സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സ; റഫറല്‍, ബാക്ക് റഫറല്‍ നടപ്പിലാക്കുന്നതിന് സമഗ്ര പദ്ധതി

Published : Aug 03, 2022, 03:33 PM ISTUpdated : Aug 03, 2022, 03:44 PM IST
സര്‍ക്കാര്‍ ആശുപത്രികളിലെ ചികിത്സ; റഫറല്‍, ബാക്ക് റഫറല്‍ നടപ്പിലാക്കുന്നതിന് സമഗ്ര പദ്ധതി

Synopsis

ആദ്യഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയില്‍ നടപ്പിലാക്കും.രോഗികളെ അനാവശ്യമായി മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യാന്‍ പാടില്ല.അനാവശ്യ റഫറന്‍സുകള്‍ ഉണ്ടായിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ നടപടി സ്വീകരിക്കും

തിരുവനന്തപുരം:മെഡിക്കല്‍ കോളേജുകളുടെ ഭാരം കുറയ്ക്കാനും രോഗികള്‍ക്ക് തൊട്ടടുത്തുള്ള ആശുപത്രികളില്‍ മികച്ച ചികിത്സ ഉറപ്പാക്കാനുമായുള്ള റഫറല്‍, ബാക്ക് റഫറല്‍ സംവിധാനം ആദ്യഘട്ടത്തില്‍ തിരുവനന്തപുരം ജില്ലയില്‍ നടപ്പിലാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇത് ഫലപ്രദമായി നടപ്പിലാക്കുന്നതിന് സമഗ്ര പദ്ധതി ആവിഷ്‌കരിക്കും. ആശുപത്രിയില്‍ സൗകര്യങ്ങള്‍ ഉണ്ടെന്നിരിക്കെ രോഗികളെ അനാവശ്യമായി മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യാന്‍ പാടില്ല.

ഓരോ ആശുപത്രിയിലും റഫറല്‍ രജിസ്റ്റര്‍ ഉണ്ടായിരിക്കും. നല്‍കിയ ചികിത്സയും ഏത് സാഹചര്യത്തിലാണ് റഫര്‍ ചെയ്തതെന്നും അതില്‍ വ്യക്തമാക്കിയിരിക്കണം. ആശുപത്രി സൂപ്രണ്ട് റഫറല്‍ രജിസ്റ്റര്‍ കൃത്യമായി പരിശോധിക്കേണ്ടതാണ്. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്ക് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കണം. അനാവശ്യ റഫറന്‍സുകള്‍ ഉണ്ടായിട്ടുണ്ടെന്ന് ബോധ്യപ്പെട്ടാല്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മന്ത്രിയുടെ നേതൃത്വത്തില്‍ കൂടിയ ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.

നിലവിലെ റഫറല്‍, ബാക്ക് റഫറല്‍ മാനദണ്ഡങ്ങള്‍ പുതുക്കിയായിരിക്കും പദ്ധതി നടപ്പിലാക്കുക. ദ്വിതീയതല ആശുപത്രികളിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തി ഡോക്ടര്‍മാരുള്‍പ്പെടെയുള്ളവര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കും. ഓരോ ആശുപത്രിയിലുമെത്തുന്ന രോഗികള്‍ക്ക് സമയബന്ധിതമായി വിദഗ്ധ ചികിത്സ ഉറപ്പാക്കിയായിരിക്കും റഫറല്‍, ബാക്ക് റഫറല്‍ സംവിധാനം നടപ്പിലാക്കുക. ഒരാശുപത്രിയിലുള്ള രോഗിയെ ദൂരെയുള്ള മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യാതെ തൊട്ടടുത്ത് സ്‌പെഷ്യാലിറ്റി സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യമുള്ള ആശുപത്രിയിലേക്കാണ് റഫര്‍ ചേയ്യേണ്ടത്. ഇതിലൂടെ സമയം നഷ്ടപ്പെടാതെ ചികിത്സ ലഭിക്കാനും അധികദൂരം യാത്ര ചെയ്യാതിരിക്കാനും കഴിയുന്നു.

താലൂക്ക് ആശുപത്രികള്‍ മുതല്‍ സ്‌പെഷ്യാലിറ്റി സേവനങ്ങള്‍ ലഭ്യമാണ്. മാത്രമല്ല തെരഞ്ഞെടുക്കപ്പെട്ട പ്രാഥമികാരോഗ്യ കേന്ദ്രങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളും മുതല്‍ ഇ സഞ്ജീവനി ഡോക്ടര്‍ ടു ഡോക്ടര്‍ സംവിധാനം വഴി സെഷ്യാലിറ്റി, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഡോക്ടര്‍മാരുടെ സേവനങ്ങള്‍ ലഭ്യമാണ്. ഈ സൗകര്യങ്ങള്‍ ഉപയോഗിക്കാതെ അനാവശ്യമായി രോഗികളെ മെഡിക്കല്‍ കോളേജുകളിലേക്ക് റഫര്‍ ചെയ്യുന്നതിലൂടെ രോഗികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ഇത് മെഡിക്കല്‍ കോളേജിനും ബുദ്ധിമുട്ടുണ്ടാക്കും.

റഫറല്‍ സംവിധാനത്തോടൊപ്പം ബാക്ക് റഫറല്‍ സംവിധാനത്തിനും മാറ്റം വരുത്തും. മെഡിക്കല്‍ കോളേജിലെ വിദഗ്ധ ചികിത്സയ്ക്ക് ശേഷമുള്ള തുടര്‍ ചികിത്സയ്ക്കായി രോഗിയുടെ വീടിന് തൊട്ടടുത്തുള്ള ആശുപത്രികളില്‍ ബാക്ക് റഫര്‍ ചെയ്യുന്നതാണ്. ഇതിലൂടെ രോഗികള്‍ക്ക് വീടിന് തൊട്ടടുത്ത് തുടര്‍ പരിചരണം ലഭ്യമാകും.

 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വ്രണവുമായി എത്തിയ 5 വയസുകാരിക്ക് മതിയായ ചികിത്സ ലഭിച്ചില്ല; മഞ്ചേരി ​ഗവൺമെന്റ് മെഡിക്കൽ കോളേജിനെതിരെ പരാതി
ഐപിഎസ് തലപ്പത്ത് വീണ്ടും വൻ അഴിച്ചുപണി; എസ് ഹരിശങ്കറിനെ വീണ്ടും മാറ്റി, കാളിരാജ് മഹേശ്വർ കൊച്ചി കമ്മീഷണർ