
തിരുവനന്തപുരം: തൊഴിലിടങ്ങളിൽ അപ്രതീക്ഷിതമായുണ്ടാവുന്ന കൈയ്യേറ്റങ്ങളെ അനായാസം നേരിടാൻ വനിതാ ഡോക്ടർമാർക്ക് പ്രത്യേകപരിശീലനം നൽകുന്നു. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ തിരുവനന്തപുരം ശാഖയും വിമൻ ഇൻ ഐ എം എ യും സംയുക്തമായാണ് തിരുവനനന്തപുരത്തെ അഗസ്ത്യം കളരിയുടെ സഹകരണത്തോടെ വനിതാ ഡോക്ടർമാർക്ക് സ്വയം പ്രതിരോധത്തിലും മന:ശ്ശക്തിയിലും പരിശീലനം സംഘടിപ്പിക്കുന്നത്. മാർച്ച് 18 ചൊവ്വാഴ്ചയാണ് പരിശീലന പരിപാടി.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിലെ സേവനത്തിനിടെ കൊലചെയ്യപ്പെട്ട 23കാരിയായ ഇന്റേൺഷിപ്പ് വിദ്യാർത്ഥിനി ഡോ.വന്ദനാ ദാസിനെ ഓർമ്മിച്ചു കൊണ്ടാണ് 'നിർഭയ' എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. 2023 മെയ് 10 ന് പുലർച്ചെയാണ് ഡോ വന്ദന ദാസ് ആശുപത്രിയിൽ കൊലചെയ്യപ്പെട്ടത്. മദ്യപിച്ചും ശരീരത്തിൽ മുറിവേറ്റും വഴിയോരത്ത് കണ്ടെത്തി പൊലീസ് വൈദ്യപരിശോധനയ്ക്ക് കൊണ്ടുവന്ന സ്കൂൾ അധ്യാപകനായ സന്ദീപാണ് അത്യാഹിത വിഭാഗത്തിൽ അക്രമകാരിയായത്.
ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെയും മറ്റൊരാളെയും സന്ദീപ് ആക്രമിച്ചു. ഡോക്ടർ വന്ദനയൊഴികെ ചുറ്റുമുള്ളവരെല്ലാം പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. എന്നാൽ ഡ്രസ്സിംഗ് റൂമിൽ നിന്ന് കത്രിക കൈക്കലാക്കിയ സന്ദീപ്, ഡോ. വന്ദനയെ അതുപയോഗിച്ച് നെഞ്ചിലും കഴുത്തിലും പതവണ കുത്തി പരിക്കേല്പിക്കുകയായിരുന്നു. വന്ദനയെ ഉടൻ വിദഗ്ദ്ധ ചികിത്സയ്ക്ക് വിധേയയാക്കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സ്ത്രീകൾ നേരിടുന്ന അപ്രതീക്ഷിതമായ ഇത്തരം സാഹചര്യങ്ങളെ ഫലപ്രദവും അനായാസവുമായി എങ്ങിനെ പ്രതിരോധിക്കാനാവുമെന്നും സ്വയരക്ഷ എങ്ങിനെ ഉറപ്പാക്കാനാവുമെന്നും കാണിച്ചു തരുന്ന പരിശീലനമാണ് തിരുവനന്തപുരത്തെ അഗസ്ത്യം കളരി നൽകുന്നത്. വന്ദന സംഭവത്തിന്റെ പുനരാവിഷ്കാരവും പരിപാടിയുടെ ഭാഗമായുണ്ടാവും. വിവിധ മേഖലകളിലെ സ്ത്രീകൾക്ക് ആത്മവിശ്വാസവും സ്വയം പ്രതിരോധ ശേഷിയും നൽകാനുതകുന്ന പരിശീലന പരിപാടി 'ശക്തി 'യെന്ന പേരിൽ കേരളത്തിലും രാജ്യത്താകമാനവും അഗസ്ത്യത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ചു വരികയാണ്.
കഴിഞ്ഞ രണ്ടു വർഷങ്ങൾക്കിടയിൽ പോലീസിനും വിവിധസേനാ വിഭാഗങ്ങൾക്കുമുൾപ്പെടെ നിരവധി പരിശീലന പരിപാടികളാണ് അഗസ്ത്യം കളരിയുടെ അഞ്ചാം തലമുറയിൽപ്പെട്ട ആയോധന പരിശീലകനും അഗസ്ത്യം ഫൗണ്ടേഷൻ സ്ഥാപകനുമായ ഡോ മഹേഷ് ഗുരുക്കളുടെ നേതൃത്വത്തിൽ ആവിഷ്കരിച്ച് നടപ്പിൽ വരുത്തിയത്. ചൊവ്വാഴ്ച വൈകുന്നേരം 6 മണി മുതൽ 8 മണി വരെ ജനറൽ ആശുപത്രിക്കെതിർവശത്തുള്ള ഐ എം എ ബ്രാഞ്ച് ഹാളിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നവർക്ക് ഡോ.മഹേഷ് ഗുരുക്കൾ നേരിട്ട് പരിശീലനം നൽകും.
ഡോക്ടർ വന്ദനദാസ് കൊലക്കേസിൽ വിചാരണ തുടങ്ങി, പരമാവധി ശിക്ഷ കിട്ടും വരെ നിയമ പോരാട്ടം തുടരുമെന്ന് മോഹൻദാസ്
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam