മാധ്യമപ്രവര്‍ത്തകന്‍റെ മരണം; അന്വേഷണത്തിന് പ്രത്യേക സംഘം, സിസിടിവി ദൃശ്യം പുറത്ത്

By Web TeamFirst Published Dec 14, 2020, 7:43 PM IST
Highlights

അപകട സമയത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കും. സംഭവം നടക്കുന്ന സമയത്ത് ദൃക്സാക്ഷികൾ ഉണ്ടെങ്കിൽ മൊഴി എടുക്കുമെന്നും പൊലീസ് പറഞ്ഞു. 

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ എസ് വി പ്രദീപിന്‍റെ മരണം അന്വേഷിക്കാന്‍ പ്രത്യേക സംഘം. ഫോർട്ട് അസി.കമ്മീഷണറുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. അപകടം എങ്ങനെ നടന്നുവെന്ന് വ്യക്തമാകേണ്ടതുണ്ടെന്നും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുമെന്നും പൊലീസ് പറഞ്ഞു. സംഭവം നടക്കുന്ന സമയത്ത് ദൃക്സാക്ഷികൾ ഉണ്ടെങ്കിൽ മൊഴി എടുക്കാനാണ് പൊലീസ് നീക്കം.

പ്രദീപിന്‍റെ മരണത്തില്‍ കുടുംബം ദുരൂഹത ആരോപിച്ചിട്ടുണ്ട്. പ്രദീപിന് സാമൂഹിക മാധ്യമങ്ങളിലൂടെ ഭീഷണി ഉണ്ടായിരുന്നതായി അമ്മയും സഹോദരിയും പറഞ്ഞു. തന്‍റെ ഫോണ്‍ ഹാക്ക് ചെയ്‌തെന്ന് പ്രദീപ് ഒരിക്കൽ പറഞ്ഞിരുന്നതായും കുടുംബം പറഞ്ഞു. നേമം കാരയ്ക്കാമണ്ഡപത്ത് വെച്ചുണ്ടായ വാഹനാപകടത്തിലാണ് പ്രദീപ് മരിച്ചത്. പ്രദീപ് സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിൽ മറ്റൊരു വാഹനം ഇടിയ്ക്കുകയായിരുന്നു. ഇടിച്ച വാഹനം നിർത്താതെ പോയി.

വാഹനം കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. ഒരു സ്വരാജ് മസ്ദ വാഹനമാണെന്നാണ് ദൃക്സാക്ഷികൾ നൽകിയ സൂചന. ജയ്‍ഹിന്ദ്, മനോരമ ന്യൂസ്, മീഡിയ വൺ, ന്യൂസ് 18, കൈരളി, മംഗളം എന്നീ ന്യൂസ് ചാനലുകളിൽ മാധ്യമപ്രവർത്തകനായിരുന്നു പ്രദീപ്. ഇപ്പോൾ ചില ഓൺലൈൻ ചാനലുകളുമായി ബന്ധപ്പെട്ട് ജോലി ചെയ്ത് വരികയായിരുന്നു. തിരുവനന്തപുരം പള്ളിച്ചൽ സ്വദേശിയാണ്. പ്രദീപിന്‍റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു. 

"

click me!