
തിരുവനന്തപുരം: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന കേസ് പ്രത്യേക സംഘം അന്വേഷിക്കും. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ തോംസൺ ജോസ് അന്വേഷണത്തിന് നേതൃത്വം നൽകും. ഡിസിപിയും ഒരു അസിസ്റ്റന്റ് കമ്മീഷണറും ഉൾപ്പെടുന്നതാകും സംഘം. ഉത്തരവ് വൈകുന്നേരം ഇറങ്ങുമെന്നാണ് വിവരം. തിരുവനന്തപുരം റൂറൽ മേഖലയിലാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ പരിധിയിലുള്ള നേമം സ്റ്റേഷൻ പരിധിയിലാണ് കുറ്റകൃത്യം നടന്നത് എന്നുള്ളത് കൊണ്ടാണ് നേമം സ്റ്റേഷനിലേക്ക് എഫ്ഐആര്‍ കൈമാറിയിരിക്കുന്നത്. നേമം സ്റ്റേഷനിലെ ഉദ്യോഗസ്ഥരാണ് രഹസ്യമൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുളള പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം നടത്താനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ഉദ്യോഗസ്ഥര്‍ ആരൊക്കെയെന്ന് കാര്യത്തിൽ തീരുമാനമായിട്ടില്ല. ക്രമസമാധാന ചുമതലയുളള എഡിജിപി ആയിരിക്കും ഉത്തരവ് പുറത്തിറക്കുക.
ബലാത്സംഗത്തിനും ഭീഷണിപ്പെടുത്തി ഭ്രൂണഹത്യ നടത്തിയതിനുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത് . ഗർഭിണിയാണെന്നറിഞ്ഞിട്ടും ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നും ഭ്രൂണഹത്യക്ക് നിർബന്ധിച്ച് ഗുളിക കഴിപ്പിച്ചെന്നും എഫ്ഐആറിലുണ്ട്. ഗർഭഛിദ്രത്തിനുളള മരുന്നെത്തിച്ച രാഹുലിന്‍റെ സുഹൃത്ത് ജോബി ജോസഫും പ്രതിയാണ്. കേസിന് പിന്നാലെ ഒളിവിൽ പോയ രാഹുലിനായി പൊലീസ് ലുക്ക്ഔട്ട് സർക്കുലർ ഇറക്കി.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് യുവതി നേരിട്ട് നൽകിയ പരാതിയിൽ ഇന്ന് രാവിലെയാണ് വലിയമല സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തത്. പിന്നീട് കുറ്റകൃത്യം നടന്ന നേമം സ്റ്റേഷനിലേക്ക് മാറ്റി. ക്രൂര ലൈംഗീക പീഡനത്തിന്‍റെ വിവരങ്ങളാണ് രാഹുൽ ഒന്നാം പ്രതിയായ എഫ്ഐആറിലുളളത്.
പ്രണയം നടിച്ച് രാഹുൽ ചൂഷണം ചെയ്തു. ഈ വർഷം മാർച്ച് മുതൽ പല സമയങ്ങളിലായി തിരുവനന്തപുരത്തെയും പാലക്കാട്ടെയും ഫ്ലാറ്റുകളിൽ ബലാത്സംഗത്തിന് ഇരയാക്കി. ദേഹോപദ്രവമേൽപ്പിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടു. നഗ്നദൃശ്യങ്ങൾ മൊബൈലിൽ പകർത്തി ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു. ഏപ്രിലിൽ ഗർഭിണിയാണെന്ന് അറിഞ്ഞിട്ടും പീഡിപ്പിച്ചു.
മെയ് മുപ്പതിനാണ് ഭ്രൂണഹത്യ നടത്താനുളള ഗുളികകൾ നിർബന്ധിച്ച് കഴിപ്പിച്ചതെന്ന് എഫ്ഐആറിൽ പറയുന്നു. രാഹുൽ മാങ്കൂട്ടത്തിലിന്‍റെ സുഹൃത്തും രണ്ടാം പ്രതിയുമായ ജോബി ജോസഫാണ് ഗുളികകൾ കൊടുത്തത്. തിരുവനന്തപുരത്ത് കാറിൽ കയറ്റി ജോബി ജോസഫ് ഗുളികകൾ നൽകി. രാഹുൽ മാങ്കൂട്ടത്തിൽ നിർബന്ധിച്ച് , യുവതിയുടെ സമ്മതം കൂടാതെ ഗുളികകൾ കഴിപ്പിച്ച് ഗർഭഛിദ്രം ചെയ്യിപ്പിച്ചു.വിവരം പുറത്തുപറയരുതെന്ന് ഭീഷണിപ്പെടുത്തിയെന്നും എഫ്ഐആറിലുണ്ട്. ബലാത്സംഗം, ഭ്രൂണഹത്യ, കഠിന ദേഹോപദ്രവം, അതിക്രമം, ഐടി ആക്ട് എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്.