
തിരുവനന്തപുരം: തിരുവനന്തപുരം കരമന കാലടിയിലെ ദുരൂഹമരണങ്ങളുമായി ബന്ധപ്പെട്ട കേസിൽ ഇന്ന് ക്രൈബ്രാഞ്ചിന്റെ പ്രത്യേകസംഘം അന്വേഷണം തുടങ്ങും. ജയമാധവൻ നായരുടെ ആന്തരികാവയവങ്ങളുടെ രാസപരിശോധന റിപ്പോർട്ട് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഇന്ന് കത്ത് നൽകും. ബന്ധുവായ പ്രസന്നകുമാരിയും കാര്യസ്ഥൻ രവീന്ദ്രൻ നായർ അടക്കമുളളവരും ചേർന്നാണ് ജയമാധവന്റെ സ്വത്ത് തട്ടിയെടുത്തതെന്ന് പരാതിക്കാരൻ അനിൽകുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കൂടത്തിൽ കുടുംബത്തിലെ മരണങ്ങളിലെ ദുരൂഹത നീക്കുക, സ്വത്ത് കൈമാറ്റത്തിലെ ക്രമക്കേടുകൾ പരിശോധിക്കുക എന്നീ കാര്യങ്ങളാണ് പ്രത്യേക സംഘത്തിന്റെ മുന്നിലുളളത്. കൂടം കുടുംബത്തിന്റെ മുഴുവൻ സ്വത്തുവകകളും തിട്ടപ്പെടുത്തുകയാണ് ആദ്യപടി. ഇതിനായി റവന്യൂ രജിസ്ട്രേഷൻ വിഭാഗങ്ങൾക്ക് അന്വേഷണ സംഘം കത്തു നൽകും. അതേസമയം ദുരൂഹത ആരോപിച്ച് ആദ്യം പരാതി നൽകിയ അനിൽകുമാർ ജയമാധവൻ നായരുടെ ബന്ധുക്കൾക്കെതിരെ രംഗത്തെത്തി. കോടതിയിൽ ആദ്യം കേസ് നൽകിയതിന് ശേഷം ഒത്തുതീർപ്പുണ്ടാക്കിയാണ് സ്വത്ത് തട്ടിയെടുത്തത്. കോടതി ജീവനക്കാരനായ രവീന്ദ്രനാണ് ഇതിന് ഒത്താശ ചെയ്തത്. ഇപ്പോൾ പരാതി നൽകിയ പ്രസന്നകുമാരിക്ക് സ്വത്തിൽ ഒരു അവകാശവുമില്ലെന്നും അനിൽകുമാർ പറഞ്ഞു.
ക്രൈം ഡിറ്റാച്ച്മെന്റ് എസ് പി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുളള സംഘം കാര്യസ്ഥനായ രവീന്ദ്രൻ നായർ, മുൻ കാര്യസ്ഥൻ സഹദേവൻ എന്നിവരെ ഉടൻ ചോദ്യം ചെയ്യും. ജയമാധവൻ നായർ മരിച്ച ശേഷം ബന്ധുക്കൾ എന്ന് അവകാശപ്പെട്ട് കോടതിയെ സമീപിച്ചവരുടേയും മൊഴിയെടുക്കും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam