യാക്കോബായ സഭയിലെ ആഭ്യന്തര കലഹത്തിന് താൽക്കാലിക പരിഹാരം

By Web TeamFirst Published May 25, 2019, 8:07 PM IST
Highlights

മൂന്നുമാസത്തിനകം മെത്രാപ്പോലീത്തൻ ട്രസ്റ്റി തിരഞ്ഞെടുപ്പ് നടത്താൻ പുത്തൻ കുരിശിൽ ചേർന്ന സിനഡിൽ തീരുമാനമായി. 

കൊച്ചി: യാക്കോബായ സഭയിലെ ആഭ്യന്തര പ്രശ്നങ്ങൾക്ക് താൽക്കാലിക പരിഹാരം.  മൂന്നുമാസത്തിനകം മെത്രാപ്പോലീത്തൻ ട്രസ്റ്റി തിരഞ്ഞെടുപ്പ് നടത്താൻ പുത്തൻ കുരിശിൽ ചേർന്ന സിനഡിൽ തീരുമാനമായി. എന്നാൽ കാതോലിക്ക സ്ഥാനം ഒഴിയണമെന്ന ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെ ആവശ്യം പാത്രിയര്‍കീസ് ബാവ അംഗീകരിച്ചില്ല.

യാക്കോബായ സഭയുടെ ഭരണഘടനപ്രകാരം അസോസിയേഷൻ യോഗം വിളിച്ചാണ് മെത്രാപൊലീത്തൻ ട്രസ്റ്റിയെ അടക്കം തെരഞ്ഞെടുക്കേണ്ടത്. ഇതിന്‍പ്രകാരം ഓഗസ്റ്റ് അവസാന വാരത്തിനുള്ളിൽ മലങ്കര അസോസിയേഷൻ യോഗം വിളിച്ചു ചേർത്ത് തെര‌ഞ്ഞെടുപ്പ് നടത്താനാണ് സഭാ ആസ്ഥാനമായ പുത്തൻകുരിശ് പാത്രിയാർക്കാ സെന്ററിൽ ചേർന്ന യോഗത്തിൽ തീരുമാനം ആയത്. തെരഞ്ഞെടുപ്പ് പൂർത്തിയാകും വരെ നിലവിൽ ഭരണ ചുമതല ഉള്ള  മെത്രാപ്പോലീത്തൻ സമിതി തന്നെ സഭയുടെ ഭരണം വഹിക്കും. 

കൊച്ചി ഭദ്രാസനാധിപൻ ജോസഫ് മാർ ഗ്രിഗോറിയോസ്‌, കോട്ടയം ഭദ്രാസനാധിപൻ തോമസ് മാർ തിമോത്തിയോസ്‌, അങ്കമാലി ഭദ്രാസനാധിപൻ എബ്രഹാം മാർ സേവേറിയോസ് എന്നിവരാണ് സമിതിയിൽ ഉള്ളത്. ഇവര്‍ തന്നെ യോഗം ചേർന്ന് ഒരാളെ സമിതി കൺവീനർ ആയി ഉടൻ തിരഞ്ഞെടുക്കും.സഭയിലെ ആഭ്യന്തര പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുള്ള ചുമതലയും  മൂന്ന് അംഗ സമിതിക്കാണ്. അതേസമയം കതോലിക്കാ സ്ഥാനത്തു നിന്ന് ഒഴിയണമെന്നുള്ള  ബസേലിയോസ്  തോമസ് പ്രഥമൻ ബാവയുടെ  ആവശ്യം ആഗോള സഭ അധ്യക്ഷൻ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയര്‍കീസ് ബാവ തള്ളി. 

സഭയുടെ ആത്മീയ തലവൻ എന്ന നിലയിൽ തോമസ് പ്രഥമൻ കാതോലിക്ക ബാവയായി തുടരും. പള്ളിത്തർക്കത്തിൽ എതു തരത്തിൽ ഉള്ള അനുരഞ്ജനത്തിനും തയ്യാറാണെന്നും സുന്നഹദോസിൽ പങ്കെടുത്ത് പാത്രിയാർക്കീസ് ബാവ വ്യക്തമാക്കി. സഭ പുറത്താക്കിയ കുര്യാക്കോസ് മാർ ക്ലിമ്മിസ് ബാവയെ സഭയിലേക്ക് മടക്കി എടുക്കാനും സിനഡിൽ തീരുമാനം ആയി. ആഭ്യന്തര കലഹത്തെ തുടർന്ന് യാക്കോബായ സഭ അധ്യക്ഷൻ ബസേലിയോസ് തോമസ് പ്രഥമൻ ബാവ മെത്രോപൊലീത്തൻ ട്രസ്റ്റി സ്ഥാനം ഒഴിഞ്ഞതോടെയാണ് സഭയിൽ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.

click me!