
തിരുവനന്തപുരം: നിയമസഭയിൽ ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം നല്‍കാത്തതില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജിന് സ്പീക്കറുടെ താക്കീത്. പി പി ഇ കിറ്റ് അഴിമതിയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം ആവർത്തിച്ചുവെന്ന പ്രതിപക്ഷ പരാതിയിൽ ആണ് സ്പീക്കറുടെ ഇടപെടൽ. ഈ ശൈലി ആവർത്തിക്കരുത് എന്ന സ്പീക്കരുടെ നിർദേശം നിയമ സഭ സെക്രട്ടറിയേറ്റ് മന്ത്രിയെ അറിയിച്ചു. കൊവിഡ് കാലത്ത് മെഡിക്കൽ സർവീസസ് കോർപ്പറേഷന്‍റെ പി പി ഇ കിറ്റ് പർച്ചേസിലടക്കം ഉണ്ടായ വൻ ക്രമക്കേടുകൾ ഏഷ്യനെറ്റ് ന്യൂസ് പുറത്തുകൊണ്ട് വന്നിരുന്നു.
ഈ വിഷയത്തിൽ ഉന്നയിച്ച വ്യത്യസ്ത ചോദ്യങ്ങൾക്ക് ആരോഗ്യമന്തി നൽകിയത് ഒരേ മറുപടി എന്നാണ് പ്രതിപക്ഷത്തിന്‍റെ പരാതി. മറുപടി മനപ്പൂര്‍വ്വം ഒഴിവാക്കുന്നു എന്നും വിവരം ലഭിക്കാൻ ഉള്ള അവകാശം ഇല്ലാതാകുന്നു എന്നും കാണിച്ചു എ പി അനിൽ കുമാർ സ്പീക്കർക്ക് പരാതി നല്‍കി. ഈ പരാതിയിലാണ് സ്പീക്കറുടെ കർശന ഇടപെടൽ. ചോദ്യങ്ങൾക്ക് അവ്യക്തമായ മറുപടി ആവർത്തിച്ചു നൽകരുത്. ഇത്തരം ശൈലി ഒഴിവാക്കണം എന്നും സ്പീക്കര്‍ അസാധാരണ മുന്നറിയിപ്പ് മന്ത്രിക്ക് നല്‍കി.
'വിഴിഞ്ഞം സമരം നിഷ്കളങ്കമല്ല, തുറമുഖനിര്‍മ്മാണം നിര്‍ത്തിവക്കില്ല,തീരശോഷണം പഠിക്കാൻ സമിതി ' മുഖ്യമന്ത്രി
വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിനെതിരെ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തിലുള്ള സമരം രണ്ടാഴ്ച പിന്നിടുന്ന സാഹചര്യം മുന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയില്‍ ഉന്നയിച്ചു. തീരവാസികളുടെ ആശങ്ക തീർക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു മത്സ്യ തൊഴിലാളികളെ ചിലർ തെറ്റിദ്ധരിപ്പിക്കുന്നു. തുറമുഖം വന്നാൽ തീരം നഷ്ടമാകും എന്നത് അന്ധവിശ്വാസം മാത്രമാണ്. ഇത് പരത്താന്‍ ചിലര്‍ കൂട്ടുനില്‍ക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തീരശോഷണം സംബന്ധിച്ച ആശങ്ക പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചു. മൂന്നു മാസത്തിനുള്ളിൽ ഇടക്കാല റിപ്പോർട്ട് നല്കാൻ ആവശ്യപ്പെടും. നിർമ്മാണം നിർത്തിവെക്കണം എന്ന ആവശ്യം ഒരു സാഹചര്യത്തിലും അംഗീകരിക്കാൻ ആകില്ല. സംഘർഷം ഉണ്ടാക്കണം എന്ന രീതിയിൽ ശ്രമം നടക്കുന്നു. സമരത്തോട് സംയമനം പാലിച്ചുള്ള നിലപാടാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.