'ഒരു കുറ്റവാളിയും രക്ഷപ്പെടില്ല'; പെൺകുട്ടിക്കും കുടുംബത്തിനും എല്ലാ പിന്തുണയും നൽകും; എംബി രാജേഷ്

By Web TeamFirst Published Jul 8, 2021, 7:29 PM IST
Highlights

വിവരങ്ങൾ അറിഞ്ഞപ്പോൾ തന്നെ ആവശ്യമായ നിയമസഹായം വീട്ടുകാർക്ക് നൽകിയെന്നും അന്നേദിവസം തന്നെ മുഖ്യമന്ത്രിക്ക് പരാതി നൽകാൻ നിർദേശിച്ചെന്നും എംബി രാജേഷ് വ്യക്തമാക്കി

പാലക്കാട്: തൃത്താലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച സംഭവത്തിൽ എല്ലാ പ്രതികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്ന് സ്ഥലം എംഎൽഎ കൂടിയായ സ്പീക്കർ എം ബി രാജേഷ്. വിവരങ്ങൾ അറിഞ്ഞപ്പോൾ തന്നെ ആവശ്യമായ നിയമസഹായം വീട്ടുകാർക്ക് നൽകിയെന്നും അന്നേദിവസം തന്നെ മുഖ്യമന്ത്രിക്ക് പരാതി നൽകാൻ നിർദേശിച്ചെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട ഒരു കുറ്റവാളിയും രക്ഷപ്പെടാൻ അനുവദിക്കില്ലെന്നും എല്ലാ പ്രതികളെയും നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും പറഞ്ഞ എം ബി രാജേഷ് പെൺകുട്ടിക്കും കുടുംബത്തിനും എല്ലാ പിന്തുണയും നൽകുമെന്നും കൂട്ടിച്ചേർത്തു.

അതേസമയം കേസുമായി ബന്ധപ്പെട്ട് മൂന്നുപേർ പിടിയിലായിട്ടുണ്ട്. അഭിലാഷ്, നൗഫൽ, മുഹമ്മദ് എന്നിവരാണ് അറസ്റ്റിലായിട്ടുള്ളത്. തൃത്താലയിലെ മയക്കുമരുന്ന് നൽകിയുള്ള പീഡനവിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. തൃത്താല സ്വദേശിയായ 18 വയസ്സുള്ള പെൺകുട്ടിയെ 2019 മുതൽ മയക്കുമരുന്ന് നൽകി പീഡിപ്പിച്ചതായി അമ്മയാണ് പരാതിയുമായി രംഗത്തെത്തിയത്. പതിനാറു വയസ്സു മുതൽ മയക്കുമരുന്നു നൽകിയും നഗ്നചിത്രങ്ങള്‍ കാട്ടിയും പീഡിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടിയും മൊഴി നൽകിയിരുന്നു.

പെൺകുട്ടിക്ക് കഞ്ചാവ്, കൊക്കൈയ്ൻ, എംഡിഎംഎ ഉൾപ്പെടെയുള്ള മയക്കുമരുന്നുകളക്കം നൽകിയായിരുന്നു പീഡനമെന്നാണ് വ്യക്തമാകുന്നത്. പിതാവിന്‍റെ സുഹൃത്തായ മുഹമ്മദെന്ന ഉണ്ണിയും സുഹൃത്തുക്കളായ നൗഫലും അഭിലാഷും ചേർന്നായിരുന്നു പീഡിപ്പിച്ചിരുന്നത്. മുഹമ്മദിനും നൗഫലിനുമെതിരെ പോക്സോ കുറ്റം ചുമത്തിയിട്ടുണ്ട്. പെൺകുട്ടിക്ക് പ്രായപൂർത്തിയായ ശേഷം ഉപദ്രവിച്ച അഭിലാഷിനെതിരെ ബലാത്സംഗക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.

അതേസമയം മയക്കുമരുന്ന് റാക്കറ്റിൽ ഉൾപ്പെട്ടവരെക്കുറിച്ചടക്കം പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കേസുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് റാക്കറ്റിനെക്കുറിച്ചുള്ള അന്വേഷണവും പൊലീസ് തുടങ്ങിയിട്ടുണ്ട്. സംഘത്തിന്‍റെ വലയിൽ കൂടുതൽ പെൺകുട്ടികൾ പെട്ടിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതികളുടെ സോഷ്യൽ മീഡിയ അകൗണ്ടുകളും  നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.  പൊലീസ് ഇടപെടൽ കാര്യക്ഷമമല്ലെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പാലക്കാട് സിവിൽ സ്റ്റേഷനു മുന്നിൽ പന്തം കൊളുത്തി പ്രതിഷേധം നടത്തിയിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

click me!