
തിരുവനന്തപുരം : സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള കേന്ദ്ര സർക്കാർ ഓഫീസുകളിലെ വോട്ടർമാരായ ജീവനക്കാർക്ക് സാധാരണ സേവന ആവശ്യകതകൾക്ക് വിധേയമായി വോട്ട് ചെയ്യാൻ അനുമതി ലഭിക്കും. ഓഫീസിൽ വൈകി വരികയോ, നേരത്തെ പോകാൻ അനുവദിക്കുകയോ അല്ലെങ്കിൽ വോട്ടെടുപ്പ് ദിവസം പ്രത്യേക സമയം അനുവദിച്ചുകൊണ്ടോ ന്യായമായ സൗകര്യം നൽകുമെന്ന് കേന്ദ്ര സർക്കാരിന്റെ പേഴ്‌സണൽ & ട്രെയിനിങ് വകുപ്പ്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ കേന്ദ്രസർക്കാരിന് കത്ത് അയച്ചിരുന്നു.
രണ്ടാംഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിലെ പോസ്റ്റ് ഓഫീസുകൾ ഡിസംബർ എട്ടിന് വൈകിട്ട് 6 വരെ തുറന്നു പ്രവർത്തിക്കാൻ നിർദ്ദേശം നൽകിയതായി പോസ്റ്റ് മാസ്റ്റർ ജനറൽ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു. ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ജില്ലകളിൽ ഡിസംബർ ആറിന് വൈകുന്നേരം ആറ് മണി വരെയാണ് പോസ്റ്റ് ഓഫീസുകളുടെ പ്രവർത്തന സമയം. പോസ്റ്റൽ ബാലറ്റിനുള്ള അപേക്ഷകളും പോസ്റ്റൽ ബാലറ്റുകളും അയക്കുന്നതിനും സ്വീകരിക്കുന്നതിനും വേണ്ടിയാണ് ഈ നടപടി.
പോളിംഗ് ദിവസത്തിന്റെ തൊട്ടടുത്ത ദിവസം പ്രവൃത്തി ദിവസമാണെങ്കിൽ ആ ദിവസം കൂടി പോളിംഗ് ഉദ്യോഗസ്ഥർക്ക് ഡ്യൂട്ടി ലീവ് അനുവദിച്ചു നൽകണമെന്ന് ബന്ധപ്പെട്ട വകുപ്പ്, ഓഫീസ് മേധാവികൾക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ നിർദ്ദേശം നൽകി. പോളിംഗ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ ഡ്യൂട്ടി കാലയളവ് തിരഞ്ഞെടുപ്പിന്റെ തലേദിവസമായ പോളിംഗ് സാധനങ്ങളുടെ വിതരണദിവസം രാവിലെ മുതൽ പോളിംഗ് ദിവസം പോളിംഗ് സാധനങ്ങൾ സ്വീകരണ കേന്ദ്രത്തിൽ തിരികെ ഏൽപ്പിക്കുന്നത് വരെയാണ്. ഇത് പോളിംഗ് ദിവസം രാത്രി ഏറെ വൈകുകയോ, അടുത്ത ദിവസം രാവിലെ വരെ നീണ്ടുപോകുകയോ ചെയ്യാറുണ്ടെന്നതിനാലാണ് ഈ ആനുകൂല്യം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam