
കൊച്ചി: ജനകീയ പ്രശ്നങ്ങളില്‍ ചില നിലപാടുകള്‍ എടുക്കേണ്ടിവരുമെന്നും അത് നിയമപരമായി ശരിയാവണമെന്നില്ലെന്നും കൊച്ചി മേയര്‍ വി കെ മിനിമോള്‍. അഴിമതിയാരോപണത്തിലാണ് കൊച്ചി മേയറുടെ പ്രതികരണം. താനൊരു തെറ്റും ചെയ്തിട്ടില്ല. രണ്ട് തവണ അന്വേഷിച്ച് തള്ളിയ പരാതി ആണ്. നിലവിലുള്ള ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നും ഏത് അന്വേഷണവും നേരിടാന്‍ തയ്യാറെന്നുമാണ് പ്രതികരണം. പാലാരിവട്ടത്ത് റോഡ് പുനർനിർമാണത്തിനായി മിനിമോൾ മൂന്ന് ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് ആരോപണം.
"ഒരു തെറ്റും ചെയ്തിട്ടില്ല. കൈക്കൂലി വാങ്ങാൻ പൊതുയോഗം വിളിച്ചുകൂട്ടി മിനിട്ട്സ് ഉണ്ടാക്കി എനിക്ക് കൈക്കൂലി തരൂ എന്ന് പറയില്ലല്ലോ. റോഡുമായി ബന്ധപ്പെട്ട വിഷയം പരിഹരിക്കാൻ എടുത്ത റിസ്കാണ്. നാട്ടുകാർക്കത് അറിയാം എന്നതുകൊണ്ടാണ് ഈ ആരോപണങ്ങളെല്ലാം ഉന്നയിച്ചിട്ടും അവർ എനിക്ക് അവസരം തന്നത്. ജനകീയ പ്രശ്നങ്ങളില്‍ ചില നിലപാടുകള്‍ എടുക്കേണ്ടിവരും. മധ്യസ്ഥയായി നിന്ന് പല കാര്യങ്ങളും ചെയ്യേണ്ടി വരും. അത് നിയമപരമായി ശരിയാവണമെന്നില്ല. പക്ഷേ മനസാക്ഷിയുടെ മുൻപിൽ ശരിയാണ്. പരാതി ഉണ്ടായപ്പോഴല്ല പണം തിരിച്ചു കൊടുത്തത്. അടുത്ത ഡിവിഷനിലെ കൌണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട ശേഷം പഴയ ഡിവിഷനിലെ വർക്ക് ചെയ്യാൻ പറ്റില്ല എന്ന പൂർണ ബോധ്യം ഉള്ളതു കൊണ്ടാണ് പൈസ തിരിച്ചു കൊടുത്തത്"- മേയർ പറഞ്ഞു.
പാലാരിവട്ടം കെ.ജി ഓക്സ്ഫോർഡ് സിംഫണി അപ്പാർട്ട്മെന്റ് സമുച്ചയം പണിയുന്നതിന്റെ ഭാഗമായി കളവത്ത് ക്രോസ്സ് റോഡ് നവീകരണവുമായി ബന്ധപ്പെട്ടാണ് ആരോപണമുയർന്നത്. റോഡിന്റെ നവീകരണത്തിന് അപ്പാർട്മെന്റ് കൺസ്ട്രക്ഷൻ കമ്പനി അഞ്ച് ലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റ് അസോസിയേഷൻ ഭാരവാഹികളെ ഏൽപ്പിച്ചു. ഈ തുകയിൽ നിന്ന് റോഡ് നവീകരണത്തിനായി കൗൺസിലർ ആയിരുന്ന ഇന്നത്തെ കൊച്ചി മേയർ വി കെ മിനിമോൾ മൂന്നു ലക്ഷം രൂപ വാങ്ങിയെന്നാണ് ആരോപണം. റോഡിൽ ടൈൽ ഉൾപ്പെടെയുള്ള നവീകരണ പ്രവർത്തനങ്ങൾ നടത്തിയത് കൗൺസിലർ പദവി ഉപയോഗിച്ചുകൊണ്ട് കോർപ്പറേഷൻ ഫണ്ടിൽ നിന്നാണെന്നും റോഡിന്റെ നവീകരണത്തിനായി അസോസിയേഷൻ ഫണ്ടിൽ നിന്ന് ഒരു രൂപ പോലും ഉപയോഗിച്ചിട്ടില്ലെന്നുമാണ് ആരോപണം.
വ്യക്തിപരമായ എതിർപ്പ് മൂലം ചിലർ നിരവധി തവണ പരാതി നൽകിയിട്ടും അതെല്ലാം തള്ളിപ്പോയെന്ന് മിനിമോൾ പറയുന്നു. ഇതിലെ വസ്തുത എന്തെന്ന് അസോസിയേഷൻ അംഗങ്ങൾക്കറിയാമെന്നും മേയർ അറിയിച്ചു. അതേസമയം, മേയർ രാജിവെക്കണമെന്ന ആവശ്യവുമായി എൽഡിഎഫ് നേരത്തെ രംഗത്തെത്തിയിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam