
കൊല്ലം: നിശ്ചയം കഴിഞ്ഞ ശേഷം വിവാഹത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് കൊല്ലം കൊട്ടിയത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം വിപുലപ്പെടുത്തി പൊലീസ്. വലിയ ചർച്ചയായി മാറിയ കേസിൽ പെൺകുട്ടിയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയമിച്ചു.
കൊട്ടിയം, കണ്ണനല്ലൂർ പൊലീസ് സ്റ്റേഷനിലെ സിഐമാരുടെ നേതൃത്വത്തിലാണ് അന്വേഷണസംഘം രൂപീകരിച്ചരിക്കുന്നത്. ചാത്തന്നൂർ അസി.കമ്മീഷണറാണ് ഒൻപതംഗ സംഘത്തിന് രൂപം നൽകിയിരിക്കുന്നത്. സൈബർ സെല്ലിൽ നിന്നുള്ള പൊലീസ് ഉദ്യോഗസ്ഥരും രണ്ട് വനിതാ പൊലീസുകാരും അന്വേഷണസംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
കൊല്ലം കൊട്ടിയം സ്വദേശിയെ യുവതിയുമായി പത്ത് വർഷം പ്രണയത്തിലായിരുന്നു പള്ളിമുക്ക് സ്വദേശി ഹാരിസ്. ഇതിനിടെ ഇവരുടെ വിവാഹം ഇരുവീട്ടുകാരും ചേർന്ന് ഉറപ്പിച്ചിരുന്നു. ഹാരിസിൻ്റെ വീട്ടുകാരുമായടക്കം അടുത്ത ബന്ധം പുലർത്തിയിരുന്ന പെൺകുട്ടി ഇതിനിടെ ഇയാളിൽ നിന്നും ഗർഭം ധരിക്കുകയും പിന്നീട് അലസിപ്പിക്കുകയും ചെയ്തു.
എന്നാൽ സമീപ കാലത്ത് മറ്റൊരു യുവതിയുമായി അടുത്ത ഹാരിസ് ബന്ധനത്തിൽ പിന്മാറുകയും യുവതിയെ അവഗണിക്കുകയും ചെയ്തതോടെ യുവതി ആത്മഹത്യ ചെയ്യുകയായിരുന്നു. മരിക്കും മുൻപ് ഹാരിസുമായും ഇയാളുടെ മാതാവുമായും യുവതി നടത്തിയ ടെലിഫോൺ സംഭാഷണം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പ്രതിയുടെ സഹോദരഭാര്യയടക്കമുള്ള ബന്ധുക്കൾക്കെതിരേയും പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപണം ഉന്നയിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam