
ഇടുക്കി: കട്ടപ്പനയിൽ മോഷണ കേസ് പ്രതിയുടെ അറസ്റ്റിലൂടെ പുറത്തുവരുന്നത് ഇരട്ടക്കൊലപാതകമെന്ന് സൂചന. പ്രതിയുടെ, കാണാതായ പിതാവും നവജാത ശിശുവും കൊല ചെയ്യപ്പെട്ടതായാണ് പൊലീസ് സംശയം. സംഭവത്തിന് പിന്നിൽ മന്ത്രവാദവും സ്വത്ത് തർക്കവും ആണെന്നുമാണ് പ്രാഥമിക നിഗമനം. മോഷണ കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിലൂടെയാണ് പൊലീസിന് ഞെട്ടിപ്പിക്കുന്ന ക്രൂരകൃത്യം നടന്നതായുള്ള സൂചനകൾ ലഭിച്ചത്.
വിഷ്ണുവിൻ്റെ പിതാവ് വിജയനെ കുറെ കാലമായി കാണാനില്ലായിരുന്നു. ഇതിൽ ബന്ധുക്കൾ കട്ടപ്പന പോലീസിൽ പരാതിയും നൽകിയിരുന്നു. വിജയനെ കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചു മൂടിയതായും അതിനും വർഷങ്ങൾക്ക് മുമ്പ് നവജാത ശിശുവിനെയും കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചു മൂടിയെന്നും ആണ് അന്വേഷണ സംഘത്തിന് ലഭിക്കുന്ന വിവരം. കേസുമായി ബന്ധപ്പെട്ട പരിശോധനയ്ക്കിടെയാണ് പൊലീസിന് ചില സൂചനകൾ ലഭിച്ചത്. ബന്ധുക്കളിൽ നിന്നും ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
കട്ടപ്പന പൊലീസ് സ്റ്റേഷൻ പരിധിയിൽ കഴിഞ്ഞ ദിവസമായിരുന്നു മോഷണ കേസിലെ പ്രതികളെ പിടികൂടിയത്. നെല്ലാനിക്കൽ വിഷ്ണു (27), സുഹൃത്ത് നിതിൻ എന്നിവരായിരുന്നു പിടിയിലായത്. തുടര്‍ന്ന് അന്വേഷണം നടത്തുകയും വിഷ്ണുവിനെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥര്‍ അന്വേഷണ റിപ്പോർട്ട് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് കൈമാറി. അന്വേഷണ റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം കേസിൽ കൂടുതൽ അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് ക്രൂര കൊലപാതകം നടന്നതാളുള്ള സംശയം കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടരുന്നത്.
കാഞ്ചിയാർ കാക്കാട്ടുകടയിലായിരുന്നു പ്രതിയുടെ വീടും പരിസരവും കേന്ദ്രീകരിച്ചു പൊലീസിന്റെ തിരച്ചിൽ. കഴിഞ്ഞ ദിവസം മോഷണ ശ്രമത്തിനിടയിൽ പിടിയിലായവരിൽ വിഷ്ണുവും അമ്മയും വാടകയ്ക്ക് താമസിക്കുന്ന വീടാണിത്. മോഷണ കേസിന്റെ ഭാഗമായി കട്ടപ്പന എസ്ഐയും സംഘവും ഇവിടെ പരിശോധനയ്ക്ക് എത്തിയിരുന്നു. ഈ സമയം അസ്വാഭാവികമായ ചിലത് വീട്ടിൽ കണ്ടെത്തി. വീടിനുള്ളിൽ മന്ത്രവാദം നടന്നതായിട്ടാണ് സൂചന. വീടിന്റെ പരിസരത്ത് നിന്ന് ചില അവശിഷ്ടങ്ങളും ലഭിച്ചിരുന്നു.
വ്യാഴാഴ്ച രാവിലെ മുതൽ പൊലീസ് കാവലിലാണ് ഈ വീടും പരിസരവും. സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി എം.ആർ മധുബാബുവിൻ്റെ നേതൃത്തിലുള്ള സംഘം കക്കാട്ടുകടയിലേയും വിഷ്ണുവും കുടുംബവും മുമ്പ് താമസിച്ചിരുന്ന കട്ടപ്പനയ്ക്ക് സമീപം സാഗര ജംഗ്ഷന് സമീപത്തെ പഴയ വീട്ടിലും എത്തി പരിശോധന നടത്തി മടങ്ങി. കഴിഞ്ഞ ദിവസം വീട് കേന്ദ്രീകരിച്ച് നടത്തിയതും ഇനി നടത്താനിരിക്കുന്നതുമായ ചില പരിശോധനകളിലൂടെ വലിയൊരു ക്രൂരകൃത്യം പുറത്തുവരുമെന്നാണ് പൊലീസ് കരുതുന്നത്.
ലൈംഗികാഭ്യർത്ഥന നിരസിച്ച 40 -കാരനെ സൂഹൃത്തുക്കള്‍ കൊലപ്പെടുത്തി കുളത്തില്‍ താഴ്ത്തി !
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam