ക്രിസ്മസ് അവധിക്കാലത്ത് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് റെയിൽവേ ആവശ്യത്തിന് അധിക സർവീസുകൾ പ്രഖ്യാപിക്കാത്തത് മലയാളികളെ ദുരിതത്തിലാക്കി. 

ബെം​ഗളൂരു: ക്രിസ്മസ് അവധിക്കാലത്ത് കേരളത്തിലേക്ക് ടിക്കറ്റ് കിട്ടാതെ മലയാളികൾ. നാട്ടിലെത്താൻ മലയാളികൾ പെടാപാട് പെടുമ്പോഴും ബെംഗളൂരുവിൽ നിന്ന് റെയിൽവേ പേരിന് മാത്രമാണ് അധിക സർവീസ് പ്രഖ്യാപിച്ചത്. ഡിസംബർ 20നും 25നും ഇടയിൽ ഒറ്റ ട്രെയിൻ മാത്രമാണ് റെയിൽവേ പ്രഖ്യാപിച്ചത്. മലബാറിനെ പൂർണമായും തഴഞ്ഞു. അതേസമയം കെഎസ്ആർടിസി 25ഉം കർണാടക ട്രാൻസ്പോ‌ർട്ട് കോർപ്പറേഷൻ അറുപത്തിയാറും ബസുകൾ അധികം പ്രഖ്യാപിച്ചത് യാത്രക്കാർക്ക് ആശ്വാസമായി.

തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കും ഉൾപ്പെടെ നിലവിൽ സർവീസ് നടത്തുന്ന ട്രെയിനുകളിൽ എല്ലാം ബുക്കിംഗ് നിർത്തിവച്ചിട്ടും അധിക സർവീസ് എന്ന ആവശ്യത്തോട് മുഖം തിരിക്കുകയാണ് റെയിൽവേ. ഓണക്കാലത്ത് തിരുവനന്തപുരത്തേക്ക് രണ്ട് അധിക സർവീസുകളും മലബാറിലേക്ക് ഒരു അധിക സർവീസും റെയിൽവേ നടത്തിയിരുന്നു. എന്നാൽ എറണാകുളത്തേക്ക് വന്ദേഭാരത് ഓടുന്നത് ചൂണ്ടിക്കാട്ടി ഇക്കുറി ഒറ്റ അധിക സർവീസ് മാത്രമാണ് ഇതേവരെ പ്രഖ്യാപിച്ചത്.

മലബാർ മേഖലയെ റെയിൽവേ പരിഗണിച്ചതേ ഇല്ല. ഇതോടെ മലബാറിലേക്ക് ക്രിസ്മസ്, ന്യൂഇയർ ആഘോഷത്തിനായി തിരിക്കുന്നവർ സ്വകാര്യ ബസ് ലോബിയുടെ ചൂഷണത്തിന് തലവയ്ക്കേണ്ട നിലയിലായി. ഡിസംബ‍ർ 23, 24 ദിവസങ്ങളിൽ എണ്ണായിരം രൂപയാണ് സ്വകാര്യ ബസുകൾ ഈടാക്കുന്നത്. സാഹചര്യം മനസിലാക്കി ബെംഗളൂരുവിൽ നിന്ന് 25 അധിക സർവീസുകൾ കേരള ട്രാൻസ്പോർട്ട് കോർപ്പറേഷൻ പ്രഖ്യാപിച്ചു.

കോഴിക്കോട്ടേക്ക് മാത്രം 4 ബസുകളാണ് കെഎസ്ആർടിസി അധികം ഓടിക്കുക. കഴിഞ്ഞ ഓണക്കാലത്ത് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് അധിക ബസുകൾ ഓടിച്ചത് മികച്ച വരുമാനം നൽകിയിരുന്നു. കർണാടക ട്രാൻസ്പോ‍ർട്ട് കോർപ്പറേഷനും കേരളത്തിലേക്ക് അധിക സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാലും ട്രെയിനിനെ കൂടുതലായും ആശ്രയിക്കുന്ന ബഹുഭൂരിപക്ഷം പേരും അവധിക്കാല യാത്ര എന്ന ആഗ്രഹം ഉപേക്ഷിച്ചു കഴിഞ്ഞു.