രക്തസാക്ഷി ഫണ്ട് ആർക്കും തട്ടിയെടുക്കാൻ പറ്റില്ലെന്നും സിപിഎം ഒരു ഒറ്റയാന്‍റെ പാര്‍ട്ടിയല്ലെന്നും ടിഐ മധുസൂദനൻ എംഎൽഎ. പയ്യന്നൂര്‍ ധൻരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ ആദ്യമായാണ് മധുസൂദനൻ പരസ്യ പ്രതികരണം നടത്തുന്നത്.
കണ്ണൂര്‍: പയ്യന്നൂര്‍ ധൻരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പിൽ ആദ്യമായി പരസ്യ പ്രതികരണവുമായി പയ്യന്നൂര്‍ എംഎൽഎ ടി ഐ മധുസൂദനൻ. രക്തസാക്ഷി ഫണ്ട് ആർക്കും തട്ടിയെടുക്കാൻ പറ്റില്ലെന്നും സിപിഎം ഒരു ഒറ്റയാന്‍റെ പാര്‍ട്ടിയല്ലെന്നും ഏതെങ്കിലും ഒരാളുടെ നിയന്ത്രണത്തിൽ തുള്ളിക്കളിക്കുന്ന പാർട്ടിയല്ലെന്നും മധുസൂദനൻ വ്യക്തമാക്കി. ടി ഐ മധുസൂദനൻ നയിക്കുന്ന വികസന മുന്നേറ്റ ജാഥ വി കുഞ്ഞികൃഷ്ണന്‍റെ നാടായ വെള്ളൂരിലെത്തിയപ്പോഴായിരുന്നു പ്രതികരണം. ശ്രീകൃഷ്ണൻ സ്യമന്തക രത്നം കട്ടെടുത്തെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ആകുമോയെന്നും മധുസൂദനൻ ചോദിച്ചു.
ധനരാജിന്‍റെ ജന്മനാടായ കുന്നരുവിൽ ഈ ജാഥയ്ക്ക് ലഭിച്ചത് വികാരനിർഭരമായ സ്വീകരണമാണെന്നും കമ്യൂണിസ്റ്റുകാർക്ക് രക്തസാക്ഷികളുടെ ഫണ്ടിൽ നിന്ന് ഒരു നയാ പൈസ എടുക്കാൻ പറ്റുമോയെന്ന് ആലോചിക്കണമെന്നും മധുസൂദനൻ പറഞ്ഞു. രക്ത സാക്ഷി കുടുംബത്തെ അപമാനിക്കാൻ കണക്ക് പുറത്ത് വിടാൻ ആകുമോയെന്നും ടി ഐ മധുസൂദനൻ ചോദിച്ചു. രക്തസാക്ഷി ഫണ്ട് ക്രമക്കേടിൽ വെളിപ്പെടുത്തൽ നടത്തിയ വി കുഞ്ഞികൃഷ്ണൻന്‍റെ വീടിന് സമീപമായിരുന്നു ജാഥയ്ക്ക് സ്വീകരണം. വെള്ളൂരിൽ നടന്ന ജാഥയ്ക്ക് പങ്കാളിത്തം കുറഞ്ഞു.
ധനരാജ് രക്തസാക്ഷി ഫണ്ട് തട്ടിപ്പ് ആരോപണത്തിന് പിന്നാലെ വരവ്- ചെലവ് കണക്കുകൾ പൊതുജനങ്ങൾക്ക് മുൻപിൽ അവതരിപ്പിക്കേണ്ട കാര്യമില്ലെന്നാണ് കണ്ണൂർ ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് വ്യക്തമാക്കിയത്. വി കുഞ്ഞികൃഷ്ണന്‍റെ ആരോപണങ്ങളിൽ തെറ്റിദ്ധരിക്കപ്പെട്ട പാർട്ടി അനുഭാവികളുടെ സമക്ഷം മാത്രമാകും വിശദീകരണമെന്നും വാർത്താ സമ്മേളനം വിളിച്ച് രാഗേഷ് വ്യക്തമാക്കിയിരുന്നു. വ്യാജ റസീറ്റ് ആരോപണം ഉയർന്ന തെരഞ്ഞെടുപ്പ് ഫണ്ടിലും പണമൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും കെകെ രാഗേഷ് ആവര്‍ത്തിച്ചു. ഒരുഭാഗത്ത് ടി ഐ മധുസൂദനെ സംരക്ഷിച്ചും മറുഭാഗത്ത് വി കുഞ്ഞികൃഷ്ണനെ നിശിതമായി വിമർശിച്ചുമായിരുന്നു കെകെ രാഗേഷിന്‍റെ വാർത്താ സമ്മേളനം. എന്നാൽ, പൊതുജനങ്ങളിൽ നിന്ന് ഫണ്ട് പിരിച്ചിട്ടുണ്ടെന്നും ജില്ലാ സെക്രട്ടറി കള്ളം പറയുകയാണെന്നുമായിരുന്നു വി കുഞ്ഞികൃഷ്ണന്‍റെ മറുപടി.



