൊലീസും പറയുന്നു. പക്ഷേ സ്വര്‍ണക്കടത്ത് കേസിലും ലഹരിക്കടത്തു കേസിലും സര്‍ക്കാരും സിപിഎമ്മും പ്രതിരോധത്തിലായ ഘട്ടത്തിലാണ് സോളാര്‍ പീഡന കേസുകള്‍ വീണ്ടും സജീവമാകുന്നത് എന്ന വസ്തുത പ്രസക്തമാണ്.
 

click me!