വരുന്നത് അതേ ഷൗക്കത്തലി, ടിപി കേസിൽ നടുറോഡിൽ ജില്ലാ സെക്രട്ടറിയെ അറസ്റ്റ് ചെയ്ത ചരിത്രം, എന്നും സിപിഎം കണ്ണിലെ കരട്; ഗൺമാൻ 'രക്ഷാപ്രവർത്തനം' തെളിയും?

Published : May 19, 2026, 09:10 PM IST
SP Shaukath Ali

Synopsis

നവകേരള സദസിനിടെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ പുനരന്വേഷണം പ്രഖ്യാപിച്ചു. ടിപി ചന്ദ്രശേഖരൻ വധക്കേസിലൂടെ സിപിഎമ്മിന്റെ കണ്ണിലെ കരടായ എസ്പി എ പി ഷൗക്കത്തലിയാണ് പുതിയ പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നൽകുന്നത്

തിരുവനന്തപുരം: നവകേരള സദസ് യാത്രക്കിടെ അന്നത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഗണ്‍മാൻമാർ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരെ തല്ലി ചതച്ച കേസിൽ പുനരന്വേഷണം തുടങ്ങുമ്പോൾ ശ്രദ്ധാ കേന്ദ്രമാകുന്നത് അന്വേഷണത്തിന് മേൽനേട്ടം വഹിക്കുന്ന എസ് പിയായ എ പി ഷൗക്കത്തലി കൂടിയാണ്. ടി പി ചന്ദ്രശേഖരൻ വധ കേസിൽ സി പി എം നേതാവ് പി മോഹനനെ നടുറോഡിൽ വെച്ച് അറസ്റ്റ് ചെയ്ത അതേ ഷൗക്കത്തലിയാണ് മടങ്ങിയെത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ പിണറായി പറഞ്ഞ ഗൺമാൻമാരുടെ 'രക്ഷാപ്രവർത്തന' കേസിലെ തുടരന്വേഷണം സി പി എമ്മിന് തലവേദനയാകുമെന്ന് ഉറപ്പാണ്. വി ഡി എസ് സർക്കാരിന്‍റെ ആദ്യ കാബിനറ്റ് എടുത്ത തീരുമാനമാണ് പുനരന്വേഷണം. സി പി എമ്മിന്‍റെ കണ്ണിലെ കരടായ എസ് പി ഷൗക്കത്തലിയുടെ നേതൃത്വത്തിലെ ടീമിനെ തന്നെ നിയോഗിച്ചതിലൂടെ സതീശൻ നൽകുന്ന സന്ദേശവും കൃത്യമാണ്.

സിപിഎമ്മിന്‍റെ കണ്ണിലെ കരട്, ഷൗക്കത്തലി ചില്ലറക്കാരനല്ല

ടി പി കേസിലെ കൊലയാളികളെ മുടക്കോഴിമലയിൽ നിന്ന് അതിസാഹസികമായി പിടിച്ച ഉദ്യോഗസ്ഥനാണ് ഷൗക്കത്തലി. സി പി എം കോഴിക്കോട് ജില്ലാ സെക്രട്ടറിയായിരിക്കെ പി മോഹനനെ നടുറോഡിൽ വണ്ടി തടഞ്ഞ് അറസ്റ്റ് ചെയ്തതും മറ്റാരുമല്ല. സി പി എം അധികാരത്തിലെത്തിയപ്പോൾ എൻ ഐ ഐ ഡെപ്യൂട്ടേഷനിലേക്ക് പോയ ഷൗക്കത്തലിക്ക് പിന്നീട് ഐ പി എസും കിട്ടി. സംസ്ഥാന സർവ്വീസിലേക്ക് മടങ്ങിയെത്തിയെങ്കിലും പ്രധാന തസ്തികയിലൊന്നും പിണറായി സർക്കാർ അടുപ്പിച്ചില്ല. വി ഡി എസ് സർക്കാർ വന്ന ശേഷം ആഭ്യന്തരവകുപ്പിൽ നിന്നിറങ്ങിയ ആദ്യ ഉത്തരവ് തന്നെ ഷൗക്കത്തലിയെ എസ് ഐ ടി തലവനാക്കി രക്ഷാപ്രവർത്തനത്തെ കുറിച്ചുള്ള അന്വേഷണമാണ് എന്നത് ശ്രദ്ധേയമാണ്. പിണറായിയെ കരിങ്കൊടി കാണിച്ചതിന് ഗൺമാൻമാർ അടിച്ച എ ഡി തോമസ് ഇന്ന് ആലപ്പുഴ എം എൽ എയാണ്. അടികൊണ്ടിട്ടും തോമസ് അടക്കം അടികിട്ടിയവർ പരാതിപ്പെട്ടിട്ടും പൊലീസ് കേസെടുത്തില്ല. കോടതി നിർദ്ദേശ പ്രകാരം കേസെടുത്തുവെങ്കിലും ഗണ്‍മാൻമാരെ വെള്ളിപൂശി ആലപ്പുഴ ജില്ലാ ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകി. ദൃശ്യങ്ങള്‍ സഹിതം പരാതിക്കാർ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയപ്പോള്‍ വെളളപൂശിയ റിപ്പോർട്ട് തള്ളി തുടരന്വേഷണം കോടതി ഉത്തരവിട്ടു. ഈ ഉത്തരവ് ആയുധമാക്കിയാണ് സതീശൻ പുനരന്വേഷണത്തിന് ഷൗക്കത്തലിക്ക് താക്കോൽ കൈമാറിയത്. ഡി വൈ എസ് പി ബൈജു പൗലോസാണ് അന്വേഷണ ഉദ്യോഗസ്ഥൻ. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് ഡി ജി പിയുടെ ഉത്തരവ്. എസ് ഐ ടി റിപ്പോർട്ട് എന്തായാലും അത് വലിയ രാഷ്ട്രീയ പ്രാധാന്യം നേടുമെന്ന് ഉറപ്പാണ്. എസ് ഐ ടി അന്വേഷണത്തിൽ ഗണ്‍മാൻമാർ കുറ്റക്കാരെന്ന കണ്ടെത്തിയാൽ വകുപ്പ് തല അന്വേഷണവും ക്രിമിനൽ നടപടിയും നേരിടേണ്ടിവരുമെന്നതും യാഥാർഥ്യം.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ആഭ്യന്തരവകുപ്പിൽ പണി തുടങ്ങി; ഇടത് അനകൂല അസോസിയേഷൻ നേതാവ് തെറിച്ചു, പ്രത്യേക സ്ഥലംമാറ്റ ഉത്തരവിറക്കി ഡിജിപി
അതിവേഗം വി ഡി സതീശൻ, നിർണായക പ്രഖ്യാപനത്തിൽ വേഗത്തിൽ തന്നെ ഉത്തരവിറങ്ങി; കേരളത്തിൽ വയോജനക്ഷേമ വകുപ്പ് രൂപീകരിച്ചു