
തിരുവനന്തപുരം: കേരളം സന്ദര്‍ശിക്കാനെത്തിയ ജര്‍മ്മന്‍ യുവതിയെ കാണാതായ സംഭവം അന്വേഷിക്കാന്‍ പൊലീസ് പ്രത്യേക സംഘത്തെ നിയോഗിക്കും. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലെയും രേഖകൾ പൊലീസ് പരിശോധിച്ചു. യുവതിയുടെ കുടുംബത്തിന്റെ മൊഴിയെടുക്കാനും ശ്രമം തുടങ്ങിയിട്ടുണ്ട്.
മാര്‍ച്ച് ഏഴിന് തിരുവനന്തപുരത്തെത്തിയ ലിസ വെയ്സിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ജര്‍മ്മന്‍ കോണ്‍സുലേറ്റ് ഡിജിപിക്ക് കത്തയയ്ക്കുകയായിരുന്നു. ലിസയുടെ അമ്മയുടെ പരാതിയെത്തുടര്‍ന്നായിരുന്നു കോണ്‍സുലേറ്റിന്‍റെ നടപടി.
അന്വേഷണത്തില്‍ എന്തെങ്കിലും തുമ്പ് കണ്ടെത്താന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഈ സാഹചര്യത്തിലാണ് ശംഖുമുഖം അസിസന്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേകസംഘത്തെ അന്വേഷണത്തിന് നിയോഗിക്കാനുള്ള തീരുമാനം ഉണ്ടായിരിക്കുന്നത്.
യുവതിയുടെ അമ്മയുമായി വീഡിയോകോൺഫറൻസ് നടത്താനാണ് പൊലീസിന്റെ ശ്രമം. ഇതിനായി ജർമ്മൻ കോൺസുലേറ്റിന്റെ സഹായം തേടി. മതംമാറുന്നതുമായി ബന്ധപ്പെട്ട് ലിസ അമ്മയ്ക്ക് സന്ദേശം അയച്ചിരുന്നതായാണ് വിവരം. ഇത്തരം കാര്യങ്ങള്‍ സംബന്ധിച്ച് സ്ഥിരീകരണം വരുത്തുന്നതിന് വേണ്ടിയാണ് വീഡിയോ കോണ്‍ഫറന്‍സിംഗ് നടത്തുന്നത്.
രാജ്യത്തെ ഒരു വിമാനത്താവളം വഴിയും ലിസ തിരിച്ചുപോയിട്ടില്ലെന്നാണ് വിമാനത്താവള രേഖകൾ പരിശോധിച്ചതിൽ നിന്ന് പൊലീസിന് വ്യക്തമായത്. അമൃതാനന്ദമയി മഠം സന്ദർശിക്കാനാണ് എത്തിയതെന്നായിരുന്നു യുവതി കുടുംബത്തെ അറിയിച്ചിരുന്നത്. എന്നാൽ ലിസ എത്തിയിട്ടില്ലെന്ന് മഠം അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അമൃതാനന്ദമയി മഠവും വിനോദസഞ്ചാരമേഖലകളും കേന്ദ്രീകരിച്ചും പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. അതിനിടെ,ലിസയെ കണ്ടെത്താന്‍ സഹായം തേടി കോവളത്ത് കൊല്ലപ്പെട്ട വിദേശ വനിതയുടെ സഹോദരിയും ഫേസ്ബുക്കിലൂടെ രംഗത്തെത്തി.
ബ്രിട്ടീഷ് പൗരനായ സുഹൃത്തുമൊത്താണ് ലിസ വെയ്സ് മാർച്ച് 10ന് തിരുവനന്തപുരത്തെത്തിയതെന്നാണ് വിവരം. സുഹൃത്ത് മാർച്ച് 15ന് തിരികെ പോകുകയും ചെയ്തു. മെയ് 5ന് വിസ കാലാവധി തീർന്നിട്ടും ലിസ മടങ്ങിയെത്താത്തതിനെ തുടർന്നാണ് അമ്മ ജർമ്മൻ കോൺസുലേറ്റില്‍ പരാതി നല്‍കിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam