Sorcery: ആശുപത്രിയിൽ കൊണ്ടുപോയില്ല, മന്ത്രവാദ ചികിത്സയെ തുടർന്ന് യുവതി മരിച്ചുവെന്ന് ബന്ധുക്കൾ

By Web TeamFirst Published Dec 7, 2021, 8:43 PM IST
Highlights

അസ്വാഭാവിക മരണത്തിന് കേസെടുത്തെന്നും അന്വേഷണം തുടങ്ങിയെന്നും വളയം പോലീസ് അറിയിച്ചു. നൂർജഹാന്റെ മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലാണ് ഇപ്പോഴുള്ളത്. 

കോഴിക്കോട്: മന്ത്രവാദ ചികിത്സയെ (Sorcery) തു‍ടർന്ന് യുവതി മരിച്ചെന്ന് (woman death) പരാതി. കോഴിക്കോട് കല്ലാച്ചി സ്വദേശി നൂർജഹാന്റെ മരണത്തെ പറ്റിയാണ് പരാതി. യുവതിയുടെ ഭർത്താവ് ജമാല്‍ ആശുപത്രി ചികിത്സ നിഷേധിച്ചെന്ന് ബന്ധുക്കൾ പറയുന്നു. നൂർജഹാന്‍ മരിച്ചത് ആലുവയിലെ മന്ത്രവാദ കേന്ദ്രത്തില്‍വച്ചാണെന്നാണ് ബന്ധുക്കൾ പറയുന്നത്. പൊലീസ് ഇടപെട്ട് നൂർജഹാൻ്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. 

അസ്വാഭാവിക മരണത്തിന് കേസെടുത്തെന്നും അന്വേഷണം തുടങ്ങിയെന്നും വളയം പോലീസ് അറിയിച്ചു. നൂർജഹാന്റെ മൃതദേഹം വടകര ജില്ലാ ആശുപത്രി മോർച്ചറിയിലാണ് ഇപ്പോഴുള്ളത്. 

ഭർത്താവ് ജമാല്‍ ആശുപത്രി ചികിത്സ നിഷേധിച്ച് യുവതിയെ ആലുവയിലെ മതകേന്ദ്രത്തിലെത്തിച്ചെന്നും, അവിടെവച്ച് ചികിത്സ കിട്ടാതെയാണ് നൂ‍‍ർജഹാൻ മരിച്ചതെന്നുമാണ് ആരോപണം.

കഴിഞ്ഞ ഒരു വർഷമായി നൂർജഹാന് തൊലിപ്പുറത്ത് വ്രണമുണ്ടായി പഴുപ്പുവരുന്ന രോഗമുണ്ടായിരുന്നെന്ന് ബന്ധുക്കൾ പറയുന്നു. എന്നാല്‍ രോഗം കലശലായപ്പോൾ പോലും ജമാല്‍ ഭാര്യക്ക് ആശുപത്രി ചികിത്സ നല്‍കിയില്ലെന്നാണ് ആരോപണം. നേരത്തെ ജമാലിന്‍റെ എതിർപ്പവഗണിച്ച് ബന്ധുക്കൾ യുവതിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കിയിരുന്നു, പക്ഷേ ചികിത്സ തുടരാന്‍ ജമാല്‍ അനുവദിച്ചില്ല.

ചൊവ്വാഴ്ച വൈകീട്ട് വൈകീട്ട് ഭാര്യയെയുംകൊണ്ട് ആലുവയിലേക്ക് പോയ ജമാല്‍ പുലർച്ചയോടെ മരണവിവരം ബന്ധുക്കളെ വിളിച്ചറിയിച്ചു. ആശുപത്രി ചികിത്സ നല്‍കാതെ മന്ത്രവാദ ചികിത്സ നടത്തിയതാണ്  മരണകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. നൂർജഹാന്‍റെ അമ്മയും ബന്ധുവുമാണ് വളയം പോലീസില്‍ പരാതി നല്‍കിയത്.

മൃതദേഹവുമായി ആലുവയില്‍നിന്നും കല്ലാച്ചിയിലേക്ക് വന്ന ആംബുലന്‍സ് പോലീസ് തടഞ്ഞാണ് മൃതദേഹം വടകര ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയത്. ബന്ധുക്കളുടെ പരാതിയില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണമാരംഭിച്ചെന്ന് വളയം സിഐ അറിയിച്ചു. നാളെ ഇന്‍ക്വസ്റ്റ് നടപടികൾക്ക് ശേഷം തുടർ നടപടികളെടുക്കുമെന്നും പോലീസ് അറിയിച്ചു.

 

കണ്ണൂരിലെ ഫാത്തിമയുടെ മരണം

ഈ വർഷം നവംബറിൽ സമാനമായ കേസ് കണ്ണൂരിൽ നിന്ന് റിപ്പോർട്ട് ചെയ്തിരുന്നു. പതിനൊന്ന് വയസുകാരിയാണ് ചികിത്സ നിഷേധിച്ച് മന്ത്രവാദം നടത്തിയതിനെ തുടർന്ന് മരിച്ചത്. ഗുരുതരമായി പനിബാധിച്ചിട്ടും ഫാത്തിമയ്ക്ക് ചികിത്സ നൽകാതെ മന്ത്രിച്ച് ഊതൽ നടത്തിയതിന് പിതാവ് സത്താറിനെയും സിറ്റി കുഞ്ഞിപ്പള്ളി ഇമാം ഉവൈസിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇമാം ഉവൈസിന്റെ പ്രേരണമൂലം ചികിത്സ തേടാതെ വേറെയും രോഗികൾ മരിച്ചിട്ടുള്ളതായും അന്ന് പരാതി ഉയർന്നിരുന്നു. 

click me!