മുൻ എംഎൽഎയുടെ പുരയിടത്തിൽ സ്ഥാപിച്ചിരുന്ന തേനീച്ചക്കൂടുകളിൽ വിഷം തളിച്ച് തേനീച്ചകളെ കൊല്ലുകയായിരുന്നു. രാഷ്ട്രീയ പ്രതികാരമാണ് സംഭവത്തിന് പിന്നിലെന്ന് ആരോപിച്ച്  പൊലീസിൽ പരാതി നൽകി.

കൊല്ലം: സി പി ഐ ബന്ധം ഉപേക്ഷിച്ച് സി പി എമ്മിൽ ചേർന്ന തേനീച്ച കർഷകന്‍റെ കൃഷിനശിപ്പിച്ച് പ്രതികാരമെന്ന് പരാതി. കൊല്ലത്തെ കടയ്ക്കൽ അണപ്പാട് കുന്നുംപുറത്ത് പുത്തൻവീട്ടിൽ ഗോപകുമാറിന്‍റെ തേനീച്ച കൂടുകളാണ് നശിപ്പിച്ചത്. വിഷദ്രാവകം സ്പ്രേ ചെയ്ത് തേനീച്ചകളെ കൊല്ലുകയായിരുന്നു.

സി പി ഐ മുൻ ജില്ലാ കൗൺസിൽ അംഗം ജെ സി അനിലിനൊപ്പം പാർട്ടി വിട്ട് സി പി എമ്മിൽ ചേർന്നവരിൽ ഒരാളാണ് ഗോപകുമാർ. സി പി ഐ ജില്ലാ കൗൺസിൽ അംഗവും മുൻ എം എൽ എ യുമായ ആർ ലതാദേവിയുടെ ചരിപ്പറമ്പിലെ കുടുംബ വീട്ടിലാണ് ഗോപകുമാർ തേനീച്ച കൃഷി ചെയ്തിരുന്നത്. ഈ തേനീച്ചക്കൂടുകളാണ് നശിപ്പിച്ചത്. കൂടുകൾ സ്ഥാപിച്ചിട്ട് 3 വർഷത്തിലധികമായെന്നു ഗോപകുമാർ പറയുന്നു. തേനീച്ച കൂടുകളും തേനീച്ചകളെയും നശിപ്പിച്ചതിനെതിരെ കടയ്ക്കൽ പൊലീസിന് പരാതി നൽകി. 

ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇട്ടിവ പഞ്ചായത്തിലെ ചില വാർഡുകളിൽ സി പി ഐ ജില്ലാ കൗൺസിൽ അംഗം ഉൾപ്പെടെ പരാജയപ്പെട്ടിരുന്നു. പരാജയത്തിനു പിന്നാലെ സമൂഹിക മാധ്യമങ്ങൾ വഴി പാരഡി ഗാനങ്ങളും പ്രചരിച്ചു. ഇതിൽ ഗോപകുമാറിനെയും പരാമർശിച്ചിരുന്നു. വോട്ടെടുപ്പ് ദിനത്തിൽ പാർട്ടി വിട്ട പലർക്കും പ്രദേശത്ത് ഭീഷണി കോളുകൾ എത്തുകയും ചെയ്തു. ഇതിൽ സി പി ഐ ജില്ലാ കൗൺസിൽ അംഗങ്ങൾക്കും മണ്ഡലം സെക്രട്ടേറിയേറ്റ് അംഗത്തിനും എതിരെ കടയ്ക്കൽ പൊലീസിൽ പരാതിയുമെത്തി. പിന്നാലെയണ് ഗോപകുമാറിന്‍റെ തേനീച്ച കൂടുകൾ നശിപ്പിച്ചതായി കണ്ടെത്തിയത്. സംഭവത്തിൽ പൊലീസിൽ പരാതി നൽകി.