Latest Videos

സ്കൂള്‍ കുട്ടികളെ ക്ലാസ് സമയത്ത് മറ്റ് പരിപാടികള്‍ക്ക് കൊണ്ടുപോകാൻ അനുമതിയില്ല: വി ശിവൻകുട്ടി 

By Web TeamFirst Published Aug 3, 2022, 3:24 PM IST
Highlights

'സ്കൂളില്‍ പഠന, പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കല്ലാതെ മേലില്‍ മറ്റൊരു പരിപാടികള്‍ക്കും കുട്ടികളുടെ അധ്യയന സമയം കവര്‍ന്നെടുക്കുന്ന വിധത്തില്‍ അനുമതി നല്‍കുന്നതല്ല. അധ്യാപകരും, പിടിഎ ഭാരവാഹികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അധ്യാപക/ അധ്യാപകേതര സംഘടനകളും ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കണം.'

തിരുവനന്തപുരം : സ്കൂള്‍ കുട്ടികളെ ക്ലാസ്സ് സമയത്ത് മറ്റു പരിപാടികള്‍ക്ക് കൊണ്ടുപോകുന്നതിനിരെ വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. സ്കൂളുകളില്‍ കുട്ടികളുടെ അധ്യയന സമയം കവര്‍ന്നെടുക്കുന്ന തരത്തില്‍ മറ്റ് പരിപാടികളും പൊതു ചടങ്ങുകളും നിരന്തരം സംഘടിപ്പിക്കപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അതിന് അനുമതി നല്‍കുന്നതല്ലെന്നും വിദ്യാഭ്യാസ മന്ത്രി വിശദീകരിച്ചു. 

വിദ്യാഭ്യാസ അവകാശ നിയമം പ്രകാരം ലോവര്‍ പ്രൈമറി സ്കൂളുകളില്‍ 200 ദിവസവും അപ്പര്‍ പ്രൈമറി സ്കൂളുകളില്‍ 220 ദിവസവും അധ്യയനം നടക്കേണ്ടതാണ്. ഹൈസ്കൂളുകളിലും 220 ദിവസം അധ്യയനം നടക്കേണ്ടതുണ്ട്. എന്നാല്‍ സ്കൂളുകളില്‍ കുട്ടികളുടെ സാധാരണ അധ്യയന സമയം കവര്‍ന്നെടുക്കുന്ന തരത്തില്‍ മറ്റ് പരിപാടികൾ നിരന്തരമായി സംഘടിപ്പിക്കപ്പെടുന്നു. കുട്ടികളെ കാണികളാക്കി മാറ്റിക്കൊണ്ട് പല ചടങ്ങുകളും സ്കൂളിനകത്തും പുറത്തും സംഘടിപ്പിക്കപ്പെടുന്നുണ്ട്.  

കൂടാതെ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ എന്‍ജിഒകള്‍ തുടങ്ങിയവ സംഘടിപ്പിക്കുന്ന പല ചടങ്ങുകളും കുട്ടികളുടെ അധ്യയന സമയത്തെ പ്രതികൂലമായി ബാധിക്കുന്ന സാഹചര്യങ്ങളും നിലവിലുണ്ട്. സ്കൂളില്‍ പഠന, പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കല്ലാതെ മേലില്‍ മറ്റൊരു പരിപാടികള്‍ക്കും കുട്ടികളുടെ അധ്യയന സമയം കവര്‍ന്നെടുക്കുന്ന വിധത്തില്‍ അനുമതി നല്‍കുന്നതല്ല.  

പ്ലസ് വൺ ക്ലാസ്സുകള്‍ ഓഗസ്റ്റ് 25ന് തുടങ്ങും; സംസ്ഥാന കലോത്സവം ജനുവരി 3 മുതല്‍ 7 വരെ കോഴിക്കോട്ട്

അധ്യാപകരും, പിടിഎ ഭാരവാഹികളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അധ്യാപക/ അധ്യാപകേതര സംഘടനകളും ഇക്കാര്യത്തില്‍ പ്രത്യേകം ശ്രദ്ധ പതിപ്പിക്കണം. പഠനത്തോടൊപ്പം തന്നെ കാലാ-കായിക പ്രവര്‍ത്തി പരിചയ പരിപാടികളിലും പഠനാനുബന്ധ പ്രവര്‍ത്തനമെന്ന നിലയില്‍ കുട്ടികള്‍ പങ്കെടുക്കണം. വായനയും അനുബന്ധ പ്രവര്‍ത്തനങ്ങളും കൂടുതലായി സംഘടിപ്പിച്ച് കുട്ടികളെ പഠനത്തിന്‍റെ മാര്‍ഗ്ഗത്തില്‍ നിരന്തരം നിലനിര്‍ത്തുന്നതിന് അധ്യാപകര്‍ ശ്രദ്ധിക്കേണ്ടതാണെന്നും വിദ്യാഭ്യാസ മന്ത്രി നിർദ്ദേശിച്ചു. 

ബിരിയാണി വാഗ്ദാനം ചെയ്ത് കൊണ്ട് പോയി, ഒന്നും വാങ്ങി തന്നില്ലെന്ന് കുട്ടികൾ, എസ്എഫ്ഐക്കെതിരെ സ്കൂളും

പാലക്കാട്‌ ജിവിഎച്ച്എസ്എസ് പത്തിരിപ്പാലയിലെ വിദ്യാർത്ഥികളെ എസ്എഫ്ഐ (SFI) പ്രവർത്തകർ സമരത്തിന് കൊണ്ടുപോയതിനെ ചൊല്ലി വിവാദം. സ്കൂള്‍ വിദ്യാർത്ഥികളെ ബിരിയാണി വാഗ്ദാനം ചെയ്ത് എസ്എഫ്ഐ പരിപാടിക്ക് കൊണ്ടുപോയത് സ്കൂളിന്‍റെ അറിവോടെയല്ലെന്ന് പ്രധാനാധ്യാപിക പറഞ്ഞു. സംഘടന കുട്ടികളെ പ്രകടനത്തിൽ പങ്കെടുപ്പിച്ചത് തെറ്റാണെന്നും പ്രധാനാധ്യാപിക ടി അനിത പ്രതികരിച്ചു. 

സ്കൂൾ വിദ്യാർത്ഥികളെ ബിരിയാണി വാങ്ങിത്തരാമെന്ന് പ്രലോഭിപ്പിച്ച് എസ്എഫ്ഐ പ്രവർത്തകർ സമരത്തിന് കൊണ്ടുപോയെന്നാണ് ഉയർന്ന പരാതി. പത്തിരിപ്പാല ജിവിഎച്ച്എസ്എസിലെ വിദ്യാർത്ഥികളെ സമരത്തിന് കൊണ്ടുപോയെന്നാണ് രക്ഷിതാക്കള്‍ പരാതിപ്പെട്ടത്. വിദ്യാർത്ഥികളെ കൊണ്ടുപോയ കാര്യം രക്ഷിതാക്കൾ അറിഞ്ഞിരുന്നില്ല. സ്കൂളിലെ ഇടത് അനുഭാവികളായ ചില അധ്യാപകർ ഇതിന് കൂട്ട് നിന്നെന്ന് യൂത്ത് കോൺഗ്രസും ആരോപിച്ചു. അധ്യാപകർ കുട്ടികൾ എത്താത്ത വിവരം മറച്ചുവെച്ചുവെന്നാണ് യൂത്ത് കോൺഗ്രസിന്‍റെ ആരോപണം.

അതേസമയം, കുട്ടികളുടെ സുരക്ഷയിൽ ഒരു വിട്ടുവീഴ്ചയും സ്കൂൾ വരുത്തിയിട്ടില്ലെന്ന് പിടിഎ പ്രസിഡന്‍റ്  സുരേഷ് അറിയിച്ചു. സ്കൂളിന് പുറത്ത് നിന്നാണ് വിദ്യാർത്ഥികളെ സമരക്കാർ വിളിച്ച് പോയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഭക്ഷണം വാങ്ങി തരാമെന്ന് പറഞ്ഞാണ് എസ്എഫ്ഐ പ്രവർത്തകർ പ്രകടനത്തിന് കൊണ്ട് പോയതെന്നും പ്രകടനത്തിന് ശേഷം ഭക്ഷണം വാങ്ങി തന്നില്ലെന്നുമാണ് കുട്ടികൾ പറയുന്നത്.

എസ്എഫ്ഐ നേതാക്കൾക്കെതിരെ തട്ടിക്കൊണ്ടുപോകലിന് കേസെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. ഇക്കാര്യം ഉന്നയിച്ച് യൂത്ത് കോൺഗ്രസ് പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അതേസമയം, സംഭവം പരിശോധിക്കുമെന്ന് പാലക്കാട്‌ സിഡബ്ല്യുസി ചെയർമാൻ അറിയിച്ചു. വിഷയം സംബന്ധിച്ച് പ്രധാനാദ്ധ്യാപികയോട് വിവരങ്ങൾ തേടി. വിദ്യാർത്ഥികളുടെ സുരക്ഷ, പരിചരണം എന്നിവയിൽ വീഴ്ച ഉണ്ടോ എന്ന് പരിശോധിക്കുമെന്നും സിഡബ്ല്യുസി ചെയർമാൻ പറഞ്ഞു.
 

click me!