ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23നും 30നും പ്രത്യേക ക്രമീകരണങ്ങൾ; റെക്കോർഡിട്ട് വിവാഹ ബുക്കിങ്

Published : Aug 18, 2026, 06:50 PM IST
guruvayur temple

Synopsis

ഗുരുവായൂർ ക്ഷേത്രത്തിൽ വരും ദിവസങ്ങളിൽ നടക്കാനിരിക്കുന്ന വിവാഹങ്ങളുടെ പശ്ചാത്തലത്തിൽ ദേവസ്വം പ്രത്യേക ക്രമീകരണങ്ങൾ ഏർപ്പെടുത്തി. പുലർച്ചെ 4 മണി മുതൽ വിവാഹങ്ങൾ നടത്താനും കൂടുതൽ മണ്ഡപങ്ങൾ ഒരുക്കാനും തീരുമാനമായി. ഭക്തജന തിരക്ക് നിയന്ത്രിക്കുന്നതിനായി ദർശനത്തിനും വിവാഹ ചടങ്ങുകൾക്കും പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ആഗസ്റ്റ് 23 ഞായറാഴ്ച 422 ഉം ആഗസ്റ്റ് 30 ന് 338ഉം സെപ്റ്റംബർ 13ന് 320 ഉം വിവാഹ ബുക്കിങ്. ദർശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താൻ പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കാൻ ദേവസ്വം ചെയർമാൻ എ വി ഗോപിനാഥിന്‍റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ തീരുമാനമായി. ഭക്തർക്ക് തടസ്സമില്ലാതെ ക്ഷേത്ര ദർശനത്തിനും വിവാഹ ചടങ്ങുകൾ ഭംഗിയായി നടത്തുന്നതിനും പൊലീസ് സഹകരണത്തോടെ സജ്ജീകരണമൊരുക്കുമെന്നാണ് അറിയിപ്പ്. ഭക്തരുടെ സുരക്ഷയ്ക്കായി ക്ഷേത്രത്തിനകത്തും പുറത്തും ക്ഷേത്രനഗരിയിലും അധികം പൊലീസിനെ വിന്യസിക്കാൻ ജില്ലാ പൊലീസ് മേധാവിക്ക് കത്ത് നൽകാൻ യോഗത്തിൽ തീരുമാനമായി.

വിവാഹം പുലർച്ചെ 4 മണി മുതൽ; കൂടുതൽ മണ്ഡപങ്ങൾ

സമയബന്ധിതമായി വിവാഹ ചടങ്ങുകൾ പൂർത്തിയാക്കാൻ ആഗസ്റ്റ് 23, ആഗസ്റ്റ് 30, സെപ്റ്റംബർ 13 തീയതികളിൽ പുലർച്ചെ 4 മണി മുതൽ കല്യാണങ്ങൾ നടത്തും. താലികെട്ടിനായി 6 മണ്ഡപങ്ങൾ സജ്ജമാക്കും. താലികെട്ട് ചടങ്ങ് നിർവ്വഹിക്കാൻ ക്ഷേത്രംകോയ്മമാരെ മണ്ഡപത്തിലേക്ക് അധികമായി നിയോഗിക്കും. വിവാഹമണ്ഡപത്തിന് സമീപം മംഗളവാദ്യസംഘത്തെയും നിയോഗിക്കും. ക്ഷേത്രംകിഴക്കേ നട പൂർണമായും വൺ വേ ആക്കും. ഒരു ദിശയിലേക്ക് മാത്രം ഭക്തരെ കടത്തിവിട്ട് തിരക്ക് നിയന്ത്രിക്കും.

വരനും വധുവുമടങ്ങുന്ന വിവാഹസംഘം നേരത്തെയെത്തി മേൽപുത്തൂർ ആഡിറ്റോറിയത്തിന് ക്ഷേത്രം തെക്കേ നടയിലെ പുതിയ നടപ്പന്തലിലെ കൗണ്ടറിലെത്തി ടോക്കൺ വാങ്ങണം. ഇവർക്ക് ആ പന്തലിൽ വിശ്രമിക്കാം.. താലികെട്ട് ചടങ്ങിന്‍റെ ഊഴമെത്തുമ്പോൾ ഇവരെ മേൽപുത്തൂർ ഓഡിറ്റോറിയത്തിൽ പ്രവേശിപ്പിക്കും. തുടർന്ന് കിഴക്കേ നട മണ്ഡപത്തിലെത്തി വിവാഹ ചടങ്ങ് നടത്താം. കല്യാണം കഴിഞ്ഞാൽ വിവാഹ സംഘം ക്ഷേത്രം തെക്കേ നട വഴി മടങ്ങി പോകണം. കിഴക്കേ നടവഴി മടങ്ങാൻ അനുവദിക്കില്ല. വധൂ വരൻമാർക്കൊപ്പം ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ 24 പേർക്കേ മണ്ഡപത്തിന് സമീപം പ്രവേശനം അനുവദിക്കൂ. അഭൂതപൂർവ്വമായ തിരക്ക് പ്രതീക്ഷിക്കുന്നതിനാലാണ് ഈ നിയന്ത്രണം. ചടങ്ങിനെത്തുന്നവരുടെ എണ്ണം വധൂ വരൻ മാരുടെ കുടുംബാംഗങ്ങൾ പരമാവധി നിയന്ത്രിക്കണം.

ദർശന ക്രമീകരണം

ക്ഷേത്രത്തിൽ ക്രമാതീതമായ ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ ദർശനത്തിന് കൂടുതൽ സൗകര്യമൊരുക്കാൻ ക്ഷേത്രത്തിൽ പ്രദക്ഷിണം, അടി പ്രദക്ഷിണം, ശയനപ്രദക്ഷിണം എന്നിവ അനുവദിക്കില്ല. ക്ഷേത്ര ദർശനത്തിന്നെത്തുന്ന ഭക്തർക്കും വിവാഹ ചടങ്ങിനെത്തുന്നവർക്കും കരുതലും സഹായവുമൊരുക്കി ദേവസ്വം ജീവനക്കാരും സെക്യൂരിറ്റി വിഭാഗവും പൊലീസും ഉണ്ടാകും. മഫ്തിയിൽ ക്ഷേത്രത്തിനകത്തും പൊലീസിനെ വിന്യസിക്കും. പോക്കറ്റടിക്കാർ, സാമൂഹ്യ വിരുദ്ധർ എന്നിവരെ കർശനമായി അമർച്ച ചെയ്യാൻ പൊലീസിന് യോഗം നിർദ്ദേശം നൽകി.

സി സി ടി വി നിരീക്ഷണം

ക്ഷേത്രത്തിനകത്തും പുറത്തും ക്ഷേത്രനഗരിയിലും ഉള്ള സി സി ടി വി ക്യാമറകൾ എല്ലാം അടിയന്തരമായി പ്രവർത്തനക്ഷമമാക്കുമെന്ന് ദേവസ്വം അറിയിച്ചു. 24 മണിക്കൂറും സി സി ടി വി നിരീക്ഷണം ശക്തമാക്കാൻ സുരക്ഷാ ജീവനക്കാരെ നിയോഗിക്കും. സാമൂഹ്യ വിരുദ്ധ പ്രവർത്തനം ശ്രദ്ധയിൽ പെട്ടാൽ കർശന നിയമ നടപടി എടുക്കും

റോഡുകളിൽ പാർക്കിങ് അനുവദിക്കില്ല

വിവാഹത്തിനും ദർശനത്തിനും അഭൂതപൂർവ്വമായ ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ ഗുരുവായൂരിലേക്ക് അനാവശ്യ യാത്ര ഒഴിവാക്കണമെന്ന് അറിയിപ്പുണ്ട്. ക്ഷേത്രം ഇന്നർ റിംഗ്, ഔട്ടർ റിംഗ് റോഡുകളിൽ വാഹന പാർക്കിങ് അനുവദിക്കില്ല. വാഹന പാർക്കിങ് അനുവദനീയ കേന്ദ്രങ്ങളിൽ മാത്രം. ക്ഷേത്രപരിസരത്ത് ഭക്തജനക്കൾക്ക് യഥേഷ്ടം കുടിവെള്ളം ലഭ്യമാക്കും. അടിയന്തര സന്ദർഭത്തിൽ ആംബുലൻസ്, ഫയർഫോഴ്സ് വാഹനങ്ങൾക്ക് സഞ്ചരിക്കാൻ വഴിയൊരുക്കും.

ദേവസ്വം കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ അഡ്മിനിസ്ട്രേറ്ററുടെ ചുമതല വഹിക്കുന്ന ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ ഐ എ എസ് കാര്യങ്ങൾ വിശദീകരിച്ചു. ദേവസ്വം ഭരണ സമിതി അംഗങ്ങളായ സി മനോജ്, എം യു ഷിനിജ, ഗുരുവായൂർ എ സി പി സുരേന്ദ്രൻ മങ്ങാട്ട്, സിഐ വിനോദ് വലിയാറ്റൂർ, എസ് ഐ കൃഷ്ണകുമാർ, ഫയർഫോഴ്‌സ് സ്റ്റേഷൻ ഓഫീസർ സജിത് ലാൽ, ദേവസ്വത്തിലെ വിവിധ വകുപ്പ് മേധാവികൾ എന്നിവർ സന്നിഹിതരായി.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ഗവർണർക്കെതിരെ മുഖ്യമന്ത്രി; 'ഡിജിപിയെ എന്നല്ല ഒരുദ്യോ​ഗസ്ഥനെയും ലോക്ഭവനിലേക്ക് വിളിച്ച് വരുത്തരുത്'
വിഴിഞ്ഞം തുറമുഖം കേരളത്തിന്‍റെ വ്യവസായ-വ്യാപാര മേഖലകളിൽ മുന്നേറ്റം ഉറപ്പാക്കും: മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി