
കൊച്ചി: കൊച്ചി മേയർ സൗമിനി ജെയിന്‍റെ രാജിപ്രഖ്യാപനം ഇന്നുണ്ടായേക്കും. മേയറടക്കം ഭരണസമിതിയിലെ എല്ലാ അംഗങ്ങളേയും മാറ്റിയേക്കുമെന്നാണ് സൂചന. ഇക്കാര്യം കെപിസിസി പ്രസിഡന്‍റ് തന്നെ തിരുവനന്തപുരത്തുവച്ച് മേയറെ അറിയിക്കും. എറണാകുളം ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷം കുത്തനെ കുറഞ്ഞതോടെയാണ് കൊച്ചിമേയറെ മാറ്റണമെന്ന ആവശ്യം ജില്ലയിലെ കോൺഗ്രസ് നേതാക്കൾക്കിടയിൽ ശക്തമായത്.
മേയറെ നീക്കാൻ എ, ഐ ഗ്രൂപ്പുകൾ ഒരുമിച്ച് ചരടുവലികൾ നടത്തുന്നതിനിടെയാണ് സൗമിനി ജെയിനെ കെപിസിസി പ്രസിഡന്‍റ് ഇന്ന് തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യങ്ങൾ മുല്ലപ്പള്ളി രാമചന്ദ്രൻ മേയറെ ധരിപ്പിക്കും. ഇന്ന് തന്നെ സൗമിനി ജെയിന്‍ രാജിപ്രഖ്യാപനം നടത്തിയേക്കുമെന്നാണറിയുന്നത്. മുൻ ധാരണ പ്രകാരം എല്ലാ സ്ഥിരം സമിതി അധ്യക്ഷന്മാരേയും മാറ്റിക്കൊണ്ടുള്ള തീരുമാനവും ഇന്ന് കെപിസിസി അധ്യക്ഷനിൽ നിന്നുണ്ടായേക്കും. സൗമിനി ജെയിനെ മാറ്റാനുള്ള തീരുമാനങ്ങൾക്കിടെ ആരാകും അടുത്ത മേയർ എന്നുള്ള ചർച്ചകളും കൊച്ചിയിൽ സജീവമായി. ഫോർട്ട് കൊച്ചിയിൽ നിന്നുള്ള ഷൈനി മാത്യു , പാലാരിവട്ടത്തുനിന്നുള്ള കൗൺസിലർ വികെ മിനിമോൾ എന്നിവരുടെ പേരുകളാണ് ആദ്യപരിഗണനയിൽ.
ഗ്രൂപ്പ് സമവാക്യമനുസരിച്ച് പശ്ചിമകൊച്ചി കോണം കൗൺസിലറായ കെ ആർ പ്രേംകുമാറിനെ ഡെപ്യൂട്ടി മേയറാക്കിയാൽ പശ്ചിമകൊച്ചിയിൽ നിന്നും തന്നെയുള്ള ഷൈനി മാത്യുവിന്‍റെ മേയർ സാധ്യതകൾ മങ്ങും,പകരം വി കെ മിനിമോൾ കൊച്ചിമേയറാകും. ഒപ്പം എ ഗ്രൂപ്പിലെ എംബി മുരളീധരനേയും ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. മേയർ സ്ഥാനം എ ഗ്രൂപ്പിനും ഡെപ്യൂട്ടി മേയർ സ്ഥാനം ഐ ഗ്രൂപ്പിനുമെന്ന ധാരണയും സമുദായിക പരിഗണനയും സ്ഥാനനിർണയത്തിൽ നിർണ്ണായകമാകും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam