
തിരുവനന്തപുരം: എറണാകുളത്തു നിന്നും സ്ഥലം മാറി നാല് മാസം കഴിഞ്ഞിട്ടും ക്യാമ്പ് ഓഫീസ് വിട്ടു നൽകാതെ എസ് പി ഹേമലത. നിലവിൽ കൊല്ലം കമ്മീഷണർ ആണ് ഹേമലത. ഹേമലതക്ക് മെമ്മോ നൽകിയിരിക്കുകയാണ് പൊലീസ് ആസ്ഥാന ഐജി ഹർഷിത അട്ടല്ലൂരി. ഉടൻ ഓഫീസ് കൈമാറണമെന്നാണ് നിർദ്ദേശം. ഇപ്പോഴത്തെ എറണാകുളം റൂറൽ എസ്പി സുദർശൻ താമസിക്കുന്നത് ആലുവ പൊലീസ് ക്ലബിലാണ്. നിരവധി പ്രാവശ്യം ആവശ്യപ്പെട്ടിട്ടും ഹേമതല എസ്പി ഓഫീസ് വിട്ടു നൽകിയില്ല. ഹേമലതയുടേത് ഗുരുതര ചട്ടലംഘനമാണെമന്ന നിലപാടിലാണ് ഡിജിപി.
ഇലക്ഷന് മുൻപാണ് എറണാകുളം റൂറൽ എസ്പി ആയിരുന്ന ഹേമതലയെ കൊല്ലം കമ്മീഷണറായി സ്ഥലം മാറ്റിയത്. തിരുവനന്തപുരം റൂറൽ എസ്പി ആയിരുന്ന സുദർശനെ എറണാകുളം റൂറൽ എസ്പിയായും നിയമിച്ചു. എസ്പിയുടെ ക്വാർട്ടേഴ്സ് എന്ന് പറഞ്ഞാൽ ക്യാമ്പ് ഓഫീസാണ്. ജീവനക്കാരൊക്കെയുള്ള ഡെസ്ഗ്നേറ്റഡ് ഓഫീസാണത്. നാല് മാസമായിട്ടും എസ് പി ഹേമലത ഈ ക്യാമ്പ് ഓഫീസ് ഒഴിഞ്ഞില്ല. ഡിജിപി രണ്ടു തവണ ഹേമലതയോട് ഓഫീസ് ഒഴിയാൻ ആവശ്യപ്പെട്ടിരുന്നു.
തുടർന്നാണ് പൊലീസ് ആസ്ഥാന ഐജി ഹർഷിത അട്ടല്ലൂരി അന്ത്യശാസനം പുറപ്പെടുവിച്ചത്. ജൂണ്‍ 30ന് മുൻപ് ക്യാമ്പ് ഓഫീസ് ഒഴിഞ്ഞില്ലെങ്കിൽ ഗുരുതര ചട്ടലംഘനമായി കണക്കാക്കുമെന്നും തുടർ നടപടി സ്വീകരിക്കുമെന്നാണ് അറിയിച്ചത്. ഇലക്ഷന്‍റെ ഭാഗമായി സ്ഥലം മാറ്റിയെങ്കിലും എറണാകുളം റൂറലിക്ക് തിരിച്ചുവരും എന്ന പ്രതീക്ഷ കൊണ്ടാണ് ഹേമലത ക്യാമ്പ് ഓഫീസ് ഒഴിയാത്തത് എന്നാണ് വിവരം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam