
പാലക്കാട്: കല്ലേക്കാട് എ ആർ ക്യാമ്പിലെ പൊലീസുകാരൻ കുമാറിന്റെ ആത്മഹത്യക്ക് കാരണം ജാതിവിവേചനമെന്ന പരാതിയിൽ കൂടുതൽ അന്വേഷണം വേണമെന്ന് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. ഉചിതമായ നടപടിയെടുക്കാൻ പാലക്കാട് എസ് പിക്ക് തൃശ്ശൂർ റേഞ്ച് ഡി ഐ ജി നിർദ്ദേശം നൽകി. റിപ്പോർട്ടിന്മേൽ ഉടൻ നടപടിയെടുക്കുമെന്ന് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കുമാറിന്റെ കുടുംബാംഗങ്ങൾ ഇന്ന് മുഖ്യമന്ത്രിക്ക് പരാതിനൽകും.
ആദിവാസി വിഭാഗത്തിൽപ്പെട്ട കുമാറിന്റെ ആത്മഹത്യക്ക് കാരണം കല്ലേക്കാട് എ ആർ ക്യാമ്പിലെ ഡെപ്യൂട്ടി കമാൻഡന്റ് ഉൾപ്പെടെയുളള മേലുദ്യോഗസ്ഥരുടെ ജാതിവിവേചനവും പീഡനവുമാണെന്ന് കുടുംബാംഗങ്ങൾ ആരോപിച്ചിരുന്നു. ആത്മഹത്യാക്കുറിപ്പിലും ഇതുതന്നെയാണ് കുമാർ എഴുതിവച്ചിരുന്നതും. ഇതിന്റെ അടിസ്ഥാനത്തിലാണ് പാലക്കാട് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിച്ച് റേഞ്ച് ഡിഐജിക്ക് റിപ്പോർട്ട് സമർപ്പിച്ചത്.
ജാതി വിവേചനത്തെക്കുറിച്ച് കൃത്യമായ തെളിവുകൾ കിട്ടിയിട്ടില്ലെന്നാണ് സ്പെഷ്യൽ ബ്രാഞ്ച് കണ്ടെത്തൽ. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ കൂടുതൽ അന്വേഷണം വേണം. കുമാറിന് ക്വാർട്ടേഴ്സ് അനുവദിച്ചതിൽ ക്രമക്കേട് ഉണ്ടായെന്നും മൊബൈൽഫോൺ പിടിച്ചുവച്ചത് തെറ്റാണെന്നും റേഞ്ച് ഡിഐജിക്ക് സമർപ്പിച്ച റിപ്പോർട്ടിലുണ്ട്. ജാതി വിവേചനമെന്ന പരാതികൂടി പാലക്കാട് ഡിസിആർബി ഡിവൈഎസ്പിയോട് അന്വേഷിക്കാൻ റേഞ്ച് ഡിഐജി നിർദ്ദേശം നൽകി. കുറ്റക്കാർ ആരായാലും കർശന നടപടിയെന്ന് പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.
ജാതിവിവേചനമെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാൻ പട്ടികജാതി പട്ടിക വർഗ്ഗ കമ്മീഷൻ അംഗം എ ആർ ക്യാമ്പിലെത്തും. പത്തുദിവസത്തിനകം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കമ്മീഷൻ ജില്ലാ കളക്ടറോടും എസ്പിയോടും ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam