
തിരുവനന്തപുരം: നിയമസഭയിൽ ധനമന്ത്രി കെ എൻ ബാലഗോപാലിനോട് സ്പീക്കർ എ എൻ ഷംസീറിന്‍റെ റൂളിംഗ്. ചോദ്യങ്ങൾക്കുള്ള മറുപടി നീളുന്ന വിഷയത്തിലാണ് ധനമന്ത്രിക്ക് സ്പീക്കറുടെ റൂളിംഗ് ലഭിച്ചത്. നിയമസഭാ ചോദ്യങ്ങൾക്ക് സമയബന്ധിതമായി മറുപടി നൽകണമെന്നും ഇക്കാര്യത്തിൽ മറ്റ് മന്ത്രിമാരെ ധനമന്ത്രി കെ എൻ ബാലഗോപാൽ മാതൃകയാക്കണമെന്നും സ്പീക്കർ എ എൻ ഷംസീർ പറഞ്ഞു.
ധനവകുപ്പുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി കിട്ടുന്നില്ലെന്ന് പ്രതിപക്ഷം ഉന്നയിച്ച ക്രമ പ്രശ്നത്തിലാണ് സ്പീക്കറുടെ ഇടപെടലുണ്ടായത്. നടപ്പ് സമ്മേളനത്തിലെ 199 ചോദ്യങ്ങൾ അടക്കം 300 ഓളം ചോദ്യങ്ങൾക്ക് ധനവകുപ്പ് മറുപടി നൽകിയിട്ടില്ലെന്ന് പ്രതിപക്ഷം ചൂണ്ടികാട്ടിയിരുന്നു. നടപ്പ് സമ്മേളനത്തിലെ ചോദ്യങ്ങൾക്ക് ഉത്തരം നൽകേണ്ട സമയപരിധി തീർന്നിട്ടില്ലെന്നും വർഷങ്ങൾ പഴക്കമുള്ള വിവരങ്ങൾ ക്രോഡീകരിക്കേണ്ടത് ഉള്ളതുകൊണ്ടാണ് മറ്റു മറുപടികൾ വൈകുന്നതെന്നും മന്ത്രി മറുപടി നൽകി.
എന്നാൽ അത്യാവശ്യ ഘട്ടങ്ങളിൽ മാത്രമേ സമയപരിധി ഉപയോഗപ്പെടുത്താവു എന്ന് സ്പീക്കർ എ എൻ ഷംസീർ ധനമന്ത്രിയോട് പറഞ്ഞു. മുൻ റൂളിംഗുകൾ അനുസരിച്ചാണ് മറ്റ് മന്ത്രിമാർ പ്രവർത്തിക്കുന്നത്. ധനമന്ത്രിയും മറ്റ് മന്ത്രിമാരുടെ മാതൃക ഇക്കാര്യത്തിൽ പിന്തുടരണമെന്നും സ്പീക്കർ ഓർമ്മിപ്പിച്ചു.
സ്പീക്കറുടെ റൂളിംഗ് ഇപ്രകാരം
ഗൗരവമുള്ള ക്രമപ്രശ്നം വരുമ്പോൾ പോലും സാമാജികർ സഭയില്ലാത്തത് നല്ല പ്രവണത അല്ലെന്ന് സ്പീക്കറുടെ റൂളിംഗ്. സഭാ നടപടികൾ പഠിക്കാനുള്ള അവസരമായി കൂടി കാണണം. പ്രതിപക്ഷ നേതാവിന്റെ ക്രമപ്രശ്നം വിശദമായി പരിശോധിച്ചു. കിഫ്ബിയുടെ വാർഷിക റിപ്പോർട്ട് കാലാവധി തീർന്ന ശേഷം സഭയിൽ വക്കുമ്പോൾ ആവശ്യമായ വിശദീകരണം കൂടി ലഭ്യമാക്കേണ്ടതായിരുന്നു. കാലതാമസം ഇല്ലാതെ ബന്ധപ്പെട്ട രേഖകൾ സഭയിലെത്തിക്കാൻ ധനവകുപ്പ് ശ്രദ്ധിക്കണം.3099 ചോദ്യങ്ങളിൽ 256 മറുപടി ശേഷിക്കുന്നു. നടപ്പ് സമ്മേളനത്തിൽ 199 ചോദ്യങ്ങൾക്കും മറുപടി നൽകിയിട്ടില്ല. അത്യാവശ്യ സന്ദർഭങ്ങളിലല്ലാതെ സമയപരിധി ആനുകൂല്യം എടുക്കരുത്. ഇതിനു മുൻപ് ഇക്കാര്യം ചൂണ്ടിക്കാട്ടിയപ്പോൾ മന്ത്രിമാരിൽ പലരും സമയ നിഷ്ഠ പാലിച്ച് തുടങ്ങി. മറ്റ് മന്ത്രിമാരുടെ മാതൃക ധനമന്ത്രി പിന്തുടരണമെന്നും സ്പീക്കറുടെ റൂളിംഗ്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam