തിരുവനന്തപുരം: കരമനയിലെ ദുരൂഹമരണങ്ങളുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചു. ഡിസിപി മുഹമ്മദ് ആരിഫിന്‍റെ നേതൃത്വത്തിലുള്ള പത്തംഗ സംഘത്തിനാണ് അന്വേഷണ ചുമതല. തിരുവനന്തപുരം ജില്ലാ ക്രൈംബ്രാഞ്ച് അസി. കമ്മീഷണര്‍ എംഎസ് സന്തോഷാണ് അന്വേഷണ ഉദ്യോഗസ്ഥന്‍.
കരമനയിലെ ദുരൂഹമരണങ്ങളും സ്വത്തുകളുമായി ബന്ധപ്പെട്ട ഭൂമിതട്ടിപ്പും പ്രത്യേകം കേസുകളായി പരിശോധിക്കാനും ഇന്ന് രാവിലെ ഡിസിപി മുഹമ്മദ് ആരിഫിന്‍റെ നേതൃത്വത്തില്‍ കമ്മീഷണര്‍ ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. കേസില്‍ കൂടുതല്‍ ശാസ്ത്രീയ പരിശോധനകള്‍ ആവശ്യമാണെന്ന് യോഗം വിലയിരുത്തി. ദുരൂഹ മരണങ്ങളിൽ പുതിയ കേസ് ഇപ്പോള്‍ എടുക്കില്ല. ജയമാധവൻ നായരുടെ അസ്വാഭാവിക മരണത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ തുടരന്വേഷണം നടത്താനും യോഗത്തില്‍ തീരുമാനമായി.
കരമനയിലെ ദുരൂഹമരണങ്ങളുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ കാര്യസ്ഥന്‍ രവീന്ദ്രന്‍ നായരുടെ മൊഴി പൊലീസ് വീണ്ടും രേഖപ്പെടുത്തി. പരാതിക്കാരിയായ പ്രസന്നകുമാരിയുടേയും വീട്ടുജോലിക്കാരിയായ ലീലയുടേയും മൊഴികളും കരമന പൊലീസ് വീണ്ടും രേഖപ്പെടുത്തിയിട്ടുണ്ട്.
അതിനിടെ കരമന കേസില്‍ ആരോപണവിധേയനായ മുന്‍ കളക്ടര്‍ മോഹന്‍ദാസ് തനിക്കെതിരെയുള്ള ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്ത് എത്തി. തന്‍റെ ഭാര്യയ്ക്ക് കിട്ടിയത് കുടുംബപരമായ സ്വത്താണെന്നും വില്‍പത്രവുമായോ കോടതി നടപടികളുമായോ തനിക്കൊരു ബന്ധവുമില്ലെന്നും മോഹന്‍ദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. തന്‍റെ ഭാര്യയ്ക്ക് കിട്ടിയ സ്വത്തില്‍ പ്രസന്ന കുമാരിക്ക് ഒരവകാശവുമില്ല. ഇങ്ങനെയൊരു വില്‍പത്രം ഉണ്ടെന്നറിഞ്ഞത് പോലും മാധ്യമങ്ങളിലൂടെയാണ് ഇപ്പോള്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ക്ക് ഇല്ല. അന്വേഷണസംഘത്തോട് കൂടുതല്‍ കാര്യങ്ങള്‍ പറയും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam