കൊങ്കൺ പാതയിലെ മണ്ണിടിച്ചില്‍; രണ്ട് സ്പെഷ്യല്‍ ട്രെയിനുകള്‍, സമാന്തര റെയിൽ പാത നിര്‍മ്മാണം പുരോഗമിക്കുന്നു

By Web TeamFirst Published Aug 29, 2019, 7:18 AM IST
Highlights

തിരുവനന്തപുരം – മംഗളൂരു റൂട്ടിൽ ഇന്ന് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തും. തിരുവനന്തപുരത്ത് നിന്നും മംഗലാപുരത്ത് നിന്നും കോട്ടയം വഴിയും ആലപ്പുഴ വഴിയും ഓരോ ട്രെയിനുകളാണ് സര്‍വീസ് നടത്തുക. 

കാസർകോട്: കൊങ്കൺ പാതയിൽ മംഗളൂരു കുലശേഖരയിൽ സമാന്തര റെയിൽ പാത നിർമ്മിക്കുവാനുള്ള ജോലികൾ പുരോഗമിക്കുന്നു. പാളത്തിലേക്ക് മണ്ണിടിഞ്ഞ് വീണ സ്ഥലത്താണ് 400 മീറ്റർ താത്കാലിക സമാന്തര പാത ഒരുക്കുന്നത്. പാത നിർമ്മാണത്തിനാവശ്യമായ സാമഗ്രികള്‍ റെയിൽവേ സ്ഥലത്ത് എത്തിച്ചിട്ടുണ്ട്. 

ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് സമാന്തര റെയിൽ പാതയുടെ ജോലികൾ പുരോഗമിക്കുന്നത്. ജോലികൾ പൂർത്തിയാക്കി റെയിൽപാത എന്ന് തുറക്കാനാകുമെന്ന കാര്യത്തിൽ ഇന്ന് വൈകുന്നേരത്തോടെ വ്യക്തത വരുമെന്നും റെയിൽവേ ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം, മംഗളൂരു - തിരുവനന്തപുരം റൂട്ടിൽ സ്പെഷ്യല്‍ ട്രെയിനുകൾ ഇന്ന് സർവീസ് നടത്തും. തിരുവനന്തപുരത്ത് നിന്നും മംഗലാപുരത്ത് നിന്നും കോട്ടയം വഴിയും ആലപ്പുഴ വഴിയും ഓരോ ട്രെയിനുകളാണ് സര്‍വീസ് നടത്തുക. 

ഈ റൂട്ടിലൂടെയുള്ള പല ട്രെയിനുകളും റദ്ദാക്കിയതോടെ യാത്രക്കാർ പ്രതിസന്ധിയിലായിരുന്നു. ഇതേത്തുടർന്നാണ് റെയിൽവേയുടെ തീരുമാനം. ഇന്ന് വൈകിട്ട് 5.05 ന് മംഗലാപുരം ജംങ്ഷനില്‍ നിന്നും പുറപ്പെടുന്ന ട്രെയിന്‍ ആലപ്പുഴ വഴിയാണ് തിരുവനന്തപുരം സെന്‍ട്രലിലെത്തുക. വൈകിട്ട് 3.30 ന് തിരുവനന്തപുരത്ത് നിന്നും പുറപ്പെടുന്ന ട്രെയിന്‍ കോട്ടയം വഴി മംഗലാപുരത്തേക്കും സര്‍വീസ് നടത്തും.

click me!