
ആലപ്പുഴ: സി പി എം കൗൺസിലറുടെ വാഹനത്തിലെ ലഹരിക്കടത്തിൽ അന്വേഷണം നിർണായക ഘട്ടത്തിൽ. ആലപ്പുഴ ജില്ലാ സ്പെഷ്യൽ ബ്രാഞ്ചിൻറെ അന്വേഷണത്തിൽ എ.ഷാനവാസിനെതിരെ സുപ്രധാന തെളിവുകൾ ലഭിച്ചെന്നാണ് വിവരം. ഷാനവാസിനെ ഡിവൈഎസ്പി ഇന്നലെ ഓഫീസിൽ വിളിച്ചു വരുത്തി ചോദ്യം ചെയ്തിരുന്നു. എന്നാൽ തനിക്കെതിരായ ആരോപണങ്ങൾ ചോദ്യം ചെയ്യല്ലിൽ ഷാനവാസ് പൂർണമായി നിഷേധിച്ചു.
താൻ സിപിഎമ്മിലെ ജനകീയ നേതാവാണെന്നും കഴിഞ്ഞ മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ ഏറ്റവും മികച്ച ഭൂരിപക്ഷത്തോടെ ജയിച്ചവരിൽ ഒരാളാണ് താനെന്നും ചോദ്യം ചെയ്യല്ലിൽ പറഞ്ഞ ഷാനവാസ് സിപിഎം ഏരിയ കമ്മിറ്റി അംഗം കൂടിയായ തനിക്ക് സമൂഹത്തിലെ പലരുമായും ബന്ധപ്പെടേണ്ടി വരുമെന്നും സുഹൃത്തുകളാണ് തൻ്റെ പിറന്നാൾ ആഘോഷം സംഘടിപ്പിച്ചതെന്നും അതിൽ ഉൾപ്പെട്ട ചിലർക്ക് ലഹരിക്കടത്തുമായി ബന്ധമുള്ള കാര്യം അറിയില്ലായിരുന്നുവെന്നും ഷാനവാസ് മൊഴി നൽകിയിട്ടുണ്ട്. ഇപ്പോൾ ലഹരി കടത്തിൽ പിടിക്കപ്പെട്ടവരെല്ലാം നേരത്തേയും സമാന കേസുകളിൽ പ്രതിയായിട്ടുണ്ടെന്നും എന്നാൽ അന്നൊന്നും പൊലീസ് ഇവർക്കെതിരെ നടപടി എടുത്തിട്ടില്ലെന്നും ഷാനവാസ് മൊഴി നൽകിയെന്നാണ് വിവരം.
സിപിഎമ്മിൻ്റെ തുമ്പോളി, ആലപ്പുഴ സൗത്ത്, ആലുശ്ശേരി നേതാക്കൾ ചില രേഖകൾ സഹിതം എസ്.പിക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷാനവാസിനെതിരെ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. ഇവരുടെ പരാതിയിൽ ഷാനവാസിന് അനധികൃതമായ സാമ്പത്തിക ഇടപാടുകളും റിയൽ എസ്റ്റേറ്റ് ബിസിനസുമുണ്ടെന്നും ക്രിമിനൽ സംഘങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും ആരോപിച്ചിരുന്നു. രണ്ടാഴ്ച മുൻപ് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് ഷാനവാസിനെതിരെ ഡിജിപിക്ക് റിപ്പോർട്ട് നൽകിയിരുന്നു.
പൊലീസ് അന്വേഷണം കൂടാതെ ലഹരിക്കടത്ത് കേസിൽ സിപിഎം അന്വേഷണ കമ്മീഷനും ഷാനവാസിനെതിരെ അന്വേഷണം നടത്തുന്നുണ്ട്. ഫെബ്രുവരി മധ്യത്തോടെ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാൻ സംസ്ഥാന കമ്മിറ്റി നിർദേശം നൽകിയിട്ടുണ്ട്. ഷാനവാസിനെതിരായ പൊലീസ് അന്വേഷണത്തിലെ വിവരങ്ങളും അന്വേഷണ കമ്മീഷൻ ഗൗരവത്തിലെടുക്കുമെന്നാണ് സൂചന.