റംസിയുടെ മരണത്തിൽ സീരിയൽ താരത്തെ ചോദ്യം ചെയ്തു; ഫോൺ കോളുകൾ പരിശോധിച്ച് പൊലീസ്

By Web TeamFirst Published Sep 10, 2020, 4:04 PM IST
Highlights

റംസിയുടെ ആത്മഹത്യയില്‍ വരന്‍റെ വീട്ടുകാര്‍ക്കു പങ്കുണ്ടെന്ന് റംസിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. വരൻ ഹാരിസ് മുഹമ്മദിന്‍റെ സഹോദരന്‍റെ ഭാര്യ സീരിയൽ നടിയാണ്. 

കൊല്ലം: വരൻ വിവാഹത്തില്‍ നിന്ന് പിന്മാറിയതിനെത്തുടര്‍ന്ന് കൊട്ടിയത്ത് റംസി എന്ന യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവാവിന്‍റെ സഹോദരന്‍റെ ഭാര്യയായ സീരിയൽ നടിയെ ചോദ്യം ചെയ്തു. യുവാവിന്‍റെ മാതാവിനേയും ഉടൻ ചോദ്യം ചെയ്യും. കേസന്വേഷണം ഏറ്റെടുത്ത പ്രത്യേക അന്വേഷണ സംഘം ഫോണ്‍ വിളികളുടെ വിശദാംശങ്ങളും ശേഖരിച്ചു തുടങ്ങി. 

റംസിയുടെ ആത്മഹത്യയില്‍ വരന്‍റെ വീട്ടുകാര്‍ക്കു പങ്കുണ്ടെന്ന് റംസിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. വരൻ ഹാരിസ് മുഹമ്മദിന്‍റെ സഹോദരന്‍റെ ഭാര്യ സീരിയൽ നടിയാണ്. ഇവരുമായി റംസി നല്ല അടുപ്പത്തിലായിരുന്നു. ഇവര്‍ക്കൊപ്പം സീരിയൽ സെറ്റുകളില്‍ റംസി പോയിരുന്നു. ഇവരുടെ കൂടി സഹായത്തോടെയാണ് റംസിയ്ക്ക് ഗര്‍ഭ ഛിദ്രം നടത്തിയതെന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പ്രത്യേക അന്വേഷണ സംഘം സീരിയല്‍ നടിയെ ചോദ്യം ചെയ്തത്. ഇവരെ വീണ്ടും ചോദ്യം ചെയ്യാനും സാധ്യതയുണ്ട്. 

ഇവര്‍ തമ്മില്‍ നടന്ന ഫോണ്‍ വിളികളും സന്ദേശ കൈമാറ്റവും അന്വേഷണ സംഘം തെളിവായി എടുത്തിട്ടുണ്ട്. ഇതിനിടെ റംസിയുടെ ഫോണ്‍ വിശദാംശങ്ങളും പ്രത്യേക അന്വേഷണ സംഘം ശേഖരിച്ചു തുടങ്ങി. ആത്മഹത്യ ചെയ്യുന്നതിന് തൊട്ടുമുന്പ് റംസി ഹാരിസിനേയും ഹാരിസിന്‍റെ മാതാവിനേയും വിളിച്ചിരുന്നു. ഇവരുടെ ഫോണും പൊലീസ് കസ്റ്റഡിയിലെടുക്കും. പല കാരണങ്ങള്‍ പറഞ്ഞ് ഹാരിസും കുടുംബവും തന്നെ ഒഴിവാക്കാൻ നോക്കുകയാണെന്ന് റംസി പറയുന്ന ശബ്ദ സംഭാഷണവും പുറത്തു വന്നിട്ടുണ്ട്. 

ഹാരിസ് വ്യാജ വിവാഹ സര്‍ട്ടിഫിക്കറ്റ് ചമച്ചാണ് റംസിയെ ഗര്‍ഭഛിദ്രത്തിന് കൊണ്ടുപോയതെന്നും തെളിഞ്ഞിട്ടുണ്ട്. അറസ്റ്റിലായ ഹാരിസ് ഇപ്പോൾ റിമാന്‍ഡിലാണ്. കൂടുതല്‍ ചോദ്യം ചെയ്യാനായി ഇയാളെ ഉടൻ കസ്റ്റഡിയില്‍ വാങ്ങും. നിശ്ചയം കഴിഞ്ഞ ശേഷം വരൻ വിവാഹത്തിൽ നിന്ന് പിന്മാറിയതിനെത്തുടര്‍ന്ന് ഇക്കഴിഞ്ഞ മൂന്നാം തിയതിയാണ് റംസി കിടപ്പുമുറിയില്‍ തൂങ്ങി മരിച്ചത്. വരന്‍റെ വീട്ടുകാരാണ് റംസിയുടെ മരണത്തിന് ഉത്തരവാദിയെന്ന് കാട്ടി മാതാപിതാക്കള്‍ പരാതി നല്‍കിയെങ്കിലും കൊട്ടിയം പൊലീസ് അന്വേഷണത്തിന് തയാറായിരുന്നില്ല. 

റംസി അവസാനമായി ഹാരിസിയേും മാതാവിനേയും വിളിച്ച ഫോണ്‍ സംഭാഷണം സോഷ്യൽ മീഡിയയില്‍ വൈറലാവുകയും ജസ്റ്റിസ് ഫോര്‍ റംസി എന്ന പേരില്‍ ക്യാംപെയിൻ തുടങ്ങുരകയും ചെയ്ത ശേഷമാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. തുടര്‍ന്ന് 9 അംഗ പ്രത്യേക അന്വേഷണ സംഘത്തെ കേസ് അന്വേഷിക്കാൻ നിയോഗിക്കുകയായിരുന്നു.

click me!