
കോട്ടയം: മുന്നണി വിടില്ലെന്ന് ജോസ് കെ മാണി പക്ഷവും ജോസഫ് പക്ഷവും വിശദമാക്കുമ്പോഴും കേരള കോണ്‍ഗ്രസിലെ പിളര്‍പ്പ് തലവേദനയാവുന്നത് യുഡിഎഫിനാണ്. കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ക്ക് കാരണം കോണ്‍ഗ്രസ് ആണെന്ന് ആരോപിക്കുമ്പോഴും ഇരുപക്ഷത്തേയും നീക്കങ്ങള്‍ വിലയിരുത്തി കാത്തിരുന്നു കാണാമെന്ന നിലപാടാണ് എല്‍ഡിഎഫിനുള്ളത്.
ലോക്സഭാ സീറ്റ് വിഭജനസമയത്ത് പി ജെ ജോസഫിനെ കൊണ്ട് സീറ്റ് ആവശ്യപ്പെട്ട് മാണിയെ സമ്മർദ്ദത്തിലാക്കിയതിന് പിന്നിൽ കോൺഗ്രസ്സുണ്ടായിരുന്നു. അന്നത്തെ ശക്തമായ പോര് ഇപ്പോള്‍ പിളർപ്പിലേക്കെത്തുമ്പോൾ കോൺഗ്രസ്സും പ്രതിസന്ധിയിലാണുള്ളത്. ഇരുപക്ഷത്തോടും നടത്തിയ സമവായശ്രമങ്ങളിലെല്ലാം കോൺഗ്രസ് നേതൃത്വത്തിന് മുന്നണി വിടില്ലെന്ന ഉറപ്പ് കൃത്യമായി ജോസഫ്- ജോസ് പക്ഷങ്ങൾ നൽകിയിരുന്നു. പിളർന്നിട്ടും കേരള കോൺഗ്രസ്സ് മുന്നണിയിൽ തുടർന്ന ചരിത്രവുമുണ്ട്.
പക്ഷെ പുതിയ സാഹചര്യത്തിൽ ഇരുപക്ഷവും എത്രനാൾ ഒരുമിച്ച് ഒരുമുന്നണിയിൽ തുടരുമെന്ന ആശങ്ക യുഡിഎഫ് നേതൃത്വത്തിനുണ്ട്. അതിനാല്‍ തന്നെ ഇപ്പോൾ ഒരുപക്ഷത്തിനെയും പരസ്യമായി പിന്തുണക്കുകയോ എതിർക്കുകയോ ചെയ്യില്ലെന്ന നിലപാടാണ് യുഡിഎഫിനുള്ളത്. രണ്ടിലയിലെ രാഷ്ട്രീയനീക്കമനുസരിച്ചാവും കോൺഗ്രസ്സിൻറെ തുടർനിലപാടുകൾ എന്നാണ് വിലയിരുത്തല്‍. പുതിയ ചെയർമാനെ മാത്രമാണ് തെരഞ്ഞെടുത്തതെങ്കിലും നിയമസഭയിൽ ജോസ് കെ മാണി പക്ഷം സ്വീകരിക്കുന്ന നിലപാടും യുഡിഎഫിന് പ്രധാനമാണ്.
നിലവിൽ പിജെ ജോസഫിനാണ് നിയമസഭയിൽ കക്ഷിനേതാവിൻറെ ചുമതല. ജോസ് കെ മാണി പക്ഷത്തെ റോഷി അഗസ്റ്റിനാണ് പാർട്ടി വിപ്പ്. യുഡിഎഫ് യോഗത്തിൽ ആരൊക്കെ പങ്കെടുക്കണമെന്നതും തർക്കവിഷയാമാണ്. എന്നാല്‍ കേരള കോണ്‍ഗ്രസിലെ പിളര്‍പ്പില്‍ ഇപ്പോൾ കാഴ്ചക്കാരുടെ റോളിലാണ് എൽഡിഎഫുള്ളത്. കേരള കോൺഗ്രസ്സിലെ തുടർനീക്കങ്ങൾ സസൂക്ഷ്മം ഇടത്പക്ഷവും നിരീക്ഷിക്കുന്നുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ മതന്യൂനപക്ഷവോട്ടുകൾ കൈവിട്ട സാഹചര്യത്തിൽ ഏതെങ്കിലും വിഭാഗത്തെ ഒപ്പം നിർത്താനുള്ള നീക്കങ്ങളും ഇടത് ക്യാമ്പിൽ നിന്നും ഭാവിയിൽ ഉണ്ടാവുമെന്ന നിരീക്ഷണങ്ങളും സജീവമാണ്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam