
തിരുവനന്തപുരം: ലേബർ കോഡ് നടപ്പാക്കുന്നതിൽ കേരള സർക്കാർ കേന്ദ്രത്തിന്‍റെ ഇച്ഛയ്ക്കാണ് പ്രവർത്തിക്കുന്നതെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ലേബർ കോഡ് നടപ്പിലാക്കുന്നത് മുന്നിൽ കണ്ട് കേരളത്തിൽ നടപ്പിലാക്കിയ നടപടി അതിന്റെ തെളിവാണ്. ഒന്നിന് പുറകെ ഒന്നായി സിപിഎം ബിജെപിയോട് വിധേയത്വം കാണിക്കുന്നു. തൊഴിലാളി പാർട്ടി എന്ന ലേബൽ സിപിഎം അഴിച്ചുവെച്ചോയെന്നും കെ സി വേണുഗോപാൽ ചോദിച്ചു. അതേസമയം കേന്ദ്ര ലേബര്‍ കോഡ് ഒരു കാരണവശാലും കേരളത്തിൽ നടപ്പാക്കരുതെന്ന് മന്ത്രി വി ശിവന്‍കുട്ടി കഴിഞ്ഞ ദിവസം വിളിച്ച യോഗത്തിൽ തൊഴിലാളി യൂണിയനുകള്‍ ആവശ്യപ്പെട്ടിരുന്നു. ലേബര്‍ കോഡുകളുടെ കരട് ചട്ടങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ 2021 ൽ വിജ്‍ഞാപനം ചെയ്തതിനെക്കുറിച്ച് അന്വേഷിക്കണമെന്ന് എഐടിയുസി ആവശ്യപ്പെട്ടപ്പോള്‍ ചട്ടങ്ങള്‍ രഹസ്യമാക്കി വച്ചിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ മറുപടി
തൊഴിൽ കണ്‍കറന്‍റ് പട്ടികയിലായതിനാൽ സംസ്ഥാനത്ത് പ്രത്യേക ചട്ടമോ നിയമോ ഉണ്ടാക്കാനുള്ള സാധ്യത തേടണമെന്ന് തൊഴിലാളി സംഘടനാ നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. പാര്‍ലമെന്‍റ് പാസ്സാക്കി കേന്ദ്രം നടപ്പാക്കുന്ന ലേബര്‍ കോഡായതിനാൽ ഇക്കാര്യത്തിൽ ഭരണഘടനാ പരമായ പ്രശ്നം അടക്കം പരിശോധിക്കാൻ മുതിര്‍ന്ന അഭിഭാഷകരെയും കോഡിനെ എതിര്‍ക്കുന്ന സംസ്ഥാനങ്ങളിലെ മന്ത്രിമാരെയും യൂണിയൻ നേതാക്കളെയും പങ്കെടുപ്പിച്ച് ഡിസംബര്‍ 19ന് ലേബര്‍ കോണ്‍ക്ലേവ് നടത്തും. ചര്‍ച്ച കൂടാതെ കരട് വിജ്ഞാപനങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ ഇറക്കാത്തതില്‍ സിഐടിയു അടക്കമുള്ള സംഘടനകളുടെ അതൃപ്തിക്കിടെയാണ് യോഗം ചേര്‍ന്നത്. 2021 ൽ സംസ്ഥാന സര്‍ക്കാര്‍ കരട് ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തതിൽ മന്ത്രി ജാഗ്രത കാണിക്കണമായിരുന്നുവെന്ന് യൂണിയൻ നേതാക്കള്‍ പറഞ്ഞു. കരട് ചട്ടങ്ങള്‍ തയ്യാറാക്കുക പോലും ചെയ്യരുതെന്ന് 2020 ലെ യോഗത്തിൽ തീരുമാനിച്ചിരുന്നുവെന്നാണ് തൊഴിലാളി സംഘടനകള്‍ പറയുന്നത്. ഇങ്ങനെയിരിക്കെ ചട്ടങ്ങള്‍ വിജ്ഞാപനം ചെയ്തതിനെക്കുറിച്ച് അന്വേഷിക്കണമെന്നാണ് സിപിഐ അനുകൂല എഐടിയുസി ആവശ്യപ്പെട്ടത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam