
തിരുവനന്തപുരം: സപ്ലൈക്കോ സൂപ്പർ മാർക്കറ്റുകളിൽ നാളെ വെളിച്ചെണ്ണക്ക് പ്രത്യേക വിലക്കുറവ് പ്രഖ്യാപിച്ച് ഭക്ഷ്യവകുപ്പ്. 457 രൂപ വിലയുള്ള ഒരു ലിറ്റർ കേര വെളിച്ചെണ്ണ, നാളെ 445 രൂപ നിരക്കിൽ ലഭിക്കും. പൊതു വിപണിയിൽ കേര വെളിച്ചെണ്ണ ലിറ്ററിന് 529 രൂപയാണ്. ഇതാണ് 445രൂപയ്ക്ക് ലഭിക്കുന്നത്. സപ്ലൈക്കോ ശബരി ബ്രാൻ്റ് വെളിച്ചെണ്ണ സബ്‌സിഡി നിരക്കിൽ 359 രൂപക്കും ലഭിക്കുമെന്നാണ് വിവരം. സംസ്ഥാനത്ത് വെളിച്ചെണ്ണയ്ക്ക് കുത്തനെ വില കൂടിയത് സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റിച്ചിരിക്കുകയാണ്. ഓണമടുത്തിട്ടും വില കുറയ്ക്കുന്നതിൽ സർക്കാരിൻ്റെ ഭാഗത്തുനിന്നും യാതൊരു നീക്കങ്ങളും ഉണ്ടായിട്ടില്ല.
അതേസമയം, പൊള്ളുന്ന വിലയ്ക്കിടയിലും സംസ്ഥാനത്ത് വ്യാജൻമാർ വിലസുകയാണ്. ഓപ്പറേഷൻ ലൈഫിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി വെളിച്ചെണ്ണ ഉത്പാദന വിപണന കേന്ദ്രങ്ങളിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് മിന്നൽ പരിശോധനകൾ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചിരുന്നു. 7 ജില്ലകളിൽ നിന്നായി ആകെ 16,565 ലിറ്റർ സംശയാസ്പദമായ വെളിച്ചെണ്ണ പിടികൂടി. വെളിച്ചെണ്ണയുടെ വില വർധിച്ചുവരുന്ന സാഹചര്യത്തിൽ ഗുണനിലവാരം സംബന്ധിച്ച പരാതികൾ വകുപ്പിന് ലഭിക്കുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് രഹസ്യ പരിശോധനകൾ നടത്തിയതെന്നും പരിശോധനകൾ തുടരുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
വെളിച്ചെണ്ണയുൾപ്പെടെയുള്ള സാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെ മന്ത്രി ജിആർ അനിലിന് പാർട്ടിയിൽ കനത്ത വിമർശനമാണ് ഏൽക്കേണ്ടി വന്നത്. വിലക്കയറ്റകാലത്ത് ഭക്ഷ്യവകുപ്പ് നോക്കുകുത്തിയായെന്നും വിലനിയന്ത്രിക്കുന്നതിന് ഇടപെടലുകളുണ്ടായില്ലെന്നുമായിരുന്നു മന്ത്രിക്കെതിരെയുള്ള വിമർശനം. തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലായിരുന്നു മന്ത്രിക്കെതിരെ രൂക്ഷ വിമർശനമുണ്ടായത്. 13 ഇന അവശ്യസാധനങ്ങൾക്ക് വില കൂട്ടില്ലെന്ന വാഗ്ദാനം പാഴ് വാക്കായെന്നും വെളിച്ചെണ്ണ വില വർധനവ് നാണക്കേടാണെന്നും സമ്മേളനത്തിൽ വിമർശിച്ചു. കുറഞ്ഞ വിലയിൽ നല്ല എണ്ണ പൊതു വിപണിയിൽ കിട്ടും. പിന്നെന്തിന് കേരയുടെ എണ്ണ വാങ്ങണമെന്നും ചോദ്യം ഉയർന്നിരുന്നു. എന്നാൽ വിമർശനങ്ങൾ ശക്തമാണെങ്കിലും വെളിച്ചെണ്ണ വില ഇനിയും കൂടുമെന്ന സൂചനകളാണ് പുറത്തുവരുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam