'ചുവപ്പ് പരവതാനി, കൈ കൊട്ടി പാട്ടുമായി വീട്ടുകാര്‍'; മാളിയേക്കല്‍ തറവാട്ടില്‍ സ്പീക്കര്‍ക്ക് സ്വീകരണം- വീഡിയോ

By Web TeamFirst Published Sep 20, 2022, 10:43 AM IST
Highlights

സ്പീക്കറെ സ്വാഗതം ചെയ്യുന്നുവെന്ന ഗാനം പാടി സ്വീകരിക്കുന്നതിന്റെ വീഡിയോ ഷംസീർ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചു. 

കണ്ണൂർ :  കേരള നിയമസഭാ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം തലശ്ശേരിയിലെത്തിയ എ എൻ ഷംസീറിനെ സ്വീകരിച്ച് മാളിയേക്കൽ കുടുംബം. മാളിയേക്കലിലെ വീട്ടുകാരെല്ലാം ചേർന്ന് പാട്ടുപാടിയും കൈകൊട്ടിയും പൂക്കൾ നൽകിയുമാണ് ചുവപ്പ് പരവതാനി വിരിച്ച് സ്പീക്കറെ സ്വീകരിച്ചത്. സ്പീക്കറെ സ്വാഗതം ചെയ്യുന്നുവെന്ന ഗാനം പാടി സ്വീകരിക്കുന്നതിന്റെ വീഡിയോ ഷംസീർ തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചു. 

കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെ കാലമായി ഈ കുടുംബവുമായി തനിക്ക് അടുത്ത ആത്മബന്ധമുണ്ടെന്നും നിയമസഭ സ്പീക്കറായി ചുമതലയേറ്റ ശേഷം ഈ കുടുംബത്തിലേക്ക് കയറിചെല്ലുമ്പോൾ അവർ നൽകിയ സ്വീകരണം എക്കാലവും മനസ്സിൽ സൂക്ഷിക്കുവാനുള്ള നല്ല നിമിഷങ്ങളായെന്നും വീഡിയോ പങ്കുവച്ചുകൊണ്ട് ഷംസീർ കുറിച്ചു. 

കേരള നിയമസഭയുടെ 24-ാമത് സ്പീക്കറായി സെപ്തംബർ 12നാണ് എ എന്‍ ഷംസീര്‍ തെരഞ്ഞെടുക്കപ്പെട്ടത്. എം ബി രാജേഷ് രാജിവച്ച് മന്ത്രിയായ ഒഴിവിലേക്കായിരുന്നു തെരഞ്ഞെടുപ്പ്. എല്‍ഡിഎഫ് സ്ഥാനാർത്ഥിയായി എ എൻ ഷംസീറും യുഡിഎഫ് സ്ഥാനാർത്ഥിയായി
അൻവർ സാദത്തും മത്സരിച്ചിരുന്നു. ഷംസീറിന്  96 വോട്ട് ലഭിച്ചു. അൻവർ സാദത്തിന് 40 വോട്ടും കിട്ടിയിരുന്നു. 

ഷംസീറിന്ഫെ പോസ്റ്റ്

മനസ്സുനിറച്ച് മാളിയേക്കൽ.
ഒരു കുടുംബമാകെ ഒത്തൊരുമിച്ച് കൊട്ടിപാടി, പുഞ്ചിരി നൽകി കൊണ്ട്  സ്നേഹത്താൽ മനസ്സ് നിറച്ചു കൊണ്ട് എന്നെ വരവേൽക്കുന്നത് തലശ്ശേരിയിലെ മാളിയേക്കൽ വീട്ടിലെ അംഗങ്ങളാണ്. 
കഴിഞ്ഞ രണ്ട് പതിറ്റാണ്ടിലേറെ കാലമായി ഈ കുടുംബവുമായി എനിക്ക് അടുത്ത ആത്മബന്ധമുണ്ട്. നിയമസഭ സ്പീക്കറായി ചുമതലയേറ്റ ശേഷം ഈ കുടുംബത്തിലേക്ക് കയറിചെല്ലുമ്പോൾ അവർ നൽകിയ ഈ സ്വീകരണം എക്കാലവും മനസ്സിൽ സൂക്ഷിക്കുവാനുള്ള കൂട്ടായ്മയുടെ, സൗഹൃദത്തിന്റെ നല്ല നിമിഷങ്ങളായി മാറി.
മാളിയേക്കൽ മറിയുമ്മയെ ഈ അവസരത്തിൽ ഓർത്ത് പോവുകയാണ്. ഏതാനും ദിവസങ്ങൾ മുൻപാണ് തലശ്ശേരിയുടെ ചരിത്രത്തിനൊപ്പം സ്വന്തം പേരും എഴുതിചേർത്ത മറിയുമ്മ നമ്മെ വിട്ടുപിരിഞ്ഞത്.
അതിഥിയായല്ല, ഈ കുടുംബത്തിലെ ഒരു അംഗമായാണ് ഇവിടെ ഓരോ തവണ എത്തുമ്പോഴും എനിക്ക് അനുഭവപ്പെടാറുള്ളത്. എക്കാലവും അളവറ്റ സ്‌നേഹത്താൽ ഹൃദയം കീഴടക്കുന്ന മാളിയേക്കൽ കുടുംബത്തിന് നന്ദി...

click me!