
കോട്ടയം: കുട്ടിയമ്മ ഒന്നാം ഭാര്യയും പാലാ രണ്ടാം ഭാര്യയും സ്വതസിദ്ധമായ ചിരിയോടെ കെഎം മാണി എത്രയോ തവണ പാലായെ കുറിച്ച് ഇങ്ങനെ പറഞ്ഞിട്ടുണ്ട്. പാലാ മണ്ഡലം ഉണ്ടായ കാലം മുതൽ കെഎം മാണിയാണ് പാലായുടെ പ്രതിനിധി. മറിച്ച് ചിന്തിക്കണമെന്ന് ഒരിക്കൽ പോലും മാണിക്കോ അത്രപോലും പാലായ്ക്കോ തോന്നാത്ത അത്രയും വലിയ ആത്മ ബന്ധം.
വിവാദങ്ങളും ആക്ഷേപങ്ങളും ഉണ്ടായിട്ടും പാലാക്കാര്‍ കെഎം മാണിക്ക് പിന്നിൽ ഉറച്ചു നിന്നു. ഏറ്റവും ഒടുവിൽ ബാര്‍ കോഴ വന്നിട്ടും വിവാദം പാലായെ ബാധിച്ചില്ല. മന്ത്രിസ്ഥാനം രാജി വച്ച് പാലായിലെത്തിയ കെഎം മാണിക്ക് കിട്ടിയത് ഉജ്ജ്വല സ്വീകരണമായിരുന്നു. ശേഷം വന്ന തെരഞ്ഞെടുപ്പിലും കെഎം മാണി എതിരാളികളെ എല്ലാം അപ്രസക്തരാക്കി പാലായിൽ നിന്ന് ജയിച്ച് കയറി.
1965-ലാണ് മാണി ആദ്യമായി പാലായില്‍ മത്സരിക്കുന്നത്. 1967-ലും 1975-ലും കെഎം മാണി പാലായുടെ എംഎൽഎ ആയി. 75-ല്‍ ആദ്യമായി പാലായ്ക്ക് ഒരു മന്ത്രിയേയും കിട്ടി. മണ്ഡലം ഉണ്ടായ കാലം മുതൽ ഒരിടത്തു നിന്ന് തന്നെ മത്സരിക്കുക എപ്പോ തെരഞ്ഞെടുപ്പിന് നിന്നാലും കുറ്റം പറയാനാകാത്ത ഭൂരിപക്ഷം നൽകി ഒരാളെ മാത്രം വിജയിപ്പിക്കുക, ആരും കൊതിക്കുന്ന ആത്മ ബന്ധം ബാക്കിയാക്കിയാണ് പാലായുടെ സ്വന്തം കെഎം മാണി കാലയവനികയിലേക്ക് മറയുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam