ഫോട്ടോയുടെ പേരിലാണെങ്കിൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യട്ടെയെന്ന് വിഡി സതീശൻ. സിപിഎം നേതാക്കളെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഒരു പ്രാഥമിക കുറ്റപത്രം പോലും നൽകിയിട്ടില്ല. ശബരിമല സ്വർണക്കൊള്ള തെളിവ് ഇല്ലാതെ അവസാനിപ്പിക്കുമെന്നും വിഡി സതീശൻ
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട് യുഡിഎഫ് കൺവീനർ അടൂർ പ്രകാശിനെ ചോദ്യം ചെയ്താൽ മുഖ്യമന്ത്രിയെയും ചോദ്യം ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഫോട്ടോയുടെ പേരിലാണെങ്കിൽ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യട്ടെ. സിപിഎം നേതാക്കളെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഒരു പ്രാഥമിക കുറ്റപത്രം പോലും നൽകിയിട്ടില്ല. ശബരിമല സ്വർണക്കൊള്ള തെളിവ് ഇല്ലാതെ അവസാനിപ്പിക്കുമെന്നും വിഡി സതീശൻ പറഞ്ഞു.
സാമ്പത്തികമായി കേരളം തകർന്ന് തരിപ്പണമായി. ഈ പോക്കുപോയാൽ കേരളം 5 വർഷം കൊണ്ട് വൃദ്ധസദനമാകും. ഭാവി കേരളത്തെ കുറിച്ച് യാത്രയിൽ കൂടുതൽ ചർച്ചയാകും. യുഡിഎഫിന് ബദൽ പദ്ധതികളുണ്ട്. ഭാവി കേരളത്തിനായുള്ള സ്വപ്ന പദ്ധതികൾ യാത്രയിൽ പ്രഖ്യാപിക്കുമെന്നും വിഡി സതീശൻ പ്രതികരിച്ചു. എൻഎസ്എസ്, എസ്എൻഡിപി വിമർശനം വ്യക്തിപരമാണ്. തന്നെ ഇഷ്ടമല്ലാത്തതുകൊണ്ടാണ് വിമർശിക്കുന്നത്. യുഡിഎഫിനെ അല്ല വിമർശിക്കുന്നത്. വിമർശനങ്ങളിൽ ബോധ്യപ്പെടുത്താൻ പറ്റുന്നത് പറഞ്ഞു ബോധ്യപ്പെടുത്താറുണ്ടെന്നും വിഡി സതീശൻ പറഞ്ഞു.
ജമാഅത്തെ ഇസ്ലാമി പിന്തുണച്ചാൽ നിയമസഭ തിരഞ്ഞെടുപ്പിൽ സ്വീകരിക്കും. ജമാഅത്തെ ഇസ്ലാമിക്ക് മതരാഷ്ട്ര വാദം ഇല്ലെന്ന് അവർ പറഞ്ഞിട്ടുണ്ട്. അവരുടെ നിലപാടിൽ വ്യക്തതയുണ്ട്. മതരാഷ്ട്ര വാദ നിലപാടുള്ളപ്പോൾ ഇടതുപക്ഷത്തിനൊപ്പം ആയിരുന്നുവെന്നും വിഡി സതീശൻ പറഞ്ഞു.



