
തൃശൂര്‍: തൃശൂര്‍ മുത്രത്തിക്കരയിൽ അച്‌ഛനെ വെട്ടിയശേഷം മകൻ ആത്മഹത്യാഭീഷണി മുഴക്കിയ സംഭവത്തിൽ ദുരൂഹത. മുത്രത്തിക്കര സ്വദേശി ശിവ(70)നാണ് മകന്‍റെ വെട്ടേറ്റത്. ഗുരുതരാവസ്ഥയിലായ ശിവനെ മെഡിക്കൽ കോളേജിൽ എത്തിച്ചു. വീടിന്‍റെ രണ്ടാം നിലയിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കി വിഷ്ണുവിനെ ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ താഴെയിറക്കി പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, വീട്ടിലെ മുറിയിൽ ആഭിചാരക്രിയ നടത്തിയതിന്‍റെ അടയാളങ്ങൾ കണ്ടെത്തിയിട്ടുണ്ട്. മുടി കത്തിച്ചതായും കോഴിത്തല വെച്ചതായും കണ്ടെത്തി. കരാട്ടെ ഉൾപ്പെടെയുള്ള ആയോധനകലകൾ വശമുള്ള ആളാണ് വിഷ്ണുവെന്ന് പൊലീസ് പറയുന്നു. ഇന്‍സ്റ്റാഗ്രാമിലും ഫേസ്ബുക്കിലും വേദരുദ്രൻ എന്ന പേരില്‍ അക്കൗണ്ടുള്ള വിഷ്ണു ആയോധന കലകളുടെയടക്കം ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. തൃശൂലം പിടിച്ചു നിൽക്കുന്ന ചിത്രവും പങ്കുവെച്ചിട്ടുണ്ട്. റീൽസ് വീഡിയോകളും ഇന്‍സ്റ്റാഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
കഴിഞ്ഞ 45 ദിവസമായി വിഷ്ണു വീട്ടിൽ ഉണ്ടായിരുന്നുവെന്നും വീട് അടച്ചിട്ട് ആഭിചാരക്രിയകൾ നടത്തുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നത്. മാതാപിതാക്കളെ ഇറക്കി വിട്ടശേഷം ആയിരുന്നു ആഭിചാരക്രിയ. പിതാവിന് ലൈഫ് മിഷനിൽ വീട് പാസായിരുന്നു. സ്ഥലത്തിന്‍റെ രേഖകൾ എടുക്കാൻ എത്തിയപ്പോഴാണ് പിതാവിനെ ആക്രമിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസ് സ്ഥലത്തെത്തിയത്. തുടര്‍ന്നാണ് സ്ഥലത്ത് ആത്മഹത്യ ഭീഷണി മുഴക്കി നിൽക്കുന്ന വിഷ്ണുവിനെ കണ്ടത്.ഇതോടെ പൊലീസും ഫയർഫോഴ്‌സും അനുനയിപ്പിക്കാനുള്ള ശ്രമം തുടങ്ങുകയായിരുന്നു. ശിവന് വെട്ടേറ്റു എന്നറിഞ്ഞാണ് സ്ഥലത്തെത്തിയതെന്നും സ്ഥലത്ത് വിഷ്ണുവിനെ കാണാത്തതിനാൽ അന്വേഷിച്ചപ്പോഴാണ് വീടിന്‍റെ രണ്ടാം നിലയിൽ നിൽക്കുന്നത് കണ്ടതെന്നും നാട്ടുകാർ പറയുന്നു. നാട്ടുകാരുടെ സഹായത്താൽ തൊട്ടടുത്ത ജനൽ പൊളിക്കാനായി രണ്ടാം നിലയിലേക്ക് ഓടിന്റെ പുറത്തുകൂടി ഫയർഫോഴ്സ് ഉദ്യോഗസ്ഥർ മുകളിലെത്തി. ആത്മഹത്യാശ്രമത്തിൽ നിന്ന് പിന്തിരിയാതെ പൊലീസുകാര്‍ക്കും നാട്ടുകാര്‍ക്കും ഫയര്‍ഫോഴ്സിനും നേരെ വിഷ്ണു കത്തിയുമായി ആക്രമണത്തിന് മുതിര്‍ന്നു. ജനൽ പൊളിച്ച് കടന്ന പൊലീസിനുനേരെ വിഷ്ണു മുളക് പൊടിയെറിഞ്ഞു. ഇതിനുശേഷമാണ് വിഷ്ണുവിനെ പിടികൂടി താഴെയിറക്കിയത്. കസ്റ്റഡിയിലെടുത്ത വിഷ്ണുവിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam