ബിജെപി നേതാവ് എ എന്‍ രാധാകൃഷ്ണന് വക്കീല്‍ നോട്ടീസയച്ച് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ

By Web TeamFirst Published Jul 17, 2020, 12:14 AM IST
Highlights

2019 ജൂണ്‍ ആറിന് എറണാകുളത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ സ്പീക്കർക്കൊപ്പം സ്വപ്നയുണ്ടായിരുന്നുവെന്നാണ് എ എൻ രാധാകൃ്ഷണന്‍റെ ആരോപണം. ആ ദിവസങ്ങളിൽ എറണാകുളത്ത് പോയിട്ടില്ലെന്ന രേഖകൾ ചൂണ്ടിക്കാട്ടിയാണ് ശ്രീരാമകൃഷ്ണൻ വക്കീൽ നോട്ടീസ് അയച്ചത്.

തിരുവനന്തപുരം: ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണനെതിരെ  നിയമനടപടിക്കൊരുങ്ങി സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി തനിക്ക് വ്യക്തി ബന്ധമുണ്ടെന്ന ആരോപണത്തിനെതിരെയാണ് സ്പീക്കറുടെ നടപടി. 2019 ജൂണ്‍ ആറിന് എറണാകുളത്തെ പഞ്ചനക്ഷത്ര ഹോട്ടലിൽ സ്പീക്കർക്കൊപ്പം സ്വപ്നയുണ്ടായിരുന്നുവെന്നാണ് എ എൻ രാധാകൃ്ഷണന്‍റെ ആരോപണം.

ആ ദിവസങ്ങളിൽ എറണാകുളത്ത് പോയിട്ടില്ലെന്ന രേഖകൾ ചൂണ്ടിക്കാട്ടിയാണ് ശ്രീരാമകൃഷ്ണൻ വക്കീൽ നോട്ടീസ് അയച്ചത്. ആരോപണങ്ങൾ പിൻവലിച്ച് എ എൻ രാധാകൃഷ്ണൻ മാപ്പ് പറയണമെന്നാണ് ആവശ്യം. നഷ്ടപരിഹാരമായി ഒരു കോടി രൂപയും ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, സ്വര്‍ണ്ണ കള്ളക്കടത്ത് കേസിലെ പ്രതികളുമായി ബന്ധം ആരോപിച്ച് തനിക്കെതിരെ നടക്കുന്ന ആരോപണങ്ങള്‍ എല്ലാ സീമകളും ലംഘിച്ചുകൊണ്ടാണെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. ആരോപണങ്ങള്‍ അത്യന്തം വേദനാജനകവും നിര്‍ഭാഗ്യകരവുമാണ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സ്പീക്കര്‍ തനിക്കെതിരെ നടക്കുന്ന പ്രചാരണങ്ങള്‍ക്ക് വിശദീകരണവുമായി രംഗത്തെത്തിയത്.

രാഷ്ട്രീയ വൈരം മൂത്ത് തനിക്കെതിരെ നടക്കുന്നത് എല്ലാ സീമകളും ലംഘിച്ചുകൊണ്ടുള്ള വ്യക്തിഹത്യയാണെന്ന് സ്പീക്കര്‍ പറയുന്നു. മുഖ്യമന്ത്രിക്ക് നേരെയുള്ള കുന്തമുന ലക്ഷ്യം കാണാതാവുമ്പോള്‍ കാണിക്കുന്ന  രാഷ്ട്രീയ കൗശലമാണിത്. തനിക്കെതിരെയുള്ള നീക്കം മര്യാദയില്ലായ്മയുടെ ഉദാഹരണമാണ്. വ്യക്തഹത്യ നടത്തി ദുര്‍ബ്ബലപ്പെടുത്താനുള്ള ശ്രമം.

ആരോഗ്യപരമായ സ്ത്രീ-പുരുഷ സൗഹൃദങ്ങളെക്കുറിച്ച് അപാകത കാണുന്നവര്‍ മനസ്സിലുള്ള വൈകൃതമാണ് പുറത്തെടുക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷങ്ങള്‍ക്കിടയില്‍ യുഎഇയിലേക്ക് യാത്ര ചെയ്തത് 14 തവണയെന്നും സ്പീക്കർ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.

click me!